Input your search keywords and press Enter.

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി

നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന വീഡിയോകളുടെ ഡിജിറ്റൽ സ്വിച്ച് ഓണിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏപ്രിൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജനങ്ങൾ നൽകിയ ഈ പിന്തുണ, ധൈര്യമായി മുന്നോട്ടുപോകാൻ സർക്കാറിനുള്ള സന്ദേശമാണെന്ന് വൻ ജനാവലിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. സർവതല സ്പർശിയായ, സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത. വികസന സ്പർശമേൽക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാവാൻ പാടില്ല.

 

വികസന വിഷയത്തിൽ എന്തിനാണ് നാടിന്റെ താൽപര്യത്തിന് എതിര് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സിൽവർ ലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനമാണ് താനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സ്വീകരിച്ചത്. എങ്ങിനെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സിൽവർലൈനിൽ സാമൂഹികാഘാത പഠനം നടക്കുകയാണ്. ആ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. അത് നടത്താൻ കഴിയില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിഷേധാത്മകമാണ്. ആ പഠനം നടക്കട്ടെ എന്ന് സുപ്രീംകോടതി വരെ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഭൂമി എടുക്കേണ്ടി വന്നാൽ, ആവശ്യമായ വലിയ നഷ്ടപരിഹാരമാണ് ഓരോരുത്തർക്കും ലഭിക്കാൻ വേണ്ടി പോകുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് അലൈൻമെൻറിലേക്കുള്ള അവസാന തീരുമാനം എത്തുക. ആ പഠനം നടത്തിയാലേ അതിലേക്ക് എത്താനാവൂ-മുഖ്യമന്ത്രി പറഞ്ഞു.

 

ദേശീയപാത വികസനം നടത്താൻ വൈകിയതിനാൽ നേരിടേണ്ടി വന്ന വൻ നഷ്ടത്തെക്കുറിച്ച് ചിന്തിക്കണം. ഭൂമി ഏറ്റെടുക്കലിന് നൽകുന്ന നഷ്ട പരിഹാരത്തിന്റെ 25 ശതമാനം കേരളം നൽകേണ്ടി വന്നു. കാലതാമസത്തിന്റെ പിഴയെന്ന മട്ടിൽ അയ്യായിരത്തിൽ പരം കോടി രൂപയാണ് കേരളം വഹിക്കേണ്ടി വന്നത്. ദേശീയപാതയും തീരദേശ ഹൈവേയും മലയോര ഹൈവേയും എല്ലാം നല്ല രീതിയിൽ പശ്ചാത്തല സൗകര്യം ഉണ്ടാക്കും. എറണാകുളം-ബംഗളൂരു വ്യവസായ ഇടനാഴി പോലുള്ള വലിയ പദ്ധതികൾക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായി വലിയ സ്ഥാപനങ്ങൾ വരും. അനേകം പേർക്ക് തൊഴിലവസരം ലഭിക്കും. കൊച്ചി-മംഗലാപരും വ്യവസായ ഇടനാഴിക്കായി കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം-ബേക്കൽ ജലപാത പൂർത്തിയാക്കാ നുള്ള വലിയ ശ്രമം നടക്കുന്നു. വടകരയിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടത്തും പുതിയ കനാൽ വെട്ടേണ്ടി വരും. അറുനൂറോളം കിലോ മീറ്റർ ജലപാത വന്നാൽ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകളെ വലിയ തോതിൽ ആകർഷിക്കാൻ കഴിയും. ജലപാതയിൽ 50 കിലോ മീറ്ററിൽ നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാവും-മുഖ്യമന്ത്രി പറഞ്ഞു.

 

റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ എന്നിവർ ആശംസ നേർന്നു. ഡോ. വി ശിവദാസൻ എം പി, എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, ടി ഐ മധുസൂദനൻ, കെ വി സുമേഷ്, എം വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി വിപി ജോയി സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ നന്ദിയും പറഞ്ഞു.

