Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

അടൂരിലെ റോഡ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി

അടൂര്‍ നിയോജകമണ്ഡലത്തിലെ നിരത്തു വിഭാഗവുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അടൂര്‍ ടൗണ്‍ പാലം, ആനയടി-കൂടല്‍ റോഡ് അടക്കമുള്ള കിഫ്ബി, കെആര്‍എഫ്ബി, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ പ്രവര്‍ത്തനം ഉന്നത ഉദ്യോഗസ്ഥരുമായി ഡെപ്യുട്ടി സ്പീക്കര്‍ ചര്‍ച്ച ചെയ്തു. പദ്ധതി പ്രവര്‍ത്തനത്തിലെ കാലതാമസം പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ വസ്തുക്കള്‍ നീക്കം ചെയ്യണം: ജില്ലാ കളക്ടര്‍

പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ വസ്തുക്കള്‍ അടുത്ത മഴക്കാലത്തിന് മുന്‍പായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ മണ്ണും എക്കലും മറ്റ് അവശിഷ്ടങ്ങളും എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലെ പ്രളയാവശിഷ്ടങ്ങളാണ് എടുത്തു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വീണ്ടുമൊരു വര്‍ഷകാലം എത്തുന്നതിന് മുന്‍പ് ഗ്രാമപഞ്ചായത്തുകള്‍ ഇവ നിക്ഷേപിക്കാന്‍ ആവശ്യമായ യാര്‍ഡ് കണ്ടെത്തണമെന്നും നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കൈത്തോട്, കൈവഴി എന്നിവയിലെ അവശിഷ്ടങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴിയും നീക്കം ചെയ്യാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളും ഈ പദ്ധതിക്ക് പ്രാതിനിധ്യം നല്‍കണം. എന്നാല്‍, മഴയുടെ ആഘാതം വരുന്നതിന് മുന്‍പ് തന്നെ പ്രാദേശികമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയും കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പ്രശ്നം പരിഹരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ആഴമുള്ള സ്ഥലങ്ങളിലും, യന്ത്ര സഹായത്തോടെ ചെയ്യേണ്ടിടത്തും ജലസേചന വകുപ്പിന്റെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും പഞ്ചായത്തിന്റെയും സംയോജിതമായ പ്രവര്‍ത്തനമാണ് ആവശ്യം. നിക്ഷേപിക്കാന്‍ കണ്ടെത്തുന്ന യാര്‍ഡുകള്‍ക്ക് വാടക നല്‍കണമെങ്കില്‍ അതു പരിഗണിക്കുമെന്നും ശേഖരിക്കപ്പെടുന്ന വസ്തുക്കളുടെ സുരക്ഷയ്ക്കായി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്/ പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റിക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍ 375/2019)(ഫസ്റ്റ് എന്‍.സി.എ- ധീവര) തസ്തികയില്‍ 20000-45800 രൂപ ശമ്പള സ്‌കെയിലില്‍ 29.07.2021 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ 30.03.2022 പ്രാബല്യത്തിലുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനപരിപാടി (എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ പ്രോഗ്രാം) സംഘടിപ്പിക്കും. 2022 ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 29 വരെ എറണാകുളം ജില്ലയില്‍ കളമേശരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈകോഴ്സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890/2550322.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി ksb.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 15 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്
അഡോബ് സോഫ്റ്റ്‌വെയറുകളായ അഡോബ് ഫോട്ടോ ഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ആഫ്റ്റര്‍ എഫെക്ട്സ്, അഡോബ് ഇല്ലസ്ട്രേറ്റര്‍, അഡോബ് ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറി ലൈന്‍
എന്നീ സോഫ്റ്റ്‌വെയറുകള്‍ 216 മണിക്കൂര്‍ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരം അസാപ് ഒരുക്കുന്നു. ഈ സോഫ്റ്റ്‌വെയ്റുകളുടെ എല്ലാം ആറു മാസത്തെ ലൈസന്‍സും കോഴ്സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. കോഴ്സ് കാലാവധി – 216 മണിക്കൂര്‍. ഫീസ് – 16000 രൂപ (സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ). സബ്‌സിഡി ഫീസ് – 8000 + ജിഎസ്ടി. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :9495999715, 9495999668.

സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാമ്പത്തിക കാരണങ്ങളാല്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് പകരം കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് സ്പോണ്‍സര്‍ഷിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍.
ഏകരക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം, കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും സ്‌കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായ അപേക്ഷകരുടെ ഹോം സ്റ്റഡി നടത്തി സ്പോണ്‍സര്‍ഷിപ്പ് ആന്റ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റി അംഗീകാരത്തിനുശേഷം യോഗ്യരായ കുട്ടികളുടെ മാതാവിന്റെയും കുട്ടിയുടേയും സംയുക്ത അക്കൗണ്ടിലേക്ക് പ്രതിമാസം 2000 രൂപ വീതം ലഭ്യമാക്കുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 0468-2319998, 8281954196, 8589990362.

ഡിജിറ്റല്‍ റീസര്‍വേ: മൂന്നു വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ ഈമാസം ഏഴിന് ആരംഭിക്കും
ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ നാല് വില്ലേജുകളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുന്നത്. ഓമല്ലൂര്‍ വില്ലേജിലെ സര്‍വേ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. കണ്ടിന്യൂവസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സിസ്റ്റം (കോര്‍സ്) സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. സര്‍വേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സ്‌റ്റേഷന്‍ ജില്ലയില്‍ രണ്ടിടത്താണ് സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സൂചനാ കേന്ദ്രങ്ങളാണ് കോര്‍സ് സ്‌റ്റേഷനുകള്‍. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ കോര്‍സ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നതായും ഗവി വനമേഖലയിലെ കൊച്ചുപമ്പയില്‍ സ്ഥലനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു യോഗത്തില്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ റീസര്‍വേ നടക്കുന്ന കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍വേ ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍: ജല വിഭവ വകുപ്പ് മന്ത്രിയുമായി
ചര്‍ച്ചയ്ക്ക് വഴിയൊരുക്കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായും മറ്റു കുടിവെള്ള പദ്ധതികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്നജില്ലാആസൂത്രണസമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി ഈ മാസം പത്തിന് സര്‍ക്കാരിന് നല്‍കും. ഒരു പദ്ധതിയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ ഒന്നിച്ചു ചേര്‍ത്ത് അവലോകന യോഗം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും.
ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതി 42.6 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ 2,80,218 ഉപഭോക്താക്കളാണുള്ളത്. അവയില്‍ 1,19,449 ഉപഭോക്താക്കള്‍ക്ക് ഇതുവരെ കണക്ഷന്‍ കൊടുത്തിട്ടുണ്ട്. 1,60,769 പേര്‍ക്ക് ഇനി കണക്ഷന്‍ നല്‍കാനുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ സവിശേഷതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ടിന് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 90 ശതമാനം സബ്‌സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതം ഗവണ്‍മെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാപ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ്ജില്ലാപ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്,ജില്ലയിലെതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.യു. മിനി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പരുവ ഗവ. എല്‍പി സ്‌കൂള്‍ 65-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
പരുവ ഗവ. എല്‍പി സ്‌കൂളിന്റെ 65-ാം വാര്‍ഷികവും അധ്യാപക, രക്ഷകര്‍ത്തൃ സമ്മേളനവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ലൈബ്രറി വേണമെന്ന ആവശ്യം നിറവേറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വായനാശീലത്തിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ സാഗരത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നു എംഎല്‍എ പറഞ്ഞു.
പരുവ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്. രമാദേവി, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി, ഹെഡ്മാസ്റ്റര്‍ എ. അനില്‍ ബോസ്, സ്റ്റാഫ് സെക്രട്ടറി പി.കെ. ബിജോമോന്‍, ഊരുമൂപ്പന്‍ എം.കെ. രാഘവന്‍, പിടിഎ പ്രസിഡന്റ് പ്രഭുല്‍ കെ. വിജയന്‍, ബീനാ ദിവാകരന്‍, ടി.പി. അനില്‍കുമാര്‍, ആര്‍. വാസു, പ്രണവ് പി. ബൈജു, സ്‌കൂള്‍ ലീഡര്‍ നവീന്‍ കെ. പ്രഭുല്‍, പിടിഎ വൈസ് പ്രസിഡന്റ് സജിത മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മല്‍സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.

error: Content is protected !!