Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (25-3-22) ജില്ലാ അറിയിപ്പുകള്‍ (25-3-22)

റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം 27ന്
റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം 27ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്‌സ് ഫോര്‍ യു എന്ന സംഘടനയാണ്  എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ഒന്നര കോടി രൂപയിലധികം ചിലവഴിച്ച് റാന്നി താലൂക്ക് ആശുപത്രിക്ക് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ച് നല്‍കിയത്. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വിനിയോഗിച്ചിരുന്നു.
കോവിഡ് 19 രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍  രോഗം ഗുരുതരമായവര്‍ക്ക്  നല്‍കുന്ന ഓക്‌സിജന് ക്ഷാമമുണ്ടായി. മലയോരമേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായ റാന്നി താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് നല്‍കി സഹായിക്കണമെന്ന് എംഎല്‍എ സംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതാണ് ഇപ്പോള്‍  നിര്‍മാണം പൂര്‍ത്തിയായത്. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

ക്വട്ടേഷന്‍
പത്തനംതിട്ട, അടൂര്‍  ഭാഗ്യക്കുറി ഓഫീസുകളിലെ ഉപയോഗ ശൂന്യമായ ടിക്കറ്റുകളും പാഴ് കടലാസുകളും നീക്കം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 04682 322709

അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍) ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍)തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 30 രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.   യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര  ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 04734 – 231995.

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി  അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാനുള്ള സന്മനസുള്ളവര്‍ക്കായി വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അപേക്ഷ ക്ഷണിച്ചു.
അവധിക്കാലത്ത് ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം അനുഭവയോഗ്യമാക്കുന്നതിനായുളള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍.  വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക്   കൗണ്‍സലിംഗ്, ഫോസ്റ്റര്‍കെയര്‍ കുട്ടികളുമായുളള കൂടിക്കാഴ്ച എന്നിവയ്ക്ക് അവസരമൊരുക്കും. ചൈല്‍ഡ്    വെല്‍ഫെയര്‍ കമ്മറ്റി മുഖേന കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് വിടും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുന്നത്. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആണ്   ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.   കൂടുതല്‍ വിവരങ്ങള്‍ക്ക്  ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന   ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468-2319998,7012374037, 8589990362 ഈ നമ്പറുകളിലോ ബന്ധപ്പെടാം.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റില്‍ 455455615  രൂപ വരവും 446188800 രൂപ ചെലവും 9266815 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഉദയരശ്മി അനില്‍കുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു.
ഭുരഹിത ഭവനരഹിതര്‍ക്കും ഭവനമില്ലാത്തവര്‍ക്കം വസ്തുവും വീടും നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 1 കോടി 90 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി 6910000 രൂപ വകയിരുത്തി. ഏനാദിമംഗലം ഹണി എന്ന ബ്രാന്‍ഡില്‍ തേനീച്ച വളര്‍ത്തലിനും സംസ്‌കരണത്തിനും വേണ്ടി 2500000 രൂപ വകയിരുത്തി.
ക്ഷീരമേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, വെര്‍മി ബെഡ് തുടങ്ങിയ പദ്ധതികള്‍ക്കായി 5650000 രൂപ ഉള്‍പ്പെടുത്തി. കുടുംബശ്രീ പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് 12.5 കോടി രൂപ വകയിരുത്തി. അടൂര്‍ താലൂക്കിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ കുന്നിട  അഞ്ചുമലപ്പാറ ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതി വഴി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പഞ്ചായത്തിനു വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഒരു കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. ശുചിത്വം, മാലിന്യ സംസ്‌കരണം മേഖലയില്‍ എം.സി.എഫ് നിര്‍മാണം, എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ്, അറവുശാല, മാലിന്യം കൊണ്ടുപോകുന്നതിനായി വാഹനം വാങ്ങല്‍ ഉള്‍പ്പെടെ 85 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്ത് പ്രദേശത്ത് ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നതിനായി 12 കോടി രൂപ വകയിരുത്തി. പഞ്ചായത്തിലെ റോഡ് വികസനത്തിനായി 1 കോടി 90 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് 5 കോടി 51 ലക്ഷം രൂപ വകയിരുത്തി.