 

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ചടങ്ങിൽ  സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നാടിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി. ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻ പാട്ട് തുടർന്ന്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിച്ച പഞ്ചവാദ്യം എന്നിവ ഉദ്ഘാടനത്തിന് മുമ്പായി അരങ്ങേറി.

 

സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് തുടക്കമായത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേളയും നടക്കും. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും സമാപനം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാർ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. പൊലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും.

 

ഉദ്ഘാടനം ഡിജിറ്റലാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം

ഡിജിറ്റൽ സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം. മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. ‘എന്റെ കേരളം’ എന്ന തലക്കെട്ടോടെ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന്റെ നേർക്കാഴ്ച്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും പ്രളയം, കൊവിഡ് എന്നീ ദുരന്ത കാലഘട്ടങ്ങളിലും ജനങ്ങളെ ചേർത്തു നിർത്തിയ സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ആണ് പ്രദർശിപ്പിച്ചത്.

ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ 
പഞ്ചവാദ്യ മേളത്തിമിർപ്പ്

വൻ ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ ഉയർന്ന ശംഖനാദത്തോടെ പഞ്ചവാദ്യങ്ങളുടെ മേളത്തിമിർപ്പ്. കൊട്ടും പാട്ടും ആവേശമാക്കി നാടൻ പാട്ടിന്റെ തുടിതാളം..രണ്ടാം പിണറായി സർക്കാരിന്റെ വികസനപ്പെരുമയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് പൊലിമയേകി ഗ്രാമ്യ നിടുവാലൂരിന്റെ നാടൻ കലാമേളയും മാടായി ക്ഷേത്രകലാ അക്കാദമിയുടെ പഞ്ചവാദ്യവും അരങ്ങേറി.

 

 

ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കിക്കൊണ്ടാണ് പഞ്ചവാദ്യവും നാടൻ കലാമേളയും അരങ്ങ് തകർത്തത്. മാടായി ക്ഷേത്രകലാ അക്കാദമിയുടെ 13 കലാകാരന്മാർ തീർത്ത നാദവിസ്മയത്തിൽ പൊലീസ് മൈതാനിയിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം മതി മറന്നു.

 

നീലേശ്വരം പ്രമോദ്, കോട്ടയം നാരായണൻ വിജിൻകാന്ത് വയലപ്ര, കോട്ടയം നിജിത്ത്, എടക്കാട് ശിവദാസ്, രജീഷ് വയലപ്ര, കലാമണ്ഡലം വൈശാഖ്, മണത്തണ ബാലകൃഷ്ണൻ, കോട്ടയം നിധീഷ്, ചെറുതാഴം അർജുൻ, ശ്രീജിത്ത് മൊറാഴ, വിഷ്ണു കോട്ടയം, രമിത്ത് തൊടീക്കളം എന്നിവരായിരുന്നു പഞ്ചവാദ്യസംഘത്തിൽ

എന്റെ കേരളം’ മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി  കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ,  ഡോ. വി. ശിവദാസന്‍ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

 

കേരളത്തിന്റെ എല്ലാ മേഖലയെയും തൊട്ടറിഞ്ഞ്  സംസ്ഥാനത്തിന്റെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും നേരിട്ടറിയാനുള്ള  അവസരമാണ് പ്രദർശനത്തിലൂടെ ഒരുക്കുന്നത്. പൊലീസ് മൈതാനിയിൽ ഏപ്രിൽ  14 വരെയാണ്  ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ നടക്കുക. വിവിധ വകുപ്പുകളുടെ 50 തീം സ്റ്റാളുകളും 169 വ്യാവസായിക സ്റ്റാളുകളും ഉൾപ്പെടെ ആകെ 219 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ഒൻപത് സ്റ്റാർട്ട് അപ് ഏരിയകളും ഉണ്ട്

error: Content is protected !!