Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 26/3/2022)

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം മുന്നില്‍ – മന്ത്രി കെ. എന്‍. ബാലഗോപാല്‍
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നിലാണ് സംസ്ഥാനമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്തിന്റേയും ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ലൈഫ്-പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്കുള്ള പദ്ധതി ബോധവത്കരണവും ഭരണഘടനാ സാക്ഷരതാ പരിപാടിയും ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്, ഭൂമി, ചികിത്സാ സഹായം, അതിദരിദ്രര്‍ക്ക് കൈത്താങ്ങ് തുടങ്ങി സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന സഹായ പ്രവര്‍ത്തനമാണ് തടസ്സമില്ലാതെ തുടരുന്നത്. ദേശീയപാത വികസനത്തിന്റെ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നുണ്ട്. വിവിധ പെന്‍ഷനുകളും ഇതര ആനുകൂല്യങ്ങളും കൃത്യമായി നല്‍കി വരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഉള്‍പ്പടെ സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീടിന്റെ പ്രതീകാത്മക താക്കോല്‍ദാനവും ഭൂരേഖ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. ഭരണഘടനാ സാക്ഷരത ബോധവ്തകരണവും ചിലവ് കുറഞ്ഞ ഭവന നിര്‍മാണം സംബന്ധിച്ച ക്ലാസും അനുബന്ധമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി. കെ. സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ ആര്‍. സുലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുനലൂരില്‍ അര്‍ബന്‍ പി.എച്ച്.സിയും
ഉച്ച കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന ഔട്ട്‌പേഷ്യന്റ് സംവിധാനവുമായി പുനലൂരില്‍ അര്‍ബന്‍ പി. എച്ച്. സെന്റര്‍ തുടങ്ങുന്നു. മലയോരമേഖലയിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിനായി നഗരസഭാപരിധിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.  കലയനാട്പബ്ലിക് ലൈബ്രറിയുടെ താഴത്തെ നിലയില്‍ 1500  ചതുരശ്രയടി സൗകര്യത്തില്‍ ഒരുക്കുന്ന സംവിധാനം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭ 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്.  ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേനയാണ്. എല്ലാദിവസവും ഉച്ചയ്ക്കുശേഷം രണ്ട് മണി മുതലാണ് ഒ. പി ആരംഭിക്കുക. രണ്ട് ഡോക്ടര്‍മാര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ഉള്‍പ്പെടെ 15 ജീവനക്കാരുടെ സേവനം ലഭ്യമാകും.
മലയോര മേഖലയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് ചികിത്സ തേടാനുള്ള സൗകര്യാര്‍ത്ഥമാണ് ഉച്ചയ്ക്കുശേഷം ഒ. പി. സൗകര്യം ഒരുക്കുന്നത്. വരും വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ അരികിലേക്ക് ചികിത്സ സൗകര്യങ്ങള്‍ എത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ചികിത്സാകേന്ദ്രമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രഞ്ജന്‍ പറഞ്ഞു.

 

എല്ലാവരെയും ബിരുദധാരികളാക്കാന്‍ പടിഞ്ഞാറേകല്ലട പഞ്ചായത്ത്
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അമ്പത് വയസില്‍ താഴെയുള്ള മുഴുവന്‍ പേരെയും  ബിരുദധാരികളാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഉള്‍പ്പെടുത്തിയ ബജറ്റുമായി പടിഞ്ഞാറേകല്ലട പഞ്ചായത്ത്. ബിരുദപഠനം പൂര്‍ത്തിയായവരെ ബിരുദാനന്തര ബിരുദധാരികളാക്കാനും ലക്ഷ്യമിടുന്നു. കോഴ്‌സിന്റെ ഫീസ് തുകയുടെ പകുതി പഞ്ചായത്തും പകുതി സര്‍വകലാശാലയും വഹിക്കും.
ഇതുള്‍പ്പടെ ആരോഗ്യ-വിദ്യഭ്യാസ-ശുചിത്വ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് 29.56 കോടി രൂപയുടെ ബജറ്റിനാണ് അംഗീകാരം. പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം  സ്ഥാപിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി, പൊതുശ്മശാനം, സ്മാര്‍ട്ട് അങ്കണവാടി,  ഹോമിയോ ആശുപത്രി, കായല്‍ബണ്ട് സംരക്ഷണം, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി, കരിമ്പ്, പാല്‍ ഉല്പാദനം എന്നിവയും ലക്ഷ്യമിടുന്നു.
പ്രാരംഭബാക്കി ഉള്‍പ്പടെ 29.55 കോടി രൂപ വരവും 29.34 കോടി ചെലവും 2104670 രൂപ നീക്കി ബാക്കിയും വരുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് എല്‍.സുധ അവതരിപ്പിച്ചു.റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ലാന്‍ഡ് റവന്യൂ വകുപ്പിലെ എല്‍.ഡി.സി/വില്ലേജ് അസിസ്റ്റന്റ് ( കാഴ്ചക്കുറവ്/ശ്രവണവൈകല്യം/ലോക്കോമോട്ടര്‍ഡിസെബിലിറ്റി/സെറിബ്രല്‍ പാള്‍സി എന്നിവയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 413/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസ് അറിയിച്ചു

