Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ (26/03/2022)

50660 പേര്‍ ഇന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് -മികവുത്സവം  മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

കേന്ദ്ര- സംസ്ഥാന സംയുക്ത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ മികവുത്സവം- സാക്ഷരതാ പരീക്ഷയില്‍  പാലക്കാട് ജില്ലയില്‍ ഇന്ന് 50660 പഠിതാക്കള്‍ പങ്കെടുക്കും. മികവുത്സവം- സാക്ഷരതാ പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി നല്ലമാടന്‍ചള്ള എസ്.എന്‍.യു.പി സ്‌ക്കൂളില്‍  27 ന്  10 ന് വൈദ്യുതിവകുപ്പ് മന്ത്രി. കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പഠിതാക്കള്‍ക്കുള്ള ചോദ്യപേപ്പര്‍ വിതരണം ചെയ്യും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷയാകും . ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി .മുരുകദാസ് മുഖ്യാതിഥിയാവും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ പഠിതാക്കള്‍ക്കുള്ള ചോദ്യപേപ്പര്‍ വിതരണം ചെയ്യും.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി  എം രാമന്‍കുട്ടി സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍  മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  കെ സുരേഷ്,  ഷീബ രാധാകൃഷ്ണന്‍,  ഉഷ നന്ദിനി, ചിറ്റൂര്‍ ബ്ലോക്ക് മെമ്പര്‍ സരിത, പഞ്ചായത്തംഗങ്ങളായ  കെ നാരായണന്‍കുട്ടി,  പ്രിയ വി പി, ശ്രീമതി ഷൈലജ, വിനോദ് ബാബു, ശശികുമാര്‍ ആര്‍, കാഞ്ചന കെ,  ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പ്രാര്‍വ്വതി പി വി,  ജില്ലാ സമിതി അംഗം ഒ വിജയന്‍,  ഹെഡ്മിസ്ട്രിസ് കെ ബി ജീജ ടീച്ചര്‍, നോഡല്‍പ്രേരക് രമ വി, പഞ്ചായത്ത് ആര്‍. പി  മോചിത എം, അംബിക, പ്രേരക് കല പി എന്നിവര്‍ പങ്കെടുക്കും. പരീക്ഷയ്ക്ക് എത്തുന്ന മുതിര്‍ന്ന പഠിതാക്കളെ ആദരിക്കും.

