ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30 ന് രാവിലെ 11 നും പ്രി-ഡി.ഡി.സി യോഗം ഏപ്രില്‍ 23 ന് രാവിലെ 11 നും ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
തൊഴില്‍രഹിതര്‍ക്ക് വായ്്പയ്ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവനം, ഭവന പുനഃരുദ്ധാരണ, വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്.
പ്രായം 18നും 55നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എംസി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503.
അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്
വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫീസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ അവധിക്കാല പഠന ക്ലാസ് നടത്തുന്നത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇത്തരമൊരു ഉദ്യമം ആദ്യമായാണെന്നും പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വേനല്‍ക്കാല ക്ലാസിലൂടെ അവസരം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വേനല്‍ അവധി മികച്ചതാക്കുന്നതിന് വേണ്ടി നടത്തുന്ന പഠന ക്ലാസില്‍ എട്ടു മുതല്‍ 16 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രാഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ മേഖലകളില്‍ പ്രഗല്‍ഭരായ അധ്യാപകര്‍ പഠനക്ലാസുകള്‍ നയിക്കും. ഒരു കുട്ടിക്ക് മൂന്നു വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്ലാസുകളും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പ്രമുഖരുമായുള്ള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും നടത്തും. വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടി കാക്കാരശി നാടകം, നാടക പരിശീലനം, വിനോദ യാത്രകള്‍ തുടങ്ങിയവയും ക്ലാസുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അപേക്ഷ ഫോറം പൂരിപ്പിച്ച് അടൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലോ, സമീപത്തുള്ള ബി.ആര്‍.സി ഓഫിസിലോ ഈ മാസം 17 വരെ നല്‍കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലാസിന് 1500 രൂപയാണ് ഫീസ്. ഉച്ച ഭക്ഷണം കുട്ടികള്‍ കൊണ്ടുവരണം. പഠനക്ലാസിനെക്കുറിച്ച് വിശദീകരിക്കുന്നതിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, എഡിസി ജനറല്‍ കെ.കെ. വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645374919, 9400063953, 9447151132, 9497817585, 9495903296 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.\
മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
മുന്‍തൂക്കം നല്‍കണം: ഡോ. തോമസ് ഐസക്
മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല പദ്ധതി നിര്‍വഹണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ പങ്കെടുത്ത ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കുന്ന സമൂഹം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിന് ബോധ്യം വരുത്തണം. മാലിന്യസംസ്‌കരണം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടില്‍ നിന്നാവണമെന്ന് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കണം. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യം കൃത്യമായ ബോധവല്‍ക്കരണമാണെന്ന് നാം മറക്കരുത്. ആവശ്യമെങ്കില്‍ ഇത്തരം പദ്ധതികളുടെ നടത്തിപ്പിനായി നേതൃത്വം മുന്നിട്ടിറങ്ങണം.
നമ്മുടെ കമ്പോളങ്ങള്‍, പൊതുഇടങ്ങള്‍ ഇവയൊക്കെ വൃത്തിയായി പരിപാലിക്കപ്പെടണം. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൊസൈറ്റിയാക്കണമെന്നും ഇവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന് വീട്ടുകാര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുക്കാന്‍ സേനയെ പഠിപ്പിക്കേണ്ട ആവശ്യകതയും ഉണ്ട്. നമ്മുടെ മാലിന്യങ്ങള്‍ തരംതിരിച്ച് വയ്ക്കാന്‍ കൃത്യമായ ഒരു റിസോഴ്സ് സെന്റര്‍ നമുക്ക് ആവശ്യമാണ്. ജലാശയങ്ങളും തോടുകളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി രൂപീകരിച്ചപ്പോള്‍ തന്നെ ഏകീകൃതമായ ഒരു പേര് പദ്ധതിക്ക് വേണം എന്നൊരു നിര്‍ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പിലേക്ക് വച്ചിരുന്നുവെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഇത് ഒരു സംയോജന പദ്ധതിയാണ്. എന്നാല്‍, ഓരോ പഞ്ചായത്തിന്റെയും സാഹചര്യമനുസരിച്ച് മുന്‍ഗണന പ്രകാരം കാര്യങ്ങള്‍ ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ല സമ്പൂര്‍ണ ശുചിത്വ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പൂര്‍ണവിജയമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ തുടക്കമാണ് ശില്‍പ്പശാലയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്വച്ച്ഭാരത് മിഷന്‍, സംസ്ഥാന ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ ശുചിത്വ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി ആണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിക്ക് ആവശ്യമായ പ്രചാരണം നടത്തും. ആവശ്യമെങ്കില്‍ റിസോഴ്സ് പേഴ്സണെയോ വോളണ്ടിയറെയോ കണ്ടെത്തി ബോധവല്‍ക്കരണവും പരിശീലനവും നല്‍കും. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ട ഈ പദ്ധതിക്ക് നാലു കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്കായി ധാരണാപത്രവും ഒപ്പിട്ടു. ജില്ലയിലെ ഇറച്ചിക്കോഴികളുടെ മാലിന്യം ശേഖരിച്ച് ഉപ ഉല്‍പ്പന്നം നിര്‍മിക്കാനാവശ്യമായ പദ്ധതിയുടെ നടപടികള്‍ പുരോഗമിച്ചു വരികയാണ് അതോടൊപ്പം അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജില്ലയിലെ വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം
കാടറിയുന്നോരുടെ വയറെരിയാതിരിക്കാന്‍ എന്ന പേരില്‍ വേനല്‍ അവധികാലത്ത് എല്ലാ ദിവസവും മേയ് 31 വരെ പട്ടികവര്‍ഗ ഊരുകളിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും റാന്നി ഗുഡ്‌സമരിറ്റന്‍ ട്രസ്റ്റിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 13) ഉച്ചയ്ക്ക് ഒന്നിന് പ്ലാപ്പളളി കോളനിയില്‍ നടക്കും. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.