 

 

 

റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ( വിമുക്ത സൈനികര്‍ മാത്രം) (എന്‍.സി.എ ഷെഡ്യൂള്‍ഡ് കാസ്റ്റ്) (കാറ്റഗറി നമ്പര്‍ 110/16) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസ് അറിയിച്ചു.ശില്പശാല സംഘടിപ്പിച്ചു
ജില്ല പ്രൊബേഷന്‍ ഓഫീസിന്റെയും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍  ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഓള്‍-സീസണ്‍ ഹോട്ടലില്‍  ശില്പശാല സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നീ വിഷയങ്ങളിലായിരുന്നു ശില്‍പശാല.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ എം. ബി. സ്‌നേഹലത ഉദ്ഘാടനം ചെയ്തു. ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍മോഹന്‍ അധ്യക്ഷനായി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. സുജിത്ത് ക്ലാസെടുത്തു. സെക്രട്ടറി സി.ആര്‍ ബിജുകുമാര്‍, പ്രൊബേഷന്‍ ഓഫീസര്‍  സിജു ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രാദേശിക വികസനത്തിന് ഭരണാനുമതി
എന്‍.കെ.പ്രേമചന്ദ്രന്‍-കൊടിക്കുന്നില്‍ സുരേഷ് എന്നീ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി. ചവറ ഗ്രാമപഞ്ചായത്തിലെ മുറുക്കനാല്‍ ജംഗ്ഷന്‍-ഡീസെന്റ്മുക്ക് റോഡ് നിര്‍മാണത്തിനായി 3,45,000 രൂപ, ചിതറ ഗ്രാമപഞ്ചായത്ത് തനിമ പബ്ലിക് ലൈബ്രറി, കിഴുനില ജംഗ്ഷനില്‍ മിനി മാക്‌സ് ലൈറ്റ് എന്നിവയക്ക് യഥാക്രമം 10 ലക്ഷം, 3,39,900 രൂപയും  എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ അനുവദിച്ചതിലാണ് അനുമതിയായത്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തോട്ടുമുഖം ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 2,06,900 രൂപയ്ക്കും ഭരണാനുമതിയായി.

 