ആലത്തൂര്‍ ബ്ലോക്കിലെ മികവുത്സവം ഉദ്ഘാടനം പുതിയങ്കം ജി.യു.പി സ്‌ക്കൂളില്‍ വെച്ച് ആലത്തൂര്‍ എം.എല്‍.എ കെ ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വ്വഹിക്കും, നെന്‍മാറ ബ്ലോക്കില്‍ പല്ലാവൂര്‍ ജി.എല്‍.പി സ്‌ക്കൂളില്‍ എം.എല്‍.എ  കെ ബാബു   എം.എല്‍.എ 09.30 ന് മികവുത്സവം ഉദ്ഘാടനം ചെയ്യും. മറ്റ് വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ എം.എല്‍.എ മാരും, നഗരസഭ ചെയര്‍മാന്‍മാരും, പ്രസിഡന്റ് മാരും മറ്റ് ജനപ്രതിനിധികളും, ഉസന്ദര്‍ശനം നടത്തും. പഠിക്കാന്‍ കഴിയാതെ പോയവരും, അക്ഷരങ്ങള്‍ മറന്നുപോയവരുമായ മുതിര്‍ന്ന പഠിതാക്കളാണ് പദ്ധതിയില്‍ പഠനം നടത്തിവരുന്നത്.  ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിയാംങ്കുന്ന് സ്വദേശിനിയായ 95 കാരി മാങ്ങോടി യാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്.
പാലക്കാട് ജില്ലയില്‍ 1668 വാര്‍ഡുകളില്‍ നിന്നായി 40914 സ്ത്രീകളും, 9746 പുരുഷന്‍മാരും ഉള്‍പ്പടെ 50660 പഠിതാക്കളാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്.   പട്ടികജാതി വിഭാഗത്തില്‍ നിന്നും 19121 സ്ത്രീകളും, 4083 പുരുഷന്‍മാരും ഉള്‍പ്പടെ 23204 പേരും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് 2566 സ്ത്രീകളും, 590 പുരുഷന്‍മാരും ഉള്‍പ്പടെ3156 പേരും, ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നായി 7579 സ്ത്രീകളും, 1942 പുരുഷന്‍മാരും ഉള്‍പ്പടെ 9521 പേരും, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നായി   11648 സ്ത്രീകളും, 3131 പുരുഷന്‍മാരും ഉള്‍പ്പടെ 14779  പേരും ഉള്‍പ്പെടുന്നു.  5000 വോളന്ററി ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിവന്നത്. മികവുത്സവത്തിന്റെ വിജയത്തിനായി പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ പ്രസിഡന്റ്മാരുടെയും, മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ മികവ് പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും-കെ. ബിനുമോള്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.
പാലക്കാട് മേഴ്‌സി കോളജില്‍ സംഘടിപ്പിച്ച ഇന്നസെന്‍സ് 2022 ബഡ്‌സ് ഫസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കുട്ടികള്‍ക്കായി  കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും  ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
നാല് സ്റ്റേജുകളിലായി 13 ഇനങ്ങളില്‍  കുട്ടികള്‍ മാറ്റുരച്ചു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ.അജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി മേഴ്‌സി കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.ഗിസ്ല്ല ജോര്‍ജ്, നഗരസഭാംഗം മിനി ബാബു, നോര്‍ത്ത് സി.ഡി.എസ്.ചെയര്‍ പേഴ്‌സണ്‍ കെ. സുലോചന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ വട്ടോളി
എന്നിവര്‍ പങ്കടുത്തു.സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.ചാമുണ്ണി മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആരോഗ്യത്തിലേക്ക് നടന്ന്’ മുതുതല പഞ്ചായത്ത്:
വാര്‍ഡ് തലത്തില്‍ ഏപ്രില്‍ മുതല്‍ വാക്കിംഗ് ക്ലബ്ബുകള്‍ രൂപീകരിക്കും.

ജനങ്ങളെ ആരോഗ്യത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമവുമായി മുതുതല പഞ്ചായത്ത്. ജീവിതശൈലി രോഗ നിയന്ത്രണം ലക്ഷ്യമിട്ട് മുതുതല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്കിംഗ് ക്ലബ്ബ് രൂപീകരിച്ചു. അംഗത്വ വിതരണവും ഇതോടൊപ്പം നടന്നു.’ആരോഗ്യത്തിലേക്ക് നടക്കാം’ എന്ന സന്ദേശമുയര്‍ത്തിയാണ് വാക്കിംഗ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.250 പേര്‍ ആണ് ആദ്യഘട്ടത്തില്‍ ക്ലബ്ബില്‍ ചേര്‍ന്നത്.ഏപ്രില്‍ ഒന്ന് മുതല്‍ വാര്‍ഡ് തലത്തില്‍ ക്ലബ്ബുകള്‍ രൂപീകരിച്ച് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ പദ്ധതി വ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി പറഞ്ഞു.ഇതിനോടൊപ്പം ബോധവത്ക്കരണക്ലാസും ആരോഗ്യ ക്ലാസും ജനങ്ങള്‍ക്കായി വാര്‍ഡ് തലത്തില്‍ നടപ്പിലാക്കും.
ആരോഗ്യ പരിശോധനയും ഇതിന്റെ ഭാഗമാകും.
മുതുതല കുടുംബാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ജനങ്ങളില്‍ വ്യായാമത്തിന്റെ പ്രസക്തി മനസിലാക്കി ശരിയായ ആരോഗ്യത്തിലേക്കെത്താന്‍ സഹായിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കെ എസ് ഇ ബി പൊതു തെളിവെടുപ്പ് മാറ്റി വെച്ചു

