സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം
ആകര്‍ഷക പരിപാടികള്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല ആഘോഷത്തില്‍ ആകര്‍ഷകവും വ്യത്യസ്തവും ജനോപകാരപ്രദവും വിജ്ഞാന-വിനോദപ്രദവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തുമെന്ന് സംഘാടക സമിതി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഏപ്രില്‍ 25 മുതല്‍ മെയ് ഒന്ന് വരെ ആശ്രാമം മൈതാനത്ത് നടത്തുന്ന പരിപാടിയുടെ ഒരുക്കം ചേംബറില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തുകയായിരുന്നു ജില്ലാ കലക്ടര്‍.
നൂറോളം സ്റ്റാളുകളിലായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും നേട്ടങ്ങളും പ്രദര്‍ശനമായും വിപണനമായും മുന്നിലെത്തും. ഉത്തരവാദിത്ത വിനോദസഞ്ചാരം പോലെ വിവിധ തീമുകളില്‍ അധിഷ്ഠിതമായ കാഴ്ചകളുണ്ടാകും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സംവിധാനവും സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവവും പ്രദര്‍ശന നഗരിയിലുണ്ടാകും.
വിലക്കുറവിന്റെ വിപണി ഒരുക്കുന്നതിനൊപ്പം കുടുംബശ്രീ ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ ഫുഡ്‌കോര്‍ട്ടുമുണ്ട്. വിജ്ഞാനപ്രദമായ സെമിനാറുകള്‍ എല്ലാ ദിവസും രാവിലെയും ഉച്ചയ്ക്കുമുണ്ടാകും. വൈകുന്നേരങ്ങളില്‍ സംഗീതവും നൃത്തവും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, എ. ഡി. എം. എന്‍. സാജിതാ ബീഗം, സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടിക: തിരുത്തല്‍ വരുത്താം
വെളിയം, വെളിനല്ലൂര്‍, ക്ലാപ്പന, പെരിനാട്, ആര്യങ്കാവ്, ശൂരനാട്‌വടക്ക് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍കുറിപ്പുകള്‍ തിരുത്തുന്നതിനും, പേര് ഉള്‍പ്പെടുത്തുന്നതിനും വേണ്ടിയുള്ള അപേക്ഷകള്‍/ആക്ഷേപങ്ങള്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ അതാത് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഭേദഗതികള്‍ അന്തിമ വോട്ടര്‍ പട്ടികയിലെ സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.
‘കല്പ്പം’ വെളിച്ചെണ്ണ വിപണിയില്‍
വെളിച്ചെണ്ണ വിപണിയിലേക്ക് ‘കല്പ്പം’ ബ്രാന്‍ഡുമായി ജില്ലാ പഞ്ചായത്ത്. കരുനാഗപ്പള്ളി ചിറ്റുമൂല കോക്കനട്ട് നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ പുറത്തിറക്കിയ വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ് പ്രസന്നകുമാറിന് കൈമാറി ആദ്യവില്പനയും നടത്തി. 180 രൂപയാണ് ഒരു ലീറ്റര്‍ വെളിച്ചെണ്ണയുടെ വില. വിവിധ ഫാമുകളിലൂടെ ഗുണമേ•യുള്ള ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .
വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ അദ്ധ്യക്ഷയായി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ.പി.കെ.ഗോപന്‍, ജെ. നജീബത്ത്, വസന്ത രമേശ്, അനില്‍ എസ്. കല്ലലിഭാഗം, സെക്രട്ടറി ബിനുന്‍ വാഹിദ്, കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സീനിയര്‍ കൃഷി ഓഫീസര്‍ എസ്. സ്മിത, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോക്ക്-ഇന്‍-ഇന്റര്‍വ്യു
ഭാരതീയചികിത്സ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ നടപ്പിലാക്കിവരുന്ന പ്രോജക്ടിലെ ഫാര്‍മസിസ്റ്റ് (ആയുര്‍വേദ) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21ന് രാവിലെ 11 മണിക്ക് ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
18നും 38നും മദ്ധ്യേ പ്രായമുള്ള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസ്സായവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. വിശദവിവരങ്ങക്ക് 0474 2763044 എന്ന നമ്പരിലോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ടോ ബന്ധപ്പെടാം.
വോക്ക്-ഇന്‍-ഇന്റര്‍വ്യു
കുളത്തൂപ്പുഴ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഡ്രൈവര്‍-കം-ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായുള്ള വോക്ക്-ഇന്‍-ഇന്റര്‍വ്യു ഏപ്രില്‍ 19ന് രാവിലെ 11മണിക്ക് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും. നിശ്ചിത പി.എസ്.സി യോഗ്യതകള്‍ ഉള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക്: 0475 2962021, 6282371951.
പി.എസ്.സി പ്രായോഗിക പരീക്ഷ
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റെന്‍ഡന്റ് ( പട്ടികജാതി/പട്ടികവര്‍ഗ്ഗ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍: 074/2020) പ്രായോഗിക പരീക്ഷ ഏപ്രില്‍ 19, 20 തീയതികളിലായി ആശ്രാമം ഗ്രൗണ്ടില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും, തിരിച്ചറിയല്‍ കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും സഹിതം പരീക്ഷയ്ക്ക് ഹാജരാകണം. എസ്.എം.എസ് വഴിയോ പ്രൊഫൈല്‍ മെസ്സേജിലൂടെയോ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0474 2743624.