വാര്‍ഷികബജറ്റ്
പ്രമാടം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ കരട് വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു.  275758276 രൂപ വരവും,  271790875 രൂപ ചെലവും  39,67401 രൂപ നീക്കി ബാക്കി വരുന്ന മിച്ച ബജറ്റ് അവതരിപ്പിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ ഉല്‍പാദനമേഖലകളിലായി 65 ലക്ഷം രൂപ വകയിരുത്തി. ശുചിത്വം, മാലിന്യസംസ്‌ക്കരണം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലായി 50 ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിക്കായി രണ്ടു കോടിരൂപ വകയിരുത്തി. റോഡ് സംരക്ഷണത്തിനായി 2.57കോടി രൂപവകയിരുത്തി. മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡ് ഇനങ്ങളിലായി 76 ലക്ഷം രൂപയും വിദ്യാഭ്യാസം, കല സംസ്‌ക്കാരം എന്നിവയ്ക്ക് 20 ലക്ഷം രൂപ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ബജറ്റില്‍ ആധുനിക ഇലക്ട്രിക് ശ്മശാനത്തിനായി 25 ലക്ഷംരൂപയും അറവ്ശാല നിര്‍മാണത്തിനായി 15 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി 102.80 കോടി രൂപയും പ്രമാടം ഗവ. എല്‍പി സ്‌കൂളിലെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരുകോടി രൂപ പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത് ബജറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് അറിയിച്ചു.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : മെക്കാനിക്കല്‍  എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ
ത്രിവത്സര ഡിപ്ലോമ. ( കാഡ് സോഫ്റ്റ് വെയറുകളുടെ  പരിജ്ഞാനം             അഭികാമ്യം). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 04734  231995.

 

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (ഹോമിയോ) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ – 180/2017) തസ്തികയിലേക്ക് 18/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 924/2018/എസ്.എസ്.രണ്ട് ) നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട അവസാന ഉദ്യോഗാര്‍ഥി 06.03.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 06.03.2019തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നമ്പര്‍ – 196/2018)  തസ്തികയുടെ 30.04.2021 തീയതിയില്‍ നിലവില്‍ വന്ന 189/2021/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ  ഉദ്യോഗാര്‍ഥി 01.09.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ  തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും  റാങ്ക് പട്ടികയില്‍നിന്നും  മുസ്ലീം വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 01.09.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ 9190-15780 രൂപ ശമ്പള നിരക്കിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട്  (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍ – 016/2014)  തസ്തികയുടെ തെരഞ്ഞെടുപ്പിനായി 06.02.2018തീയതിയില്‍ നിലവില്‍ വന്ന 108/18/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 അര്‍ദ്ധരാത്രി അവസാനിച്ചിട്ടുള്ളതിനാല്‍  ഈ റാങ്ക് പട്ടിക  05.08.2021 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഒന്‍പതാം ക്ലാസിലേക്ക്  നവോദയ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക്  ഏപ്രില്‍ ഒന്‍പതിന്   നടക്കുന്ന  പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ  www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും  ഡൗണ്‍ ലോഡ് ചെയ്യണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.
  ഗതാഗത നിയന്ത്രണം
ദേശീയപാതയുടെ  നവീകരണ പ്രവര്‍ത്തിയോട് അനുബന്ധിച്ചുളള  ഓട-കലുങ്ക് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി വടശേരിക്കര ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപം റോഡിന്റെ പകുതി ഭാഗം മുറിച്ച് കള്‍വെര്‍ട്ട് നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിക്കേണ്ടതിനാല്‍ മാര്‍ച്ച് 30 മുതല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊട്ടാരക്കര എന്‍.എച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!