കൃഷിക്കും ആരോഗ്യത്തിനും ഭവന പുനരുദ്ധാരണത്തിനും മുന്‍ഗണന
ഭിന്നശേഷി സൗഹൃദ ബജറ്റുമായി ചവറ ബ്ലോക്ക് പഞ്ചായത്ത്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആറര ലക്ഷം തൊഴില്‍ ദിനങ്ങളോടെ, ഇരുപത്തിനാല് മണിക്കൂറും വെറ്റിനറി പൊളി ക്ലിനിക് സേവനം, ഭവന പുണരുദ്ധാരണം, ജലാശയങ്ങളുടെ നവീകരണം, ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സമ്പൂര്‍ണ പാല്‍ സബ്സിഡി ബ്ലോക്ക് വിഹിതം, വനിതാ സംരംഭകര്‍ക്കു തൊഴില്‍ സംരംഭം, എല്ലാ ബ്ലോക്ക് ഡിവിഷനിലും ഹൈടെക് അംഗനവാടികള്‍, മത്സ്യ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍, സമ്പൂര്‍ണ പാര്‍പ്പിടം പദ്ധതി, നീന്തല്‍, കയാകിംഗ് പരിശീലന കേന്ദ്രങ്ങള്‍, പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം,ഭിന്ന ശേഷി കുട്ടികള്‍ക്ക് ആധുനിക സൗകര്യത്തോടെ ‘സ്വപ്ന കൂടാരം’, ‘ശ്രുതി തരംഗം സ്വാന്തനം’-കോക്ലിയര്‍ ഇന്‍ പ്ലാന്റേഷന്‍ കഴിഞ്ഞ കുട്ടികള്‍ക്ക് സഹായം, പ്രധാന സ്റ്റേഷനുകളില്‍ ടേക്ക് എ ബ്രേക്ക്. ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം, നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ട്രോമകെയര്‍ യൂണിറ്റ്, പൊതുസ്ഥാപനങ്ങളില്‍ ഇളനീര്‍ തൊപ്പ്, ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം എന്നീ പദ്ധതികളുമായി നാല്പത്തി മൂന്ന് കോടി രൂപ വരവും, നാല്പത്തി രണ്ടു കോടി തൊണ്ണൂര്‍ ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സോഫിയ സലാം അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ തങ്കച്ചി പ്രഭാകരന്‍, തുളസിധരന്‍ പിള്ള സ്ഥിരം സമിതി അധ്യക്ഷരായ എം. പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍രാജ്, നിഷാ സുനീഷ്, ഷാജി എസ്സ് പള്ളിപ്പാടന്‍, ജിജി. ആര്‍, പ്രിയാ ഷിനു, സുമയ്യ അഷ്റഫ്, സജി അനില്‍,ആര്‍ രതീഷ്,സീനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ശുചിത്വത്തിനും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കി പൂതക്കുളം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്
ശുചിത്വത്തിനും ജലസംരക്ഷണത്തിനും ഭവന നിര്‍മാണത്തിനും പ്രാധാന്യം നല്‍കുന്ന ബഡ്ജറ്റണ് ഈ വര്‍ഷം പൂതക്കുളം ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ച്ത്. സേവന മേഖലയില്‍ ഭവന നിര്‍മാണത്തിനും ആരോഗ്യ മേഖലയില്‍ പകര്‍ച്ച വ്യാധി നിയന്ത്രണത്തിനും പ്രാധാന്യം നല്‍കുന്നു . ശുചിത്വം, കുടിവെള്ള മേഖലകള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു . സേവന മേഖലയില്‍ ആകെ 9.47കോടി , കെട്ടിട നവീകരണ പ്രവര്‍ത്തികള്‍ക്കായി 1.31 കോടി, പുതിയ റോഡുകള്‍, കെട്ടിട നിര്‍മാണം എന്നിവയ്ക്കായി 1.24 കോടി എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയിരിക്കുന്നത്. ശ്മശാന നിര്‍മാണത്തിനും അറവുശാലയ്ക്കും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ ഒരു കോടിയില്‍പരം തുക മാറ്റി വെച്ചു.
27,74,05,599 രൂപ വരവും 26,95,85,250 ചെലവും 78,20,349 രൂപ നീക്കി ബാക്കിയും വരുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മയുടെ അദ്ധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് വി.ജി ജയ അവതരിപ്പിച്ചു.യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി വി. ജി ഷീജ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഡി. സുരേഷ് കുമാര്‍, ജീജസന്തോഷ്,ലൈല ജോയി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ലോക നിലവാരത്തിലേക്കുയരാന്‍ കൊല്ലം’ വിഭാവനം ചെയ്ത് കോര്‍പ്പറേഷന്‍ ബജറ്റ്
വരുന്ന നാല് വര്‍ഷത്തിനകം നഗരത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കുതിപ്പ് വിഭാവനം ചെയ്ത കൊല്ലം കോര്‍പ്പറേഷന്‍ ബജറ്റ്. പരിസ്ഥിതി സൗഹൃദവും, ആരോഗ്യ-വിദ്യാഭ്യാസ- കലാ -സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തി നഗരത്തിന്റെ പാരമ്പര്യവും പ്രൗഢിയും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളോടെയാണ് ബജറ്റ് വിഭാവനം ചെയ്തതെന്ന് അവതരണ വേളയില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു പറഞ്ഞു.