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022-23 മുതല്‍ 2026-27 വര്‍ഷത്തിലേ
ക്കുള്ള വരവുചിലവു കണക്കുകളും, വൈദ്യുതി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതി
നുള്ള അപേക്ഷയിന്മേലുള്ള പൊതുതെളിവെടുപ്പ് മാര്‍ച്ച് 28,29 തീയതികളിലെ വിവിധ ട്രെയിഡ് യൂണിയനുകള്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക് കാരണം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യം കണക്കിലെടുത്ത് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ചു. പൊതുതെളിവെടുപ്പ് ഏപ്രില്‍ 13നു ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളില്‍ വച്ച് നടക്കും . ഫോണ്‍ :- 0471 2735599

ജില്ലാതലക്ഷീര സംഗമം മാര്‍ച്ച്  27, 30 31 ഏപ്രില്‍ 1 തീയതികളില്‍  ചിറ്റൂര്‍ ബ്ലോക്കില്‍

പാലക്കാട് ജില്ലയുടെ ഈ വര്‍ഷത്തെ ക്ഷീര സംഗമം വൈവിധ്യങ്ങളായ പരിപാടികളോടെ ചിറ്റൂര്‍ ബ്ലോക്കിലെ കോഴിപ്പാറ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 27,30,31, ഏപ്രില്‍ 1 എന്നീ തിയതികളില്‍ നടക്കും.

ആദ്യദിനത്തിലെ (മാര്‍ച്ച് 27 ) കുട്ടികള്‍ക്കുള്ള രചനാ മത്സരങ്ങള്‍ ( എല്‍.പി കുട്ടികള്‍ക്ക് ചിത്രരചന യു.പി വിഭാഗം ജലഛായം, ഹൈ സ്‌ക്കൂള്‍/എച്ച്.എച്ച്.എസ്.ടി പെന്‍സില്‍ ഡ്രോയിംഗ്,പ്രബന്ധരചന & ക്വിസ്സ് എന്നിവ വേദി 6 ”സര്‍ഗ്ഗം” ത്തില്‍ (കോഴിപ്പാറ എച്ച്.എസ്.എസ്)  രാവിലെ 9 ന്  ആരംഭിക്കും.  പരിപാടി നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.  അനീഷ  ഉദ്ഘാടനം  നടത്തും. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.   വിജയന്‍  അദ്ധ്യക്ഷനാകും. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷീരസംഗമത്തിന്റെ മറ്റു ദിവസങ്ങളില്‍ കന്നുകാലി പ്രദര്‍ശനം, ഡെയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ഡെയറി ക്വിസ്, സംഘം ജീവനക്കാര്‍ക്കുള്ള സെമിനാര്‍, മികച്ച കര്‍ഷകരേയും, സംഘങ്ങളേയും ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ആറ് വേദികളിലായി സംഘടിപ്പിക്കുന്നു.

നദീ സംരക്ഷണ ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിളാതീരം ശുചീകരിച്ചു

നദികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോല്‍സവ് ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിളാതീരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ കോളേജ് എന്‍എസ്എസ് യൂണിറ്റ്, നിളാ വിജ്ഞാന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഷൊര്‍ണൂരിനു സമീപം തീരത്തെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിയും ശുചീകരിച്ചും പരിപാടിക്കു തുടക്കം കുറിച്ചു. പുഴ പഠനം, ചര്‍ച്ച, സംവാദം എന്നിവയും സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി സീന ഉദ്ഘാടനം ചെയ്തു. നിളാ വിജ്ഞാന കേന്ദ്രം കോഡിനേറ്റര്‍ ഐ ബി ഷൈന്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. നിവില്‍, എം.ആര്‍ ശരത്, ഡോ. അനീഷ് കളരിക്കാട്, ഡോ സാന്ദ്ര ദേവരാജ്, ഭാഗ്യമോള്‍, അനുഗ്രഹ എസ് കുമാര്‍, അനഘ പങ്കെടുത്തു. പുഴ കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിയ്ക്കണമെന്നും പ്ലാസ്റ്റിക് കപ്പുകളിലുള്ള ഐസ്‌ക്രീം, കുടിവെള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍, കവറുകള്‍ എന്നിവ കൊണ്ടുവരരുതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ ഭാഗമായി നിളാതീരത്ത് യോഗാ പരിശീലനവും സംഘടിപ്പിച്ചു.

