Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പഠന കമ്മിറ്റി
കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഒരു വര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ക്കുള്ള സാഹചര്യം, തോട്ടണ്ടിയുടെ ലഭ്യത, ഭാഗികമായ  യന്ത്രവല്‍ക്കരണം, കശുമാവ്കൃഷി വ്യാപനത്തിലൂടെ ആഭ്യന്തര ഉല്‍പാദന വര്‍ദ്ധന, ആനുകൂല്യങ്ങള്‍, സ്വകാര്യ മേഖലയെ ഉള്‍പ്പെടെ പിന്തുണയ്ക്കുക, പരിപ്പിന്റെ ആഭ്യന്തര വിപണിയിലെ ബ്രാന്‍ഡിംഗ്, തുടങ്ങിയ വിഷയങ്ങള്‍ കമ്മിറ്റി പഠനവിധേയമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കും.
ആദ്യ യോഗം കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കശുവണ്ടിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, തൊഴിലാളികള്‍, കശുവണ്ടിരംഗത്തെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കമ്മിറ്റി അംഗങ്ങളായി എസ്. ജയമോഹനൊപ്പം  കാപക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിള്ള, കാഷ്യൂ കോര്‍പ്പറേഷന്‍ – കാപെക്‌സ് മാനേജിംഗ ്ഡയറക്ടര്‍  ഡോ. രാജേഷ് രാമകൃഷ്ണന്‍, യൂണിയന്‍ പ്രതിനിധികളായ കെ. രാജഗോപാല്‍ അഡ്വ. മുരളിമടന്തകോട്, ജി. ബാബു, സജി ഡി. ആനന്ദ്, അഡ്വ. ശൂരനാട് ശ്രീകുമാര്‍, സ്ഥാപന ഉടമകളായ ഡോ. ആര്‍. കെ. ഭൂദേഷ്, സതീഷ്‌കുമാര്‍, ഉദ്യോഗസ്ഥ പ്രതിനിധിയായി വിപിന്‍ എന്നിവരാണ് പ്രവര്‍ത്തിക്കുക.

ചരിത്ര നേട്ടവുമായി ചവറ കെ.എം.എം.എല്‍
ഉല്‍പാദനത്തിലും വിപണനത്തിലും ലാഭത്തിലും സര്‍വ്വകാല റെക്കോര്‍ഡുമായി പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കെ.എം.എം.എല്‍. ഈ  സാമ്പത്തിക വര്‍ഷം 32,800 ടണ്‍ വില്‍പ്പന നടത്തി. 1058 കോടിയുടെ വിറ്റുവരവും. 310.5 കോടി രൂപയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2020-21) 115 കോടിയായിരുന്നു ലാഭം. വിറ്റുവരവ് 783.5 കോടിയും.
ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് (സിന്തറ്റിക് റൂട്ടൈല്‍) ഉല്‍പാദനത്തിലും സര്‍വ്വകാല റെക്കോര്‍ഡുണ്ട്. 44900 ടണ്‍ സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദിപ്പിച്ചു. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സിലിമിനൈറ്റ് 6500 ടണ്ണാണ് ഉല്‍പാദിപ്പിച്ചത്. ടൈറ്റാനിയം ഡയോക്‌സൈഡ്  35100 ടണ്‍ ഉല്‍പാദിപ്പിക്കാനായി.  ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് (ടിക്കിള്‍) വിപണനത്തിലും മികച്ച നേട്ടം കൈവരിച്ചു. 5922 ടണ്‍ ടിക്കിള്‍ ഈ സാമ്പത്തിക വര്‍ഷം വിപണനം നടത്തി.
കമ്പനിയുടെ ശേഷിയുടെ 97.5 ശതമാനം ഉല്‍പാദനം നടത്താനായതും മാര്‍ക്കറ്റിങ്ങില്‍ വരുത്തിയ നയപരമായ തീരുമാനങ്ങളുമാണ് നേട്ടങ്ങള്‍ക്ക് പിന്നിലുള്ളത്. സിന്തറ്റിക്ക് റൂട്ടൈല്‍പുറത്ത് നിന്ന് വാങ്ങതെയും നേട്ടമുണ്ടാക്കി. എം. ഡി. ജെ. ചന്ദ്രബോസ് വ്യക്തമാക്കി.
ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചതും ലാഭം വര്‍ധിക്കുന്നതിനിടയാക്കി. ദ്രവീകൃത ഓക്‌സിജന്‍ പുറത്ത് നല്‍കിയതിലൂടെ  2.5 കോടി രൂപയും കമ്പനിക്ക് ലഭ്യമായി – അദ്ദേഹം അറിയിച്ചു.

 

വിജയവീഥി പഠനകേന്ദ്രം പടിഞ്ഞാറെ കല്ലടയിലും
വിവിധ മത്സരപരീക്ഷകള്‍ക്ക് ഗ്രാമീണ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള വിജയവീഥി പഠനകേന്ദ്രം പടിഞ്ഞാറേകല്ലടയില്‍ ആരംഭിച്ചു. മന്ത്രിസഭയുടെ വാര്‍ഷികാഘോഷ ഭാഗമായ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ട് പഠനകേന്ദ്രം കടപുഴ നവോദയ ഗ്രന്ഥശാലയില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതകള്‍ ആവശ്യമുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.പഠന നോട്ടുകള്‍, വീഡിയോ ക്ലാസുകള്‍ ഉള്‍പ്പടെ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള റൂട്രോണിക്സിനാണ് മേല്‍നോട്ട ചുമതല.
ഓരോ പ്രോഗ്രാമിലും 50 പേര്‍ക്ക് വീതം അഡ്മിഷന്‍ നല്‍കും.പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റല്‍ പഠനകേന്ദ്രം കാരാളിമുക്കിലും തുടങ്ങും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനം അടുത്ത ഘട്ടത്തില്‍ ആരംഭിക്കും.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, വൈസ് പ്രസിഡന്റ് എല്‍.സുധ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുധീര്‍,   ബ്ലോക്ക് പഞ്ചായത്ത് അംഗം വി.രതീഷ്, പഞ്ചായത്ത് സെക്രട്ടറി കെ.സീമ തുടങ്ങിയവര്‍  പങ്കെടുത്തു.

