Input your search keywords and press Enter.

ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

 

സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ് യോഗം. മിനിമം നിരക്ക് നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയായി ആണ് വർധിപ്പിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. എകെജി സെൻററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

ബസ് ചാർജ് മിനിമം 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇതിന് മുമ്പ് ബസ് ചാർജ്ജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരവുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.

ബസുകൾക്ക് മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വർധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു. ഓട്ടോയുടെ നിരക്ക്‌ മിനിമം ചാർജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വച്ച് വർധിക്കും.

1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ്റ്റിംങ് ചാർജിൽ മാറ്റമില്ല.

error: Content is protected !!