Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 11/04/2022)

മഴക്കെടുതി നേരിടാന്‍ അടിയന്തിര നടപടി: ജില്ലാ കലക്ടര്‍
മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകള്‍ സജ്ജമാകാനുള്ള നിര്‍ദ്ദേശം. മുഴുവന്‍ സമയം വാര്‍ റൂമും, താലൂക്ക് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കി.
പരവൂര്‍ പൊഴിക്കര ചീപ്പിന്റെ ഷട്ടറുകള്‍ അടഞ്ഞു കായലില്‍ മണ്ണ് നിറഞ്ഞത് വഴി കായലില്‍ ജലനിരപ്പ് ഉയര്‍ന്ന് മയ്യനാട്, മുക്കം, താന്നി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ അടിഞ്ഞു കിടക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ആലപ്പാട് തീരത്തെ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് പാറക്ഷാമം പരിഹരിക്കാന്‍ ഇറിഗേഷന്‍, ജിയോളജി വകുപ്പുകളോട് ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു, ഇടിമിന്നലില്‍ മൂന്നു  വീടുകളുടെ ഉപകരണങ്ങള്‍ നശിച്ചു. പുനലൂരില്‍ 75 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കുന്നത്തൂരില്‍ രണ്ടു വീടുകള്‍ ഭാഗികമായും പത്തനാപുരത്ത് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കരയില്‍ ഇടിമിന്നലില്‍ ഒരു മരണവും സംഭവിച്ചു.
മഴക്കെടുതി നേരിടാന്‍ ആരോഗ്യവകുപ്പും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷനും ഫോഗിങ്ങും പുരോഗമിക്കുന്നുണ്ട് എന്നും അറിയിച്ചു.
തീരദേശ മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കോസ്റ്റല്‍ പോലീസിന് നിര്‍ദേശം നല്‍കി.  വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, സിറ്റി-റൂറല്‍ പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രിസഭാ വാര്‍ഷികം
മികവുറ്റ കാഴ്ചകളും സൗകര്യങ്ങളും ഒരുക്കും – ജില്ലാ കലക്ടര്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 25 ന് ആശ്രാമം മൈതാനത്ത് തുടങ്ങുന്ന പ്രദര്‍ശന-വിപണന മേളയില്‍ കാഴ്ചയുടെ നിറവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പ്രാദേശിക സംരംഭങ്ങളും സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും അണിനിരത്തുന്നതിനൊപ്പം കൗതുകങ്ങളും ഉണ്ടാകും. ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിനായി ഒരു ലക്ഷത്തോളം ചതുരശ്ര  അടി വിസ്തീര്‍ണത്തിലാണ് സജ്ജീകരണം ഒരുക്കുക. സൗജന്യമായി പ്രവേശിക്കാവുന്ന പ്രദര്‍ശന നഗരി ശീതീകരിക്കുന്നുമുണ്ട്.
പരമാവധി വാഹനങ്ങള്‍ക്ക് വന്നു പോകുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും വിശാലമായ ക്രമീകരണം ഉറപ്പാക്കും. കലാപരിപാടികള്‍ക്കായി വലിയ സ്ഥിരം സ്റ്റേജും സജ്ജമാക്കും. ആശ്രാമം മൈതാനത്തിന്റെ വിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തിയാകും മേളയുടെ സംഘാടനം എന്നും നഗരിക്കായി നിശ്ചയിച്ച സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ പ്രൊഫ. ബി. സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ അനുഗമിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, എ. ഡി. എം. എന്‍. സാജിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി യോഗം  (ഏപ്രില്‍ 12)
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച പ്രോഗ്രാം കമ്മിറ്റി യോഗം  (ഏപ്രില്‍ 12) രാവിലെ 10.30ന് ജില്ലാ വികസന കമ്മിഷണറുടെ ചേംബറില്‍ ചേരും.

അവലോകന യോഗം  (ഏപ്രില്‍ 12)
‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ് പ്രവര്‍ത്തന അവലോകനത്തനായി ജില്ലാ വികസന കമ്മീഷണറുടെ ചേംബറില്‍ (ഏപ്രില്‍ 12)  രാവിലെ 11ന് ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാര്‍  പങ്കെടുക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
വെട്ടിക്കവല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ഓടുന്നതിന് കാര്‍/ജീപ്പ് ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 21 ഉച്ചയ്ക്ക് ഒരുമണിവരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍ :0474 2404299.

പരീക്ഷാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും കിലയും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായുള്ള ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷ മെയ് ഏഴിന് രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.sgou.ac.in  വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 13 വരെ രജിസ്‌ട്രേഷന്‍ നടത്താം.

അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 18ന് രാവിലെ 10:30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ എം.എസ്.സി കെമിസ്ട്രി ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവരെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ceknply.ac.in ഫോണ്‍ :0476 2666160, 9400423081.

കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകള്‍ മെയ് 18ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2748976.

സ്വകാര്യ വനവല്‍ക്കരണ പദ്ധതി
സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയില്‍ 2022-23 വര്‍ഷത്തില്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ 50ല്‍ കുറയാത്ത തൈകള്‍ ഉള്ളവരെയാണ്  പ്രോത്സാഹന സഹായത്തിന് പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം, ഫോണ്‍ -0474 2748976.