കൊല്ലത്തിന്റെ അഭിമാന പദ്ധതിയായ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 319200000 രൂപയാണ് വകയിരുത്തുന്നത്. ശുചിത്വ നഗരമെന്ന ലക്ഷ്യത്തിലേടുക്കാന്‍ ശുചിത്വ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 137267140, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 84400000 ,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 400000000, ഭവന നിര്‍മ്മാണത്തിന് 504000000, ജനറല്‍ വിഭാഗത്തിന് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 124050000, മൊബിലിറ്റി ഹബ്ബിന് 300000000, ചിന്നക്കട ക്ലോക്ക് ടവര്‍ കേന്ദ്രത്തില്‍ നിന്ന് ടൂര്‍ പ്രോഗ്രാം തയ്യാറാക്കി 55 ഡിവിഷനുകളെയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതിക്ക് 233800020, ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ പദ്ധതിയിലൂടെ അഷ്ടമുടി കായല്‍ നവീകരണത്തിന് 54500000, കൂടാതെ 55 ഡിവിഷനുകളിലെ വിവിധ കുളങ്ങളുടെ നവീകരണം, കൊല്ലം തോട് മുതല്‍ അഷ്ടമുടിക്കായലിലെ മൗത്ത് വരെ ഇരുവശങ്ങളിലും പാര്‍ശ്വഭിത്തി നിര്‍മ്മാണം, അഷ്ടമുടിയുടെ തീരത്തെ കടവുകള്‍ സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരണം, വട്ടക്കായല്‍, കട്ടക്കായല്‍ പാര്‍ശ്വഭിത്തി നിര്‍മാണം, ആശ്രാമം അഷ്ടമുടി തീരത്ത് സൈഡ് വാള്‍ കെട്ടി സൗന്ദര്യവല്ക്കരണം, കുരീപ്പുഴ- വടക്കേച്ചിറ- തെക്കേച്ചിറ എന്നീ ജലാശയങ്ങള്‍ സംരക്ഷിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം എന്നിവയ്ക്കും തുക വകയിരുത്തി.
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് 25 ലക്ഷം, ചെറുകിട വ്യവസായ വികസനത്തിന് 89698858 കോടി, തൊഴില്‍ പരിശീലനം നല്‍കുന്ന ദീപങ്ങള്‍ പദ്ധതിക്ക് 11385000 കോടി, സ്‌കില്‍ ടെക് പദ്ധതിക്ക് 59950000 കോടി, വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് 59335000 കോടി, നഗര വെളിച്ചം പദ്ധതിക്ക് ഒരു കോടി 50 ലക്ഷം, ആരോഗ്യപരിപാലനത്തിന് 4.51 കോടി, അഗതിരഹിത കേരളം പദ്ധതിക്ക് കോര്‍പ്പറേഷന്‍ മേഖലയില്‍ 30 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 2.57 കോടി, നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നതിന് പത്ത് ലക്ഷം, നാടക കലാകാര•ാരുടെ പ്രോത്സാഹനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും 16 ലക്ഷം, വാതില്‍പ്പടി സേവനത്തിന് ഒരു കോടി, പട്ടികജാതി പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി ഈ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങിന് പത്ത് ലക്ഷം, വൃദ്ധജനങ്ങളുടെ സംരക്ഷണത്തിന് 25 ലക്ഷം, പരമ്പരാഗത തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതിന് രണ്ട് കോടി, റോഡുകള്‍ വൃത്തിയാക്കുന്നതിനുള്ള ആധുനിക സ്വീപ്പിങ് മെഷീന്‍ വാങ്ങുന്നതിന് 70 ലക്ഷം, വിശപ്പ് രഹിത നഗരത്തിന് 5018750, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് സാധനസാമഗ്രികള്‍ വാങ്ങുന്നതിന് 63 ലക്ഷം, മൃഗസംരക്ഷണത്തിന് 6806000, ഗുണമേ•യുള്ള ഭക്ഷണം രാത്രികാലത്ത് നല്‍കുന്ന ഇടങ്ങള്‍ ആരംഭിക്കുന്നതിന് ഒരു കോടി, വിദ്യാഭ്യാസമേഖലക്ക് 23545450, ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 10250000, വഴിവാണിഭക്കാരുടെ പുനരധിവാസത്തിന് 3 കോടി, അംഗന്‍വാടികള്‍ക്ക് 22400000, വിധവ പെന്‍ഷന് 198296780, ബാലസൗഹൃദ നഗരസഭയ്ക്ക് 50 ലക്ഷം, വിവിധ ഡിവിഷനുകളില്‍ ആധുനിക ജിംനേഷ്യങ്ങള്‍ക്ക് ഒരു കോടി, മാര്‍ക്കറ്റുകളുടെയും ഷോപ്പിങ് കോംപ്ലക്‌സുകളുടെയും നവീകരണത്തിന് പ്രത്യേകം തുക, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശൗചാലയ നിര്‍മ്മാണത്തിന് 1000000, തൊഴില്‍ പരിശീലനത്തിന് അഞ്ച് ലക്ഷം, മത്സ്യബന്ധന മേഖലയുടെ വികസനത്തിന് 20800000, കൗണ്‍സിലേഴ്‌സ് ഫണ്ടിലേക്ക് 5500000 എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
മതിപ്പ് ബജറ്റ് പ്രകാരം 1467687205 രൂപ മുന്‍ ബാക്കിയും 12928155579 രൂപ വരവും 11934122015 രൂപ ചെലവും 994033564 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി

 

വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍
ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30, 31 തീയതികളില്‍ യഥാക്രമം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും, മേവറം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പകല്‍ 10 മണി മുതല്‍ ഒരു മണി വരെ നടക്കും.
ഇരു ക്യാമ്പുകളും സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ എസ്.നായര്‍ മുഖ്യപ്രഭാഷണം നടത്തും. മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയു എല്‍ഡര്‍ ലൈനിന്റെയും സേവനങ്ങള്‍ സംബന്ധിച്ച കിയോസ്‌ക് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ ഉദ്ഘാടനം ചെയ്യും. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ വിശിഷ്ടാതിഥിയാകും.
ക്യാമ്പുകളില്‍ ബ്ലഡ്ഷുഗര്‍, ബി.പി സൗജന്യ പരിശോധന ലഭ്യമാണ്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ ഡോക്ടര്‍മാരുടെയും, മേവറം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെയും സൗജന്യ പരിശോധന ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് : ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം, ഫോണ്‍: 0474-2538000. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, മേവറം, ഫോണ്‍ : 9495935890.
ക്യാമ്പിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കിയോസ്‌കില്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും സ്‌നേഹവും സംരക്ഷണവും 2007ലെ നിയമപ്രകാരമുള്ള പുതിയ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: റവന്യൂ ഡിവിഷന്‍ ഓഫീസ്, കൊല്ലം, ഫോണ്‍: 0474 2793461.

 

കരുത്തും കരുതലുമായി സഖി ഒപ്പമുണ്ട്
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ വനിതാ-ശിശു വികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘സഖി’ വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ശാരീരിക-മാനസിക ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളും 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും എട്ടു വയസ്സിനുതാഴെയുള്ള ആണ്‍കുട്ടികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും.
പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ :-
• അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായവും പിന്തുണയും ഉറപ്പുവരുത്തുക.
• അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സമയോചിത ഇടപെടലിലൂടെ സംരക്ഷണം ഉറപ്പുവരുത്തി പുനരധിവാസം സാധ്യമാക്കുക.
• വൈദ്യ സഹായം, നിയമ സഹായം, പോലീസ് സഹായം, കൗണ്‍സിലിംഗ്, താമസസൗകര്യം ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തുക.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ അടിയന്തര ഇടപെടല്‍ ഉറപ്പുവരുത്തും. ഇരകള്‍ക്ക്് പൊതുപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, പോലീസ്, സുഹൃത്തുക്കള്‍ മറ്റു സന്നദ്ധ സംഘടനകള്‍ വഴി പരാതി അറിയിക്കാം.  നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് ഫോണ്‍ വഴിയും  രജിസ്റ്റര്‍ ചെയ്യാം. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, രാമ റാവു മെമ്മോറിയല്‍ താലൂക്ക് ഹോസ്പിറ്റല്‍, നെടുങ്ങോലം, പരവൂര്‍ പി.ഒ വിലാസത്തിലോ 0474 2957827 നമ്പരിലോ ബന്ധപ്പെടാം.
വനിതാ ശിശുവികസന വകുപ്പിന്റെ പിരധിയില്‍ നടപ്പിലാക്കി വരുന്ന ധനസഹായ പദ്ധതിയായ ആശ്വാസനിധിയിലൂടെ ലൈംഗിക-ആസിഡ് ആക്രമണം, ഗാര്‍ഹിക
പീഡനം, ലൈംഗികവിവേചനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധനസഹായം ലഭിക്കും. സ്ത്രീകളുടെ അപേക്ഷ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. കുട്ടികളുടേത് ജില്ല ശിശുസംരക്ഷണ ഓഫീസര്‍ക്കും.