ഫോട്ടോ :- നദീ സംരക്ഷണ ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിളാതീരം ശുചീകരിക്കുന്നു

അവധിക്കാല കോഴ്‌സുകള്‍

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.
ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നു. കരിയര്‍ ഓറിയെന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ടാലി ഇ ആര്‍ പി 9, പി എസ് സി, യു പി എസ് സി, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിങ്ങ് കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ചുവരെ കോളേജ് ഓഫീസില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 11ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9495069307, 8547005042, 8547718232.

 സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും

പാലക്കാട് നഗരസഭ എന്‍. യു. എല്‍. എം
ഇ. എസ്. ടി. പി. പദ്ധതിയുടെ ഭാഗമായി നടത്തുന്ന മൂന്നുമാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് നഗരസഭാ പരിധിയിലെ താമസക്കാരായ, 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നീഷ്യന്‍ (യോഗ്യത :പ്ലസ് ടു) അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ (യോഗ്യത: എസ്എസ്എല്‍സി).താല്പര്യമുള്ളവര്‍ കുടുംബശ്രീ എന്‍. യു. എല്‍. എം ഓഫീസില്‍ മാര്‍ച്ച് 31നു മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍: 6235440956, 9249261983, 8714834156.

രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ യാത്രയ്ക്കായി 156 പേര്‍ യാത്ര തിരിച്ചു.

കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി നടത്തുന്ന രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ യാത്രയ്ക്കായി 156 പേര്‍ യാത്ര തിരിച്ചു.ശനിയാഴ്ച്ച  ഉച്ചയ്ക്ക് ഒന്നരയോടെ നാല് ലോ ഫ്‌ലോര്‍ ബസുകളിലായാണ് സംഘം എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചത്.
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വിജയശങ്കര്‍ , ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ്, ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. വൈകിട്ട്  എറണാകുളത്ത്  നെഫ്രിറ്റി എന്ന ചതുര്‍നക്ഷത്ര ആഡംബര കപ്പലില്‍ 5 മണിക്കൂര്‍ ഉത്സവ സദൃശ്യമായ ആഘോഷ യാത്രയ്ക്കു ശേഷം , അത്താഴ വിരുന്നും കഴിഞ്ഞ് 11 മണിയോടെ യാത്രികര്‍ പാലക്കാട്ടേയ്ക്ക് തിരിക്കുമെന്ന്
കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.അടുത്ത യാത്ര ഏപ്രില്‍ 9 ന് നടക്കും. 5 ബസ്സുകള്‍ ആണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. 3 ബസ്സുകളിലെ ബുക്കിംഗ് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഫോണ്‍ – 871 4062 425, 9947086128

അദാലത്ത് സംഘടിപ്പിച്ചു

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ (ഭേദഗതി) പ്രകാരം നല്‍കിയിട്ടുള്ള തരം മാറ്റത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്നവ അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴില്‍ പട്ടാമ്പി താലൂക്ക് പടിഞ്ഞാറങ്ങാടി എസ് എ എസ്  ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു.അദാലത്തില്‍ 82 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുകയും  34 അപേക്ഷകകളില്‍ അന്തിമ ഉത്തരവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തായി സബ് കലക്ടര്‍ അറിയിച്ചു .മറ്റു അപേക്ഷകളില്‍ ന്യൂനത പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.ഒറ്റപ്പാലം റവന്യൂ ഡിവിഷണല്‍ ഓഫീസ് ജീവനക്കാര്‍, ബന്ധപ്പെട്ട വില്ലേജ്/കൃഷി ഓഫീസര്‍മാര്‍, അപേക്ഷകര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

error: Content is protected !!