വനമിത്ര പുരസ്‌കാരം
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് 2022-23 വനമിത്ര പുരസ്‌കാരം നല്‍കുന്നു. 25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.
കണ്ടല്‍ കാടുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവ വൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ജില്ലയില്‍ ഒരു അവാര്‍ഡ് നല്‍കുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം ഫോണ്‍ 0474 2748976.

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30 രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ആഴ്ചതോറും പണം; ജീവിതവഴിയിലെ വിജയവുമായി വനിതാ കൂട്ടായ്മ
പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സാന്ത്വനം വയോജന അയല്‍ക്കൂട്ടം. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ വിജയവഴിയില്‍ 60 വയസ്സ്  മുതല്‍ 90 വരെയുള്ള സ്ത്രീകളുണ്ട്. ജീവിത സായാഹ്നത്തിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് പറയാതെ പറയുന്ന പെണ്‍കൂട്ടായ്മയാണിത്. അധ്വാനത്തിന്റെ കരുത്തില്‍ ഇവര്‍ തീര്‍ക്കുന്നത് ഒരു പിടി നാടന്‍ ഉത്പന്നങ്ങള്‍.
രുചികരമായ അച്ചാറുകള്‍, അവലോസ്‌പൊടി, അരിയുണ്ട, അവല്‍, നാടന്‍ വെളിച്ചെണ്ണ, ധാന്യപ്പൊടികള്‍, കയറില്‍ തയാറാക്കിയ ഉറി, തെങ്ങോലചൂല്‍ എന്നിവയാണ് ഇവര്‍ തയാറാക്കി വീടുകളിലെത്തിച്ച് വില്‍പന നടത്തുന്നത്. ലഭിക്കുന്ന വരുമാനം ആഴ്ചതോറും സ്വന്തമാക്കുന്നുമുണ്ട്. മരുന്നിനും നിത്യചെലവിനും ആരെയും ആശ്രയിക്കേണ്ട എന്നതാണ് പ്രധാന സവിശേഷത. ഒറ്റപെടലും രോഗാവസ്ഥയും ഉള്‍പ്പടെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ തണലും പ്രചോദനവുമാണ് സാന്ത്വനം. സ്വന്തമായി വരുമാനം കണ്ടെത്താന്‍ വഴിയൊരുക്കി വയോജനക്ഷേമം ഉറപ്പാക്കാനാണ് പദ്ധതിയെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷകുമാര്‍ പറഞ്ഞു.
ഉത്്പന്നങ്ങളുടെ വിപണനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. റെജി നിര്‍വഹിച്ചു. അയല്‍ക്കൂട്ടം പ്രസിഡന്റ് ചിന്നമ്മ ജോണ്‍ അധ്യക്ഷയായി. അംഗങ്ങളുടെ ലാഭവിഹിതം ശോശാമ്മ വര്‍ഗീസ് വിതരണം ചെയ്തു. വെട്ടിക്കവല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടിജു യോഹന്നാന്‍, പഞ്ചായത്ത് അംഗം ഉഷ പ്രസാദ്, ബി.കെ. അനിത, ശ്രീജ വിജയമ്മ, മേരിക്കുട്ടി ബാബു തുടങ്ങിയവര്‍  പങ്കെടുത്തു.

സാമ്പ്രാണിക്കോടി ബോട്ട് സര്‍വീസ് നാളെ (ഏപ്രില്‍ 13 )മുതല്‍
സാമ്പ്രാണിക്കോടി തുരുത്ത് വിനോദസഞ്ചാരത്തിനായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രത്യേക സേവനം. കൊല്ലം സ്റ്റേഷനില്‍ നിന്നുള്ള 11 മണി, രണ്ട് മണി കൊല്ലം-പ്ലാവറ പാസഞ്ചര്‍ സര്‍വീസുകള്‍ പാസഞ്ചര്‍-കം-ടൂറിസ്റ്റ് ട്രിപ്പുകളാക്കി സാമ്പ്രാണിക്കോടി വരെ ദീര്‍ഘിപ്പിച്ചു. 20 രൂപയാണ് യാത്രാനിരക്ക്. നാളെ (ഏപ്രില്‍ 13 ) മുതല്‍ സര്‍വീസ് ആരംഭിക്കും. വിശദവിവരങ്ങള്‍ 04742741211 നമ്പരില്‍ ലഭിക്കും

ദേശീയ പുരസ്‌ക്കാര നിറവില്‍ പടിഞ്ഞാറേകല്ലട പഞ്ചായത്ത്
പ്രവര്‍ത്തന മികവിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദീനദയാല്‍ ഉപാധ്യായ ശാക്തീകരണ്‍ പുരസ്‌കാരം പാടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് അംഗീകാരം. 15 ലക്ഷം രൂപയാണ് പുരസ്‌ക്കാര തുക. പഞ്ചായത്ത്‌രാജ് ദിനമായ ഏപ്രില്‍ 24ന് ജമ്മുകാശ്മീരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.
കാര്‍ഷികക്ഷീര വികസന മേഖലയില്‍ സ്വയം പര്യാപ്തത, വിനോദ സഞ്ചാര മേഖലയിലെ വികസനം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍. പഞ്ചായത്ത് മുന്നോട്ട് വച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌ക്കാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

error: Content is protected !!