(പി.ആര്‍.കെ.നമ്പര്‍ 817/2022)

മോക്ക് ഡ്രില്ലിലൂടെ സുരക്ഷ ഉറപ്പാക്കി ദുരന്തനിവാരണ അതോറിറ്റി
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍പുനലൂര്‍ താലൂക്ക് ഓഫീസില്‍ തീപിടിത്ത മോക്ക് ഡ്രില്‍ നടത്തി. തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, അഗ്‌നിശമന വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി ടേബിള്‍ ടോപ്പ് യോഗം ചേര്‍ന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഒബ്‌സര്‍വര്‍ ആയി നിയമിച്ചായിരുന്നു മോക്ക് ഡ്രില്‍.
രാവിലെ 10.30ഓടെ താലൂക്ക് ഓഫീസിന്റെ ഒന്നാം നിലയില്‍ തീ ശ്രദ്ധയില്‍പ്പെട്ട വിവരം അഗ്‌നിശമന വിഭാഗത്തെയും പുനലൂര്‍ താലൂക്ക് ഹെഡ്ക്വാട്ടോഴ്‌സിലും അറിയിച്ചു.  അതോടെ പുനലൂര്‍ താലൂക്ക്തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തു. താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഫയര്‍ എക്‌സിറ്റ് കോണിയിലൂടെ അസംബ്ലി പോയിന്റ്റില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി തീകെടുത്തി.
അഗ്‌നിശമന ഉദ്യോഗസ്ഥര്‍ ഓഫീസിനകത്തു നിന്ന് ഒരു വ്യക്തിയെ ബോധരഹിതനായി കണ്ടെത്തി. അദ്ദേഹത്തെപുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. തുടര്‍ന്ന് അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും ഓഫീസ് സുരക്ഷിതമായെന്നും പുനലൂര്‍ അഗ്‌നിശമന സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍സിഡന്റ് കമാന്‍ഡറായ പുനലൂര്‍ തഹസില്‍ദാറിനെ അറിയിച്ചു. തുടര്‍ന്ന് 11.15ഓടെ എമേര്‍ജന്‍സി ലിഫ്റ്റ് ചെയ്തതായി ഇന്‍സിഡന്റ് കമാന്‍ഡര്‍ അറിയിച്ചു.
മോക്ക് പരിശീലനത്തില്‍ പുനലൂര്‍ തഹസില്‍ദാര്‍ നസിയ കെ. എസ്., ദുരന്തനിവാരണ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയലക്ഷ്മി, ഹെഡ്ക്വാര്‍ട്ടര്‍സ് ഡെപ്യൂട്ടി തഹസില്‍ദാര്‍  രാജേന്ദ്രന്‍ പിള്ള, ജൂനിയര്‍ സൂപ്രണ്ട് പ്രകാശ് കുമാര്‍, പുനലൂര്‍ അഗ്‌നിശമന സ്റ്റേഷന്‍ ഓഫീസര്‍ മനു എ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, സ്റ്റേഷന്‍ ഓഫീസര്‍ ശിവകുമാര്‍, പുനലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഹരീഷ് ജി, പുനലൂര്‍ ജോയിന്റ് ആര്‍ ടി ഒ ഷെരീഫ് എം, മെഡിക്കല്‍ സൂപ്രണ്ട്  ഷെഫീര്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

error: Content is protected !!