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍
കെ.എസ്.ഇ.ബി ലിമിറ്റഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക വരുത്തിയവര്‍ക്ക് പലിശ ഇളവോടെ കുടിശ്ശിക നിവാരണം നടത്താം. മെയ് 20 വരെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. നിലവില്‍ ജപ്തി നടപടികള്‍ ആരംഭിച്ചിട്ടുളളതും കോടതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളവയ്ക്കും കുടിശ്ശിക നിവാരണം നടത്താനും അവസരം പ്രയോജനപ്പെടുത്താം.

 

നൈപുണ്യ വികസന കോഴ്‌സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റസ്, ജാവ, ഐ.ഒ.ടി, പൈത്തണ്‍, മെഷീന്‍ ലേണിങ് എന്നിവയാണ് കോഴസുകള്‍.
അടിസ്ഥാന യോഗ്യത പ്ലസ്ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധിയില്ല.  ksg.keltron.in വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 20ന് മുമ്പ് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ രണ്ടാം നില ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ തിരുവനന്തപുരം. ഫോണ്‍ 8590605260, 0471-2325154.

 

സെമിനാര്‍ നടത്തി
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സെമിനാര്‍ നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ചീഫ് ടൗണ്‍പ്ലാനര്‍ എച്ച്. പ്രശാന്ത് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അവലോകനവും നടന്നു. ടൗണ്‍ പ്ലാനര്‍ എം.വി ശാരി സെമിനാറിന് നേതൃത്വം നല്‍കി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്.ഗീതാകുമാരി, എസ്.ജയന്‍, യു.പവിത്ര, അഡ്വ. ജി.ഉദയകുമാര്‍, ഹണി, അഡ്വ. എ.കെ സവാദ്, സവിതദേവി, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഞങ്ങളും കൃഷിയിലേക്ക്…
വാര്‍ഡ്തലത്തില്‍ ഓരോ കുടുംബത്തിനെയും കൃഷിയിലേക്ക് എത്തിക്കുന്നതിനായും കാര്‍ഷിക ഉല്‍പാദനത്തില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള നൂതന പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക്’ തൃക്കോവില്‍വട്ടം പഞ്ചായത്തിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത്തല യോഗം കൃഷിഭവനില്‍ പ്രസിഡന്റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷനായി. വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. സ്ഥിരസമിതി അധ്യക്ഷരായ ഷീബ ടീച്ചര്‍, അലിയാരുകുട്ടി, ഷാനിബ, കൃഷി ഓഫീസര്‍ അനുഷ്മ, വാര്‍ഡ് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (1 വര്‍ഷം/6 മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി (3 മാസം) എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ അഡ്വാന്‍സ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം, ഫോണ്‍ :0474 2731061.

 

പരിശീലന പരിപാടി
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19 മുതല്‍ 29 വരെ എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ ആണ് പരിശീലനം.  കോഴ്‌സുകള്‍ സൗജന്യമായിരിക്കും. അപേക്ഷകള്‍ www.kied.info വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: 0484-2532890/2550322.

ഏപ്രില്‍ 16ന് മദ്യനിരോധനം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസമായ ഏപ്രില്‍ 16ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുളള എല്ലാ മദ്യശാലകളും അടച്ചിടണമെന്നും ഈ പ്രദേശങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായിരുക്കുമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

താല്‍ക്കാലിക ഒഴിവ്
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ് (ഒരു ഒഴിവ് ), ഫിസിയോ തെറാപ്പിസ്റ്റ് (ഒരു ഒഴിവ് ) അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എല്‍.പി/എച്ച്.ഐ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് സ്പീച്ച് തെറാപ്പിസ്റ്റിനും ബാച്ച്‌ലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബി.പി.ടി) യോഗ്യത ഉള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബയോഡേറ്റ സഹിതം അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 0474 2792957, 7403119714.

വനിതകള്‍ക്ക് മാത്രമായി പരിശീലനം
അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും (കെ.എ.എസ്.ഇ) സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഐടിഐ. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കൊവിഡ്/പ്രളയം ബാധിതരായി തൊഴില്‍ നഷ്ടമായവര്‍, ഏകരക്ഷകര്‍ത്താസംരക്ഷക, ഒറ്റ പെണ്‍കുട്ടികളുടെ മാതാവ്, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 10 പേര്‍ക്കാണ് അവസരം. www.anert.gov.in     വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 15ന് മുമ്പ് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9188119431, 18004251803 (ടോള്‍ ഫ്രീ), 9188119402.

‘ഞങ്ങളും കൃഷിയിലേക്ക്’  പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തില്‍  തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജവാബ് റഹ്മാന്‍ നിര്‍വഹിച്ചു. വാര്‍ഡ്തലത്തില്‍ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ഹലീമ അധ്യക്ഷയായ ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മണന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

error: Content is protected !!