ആറന്മുള മണ്ഡലത്തില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പുതിയ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുന്നതിന് ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജല ജീവന്‍ മിഷന്‍ വഴി മണ്ഡലത്തിലെ എല്ലാ വീടുകള്‍ക്കും കണക്ഷന്‍ നല്‍കുന്നതിനായി ജലസ്രോതസുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി പ്രധാനമായും താഴൂര്‍ കടവ്, തോമ്പില്‍ കടവ്, കോണോത്തുമല കടവ് എന്നിവിടങ്ങളിലെ കിണറുകളില്‍ പന്ത്രണ്ട് മാസവും ജലലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പ്രൊപ്പോസലുകള്‍ തയാറാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. കൂടാതെ നീര്‍ത്തട വികസനവുമായി ബന്ധപ്പെട്ട് മാപ്പിംഗ് ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ത്തീകരിക്കുന്നതിനും, പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും മന്ത്രി നിര്‍ദേശിച്ചു.
ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് റോഡ് കട്ടിംഗിന് ആവശ്യമായ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതി നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ജലജീവന്‍ മിഷന്‍ വഴിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.