Input your search keywords and press Enter.

സംസ്ഥാനത്ത് 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകൾ കൂടി

 

സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റേയും എഫ്.എസ്.എസ്.എ.ഐ.യുടേയും സഹകരണത്തോടെയാണ് ഈ ലബോറട്ടറികൾ സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർഗോഡ് എന്നീ ജില്ലകൾക്കാണ് പുതുതായി മൊബൈൽ ലബോറട്ടറികൾ അനുവദിച്ചിട്ടുള്ളത്.

 

ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി.പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന പൊതു മാർക്കറ്റുകൾ, റസിഡൻഷൽ ഏരിയകൾ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും.

 

ആ പ്രദേശത്തെ ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കുന്നതൊടൊപ്പം ജനങ്ങൾക്കും സ്‌കൂൾ കുട്ടികൾക്കും അവബോധം നൽകും. ഇതോടൊപ്പം അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യ ഉത്പാദകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് പരിശീലനവും നൽകും. വീട്ടിൽ മായം കണ്ടെത്താൻ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം.ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളിൽ പോകാതെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ മൊബൈൽ ലാബുകളിൽ സജ്ജമാക്കിയിരിക്കുന്നത്.

 

ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡൽറ്ററേഷൻ ടെസ്റ്റുകൾ, മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. റിഫ്രാക്ടോമീറ്റർ, പിഎച്ച് & ടി.ഡി.എസ്. മീറ്റർ, ഇലക്ട്രോണിക് ബാലൻസ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇൻക്യുബേറ്റർ, ഫ്യൂം ഹുഡ്, ലാമിനാർ എയർ ഫ്ളോ, ആട്ടോക്ലേവ്, മിൽക്കോസ്‌ക്രീൻ, സാമ്പിളുകൾ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റർ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈൽ ലാബിലുള്ളത്. പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി മൈക്ക് സിസ്റ്റം ഉൾപ്പെടെ ടിവി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്.

 

കുടിവെള്ളം, പാൽ, എണ്ണകൾ, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാൻ സാധിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെങ്കിൽ ഭക്ഷ്യ സുരക്ഷാ ലാബുകളിലേക്ക് അയക്കും.പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവർത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രിൽ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവൻ അങ്കണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയാകും.

error: Content is protected !!