Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ഹീമോഫീലിയ ദിനാചരണം
ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ ഡി.ഡി.സി.സിയില്‍ ഹീമോഫീലിയ ദിനാചരണം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹീമോഫീലിയ ചികിത്സ സൗജന്യമാക്കിയതിലൂടെ ഭാരിച്ച ചികിത്സാചിലവിന്റെ ഭാരം കുറയ്ക്കാനായി. രോഗികളെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ നയം ആശ്വാസം പകരുകയാണെന്നും അദ്ദേഹം പറഞ്ഞു.  ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ബോധവല്‍ക്കരണ റാലി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അധ്യക്ഷയായി. ‘എല്ലാവര്‍ക്കും പ്രാപ്യത, പങ്കാളിത്തം, നയചാതുര്യം, പുരോഗതി’ ഈ വര്‍ഷത്തെ ഹീമോഫീലിയ ദിന സന്ദേശമാണ്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്ന അഞ്ച് കാഷ്വാലിറ്റി സെന്ററുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി, കടയ്ക്കല്‍, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് അടിയന്തിര സൗകര്യമുള്ളത്. ചടങ്ങില്‍ ഹീമോഫീലിയ ചികിത്സ നടത്തുന്ന കുട്ടികള്‍ക്ക് എം.എല്‍.എ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണി, ജില്ല ഹീമോഫീലിയ നോഡല്‍ ഓഫീസര്‍ ഡോ. മേരി സാന്‍ഷ്യ, എന്‍. എച്ച്. എം, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവീകരിച്ച സപ്ലൈകോ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 21 )
നവീകരിച്ച കൊട്ടിയം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തന ഉദ്ഘാടനം നാളെ (ഏപ്രില്‍ 21)  രാവിലെ 9 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും.
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള തേജസ് ബില്‍ഡിങ്ങില്‍ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സപ്ലൈകൊ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 21)
സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച കൊല്ലം മെയിന്‍ എന്‍.എഫ്.എസ്.എ ഗോഡൗണ്‍, ദക്ഷിണ മേഖല റേഷനിങ് ഡപ്യൂട്ടി കണ്‍ട്രോളര്‍ കാര്യാലയം, താലൂക്ക് സപ്ലൈ ഓഫീസ്, സുഭിക്ഷാഹോട്ടല്‍ എന്നിവയുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 21ന്) നടക്കും. എം.നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ ഓരോ സംരംഭവും ഉദ്ഘാടനം നിര്‍വഹിക്കും. സപ്ലൈകോ കൊല്ലം ഡിപ്പോ കോമ്പൗണ്ടില്‍ 21162 ചതുരശ്ര അടിയിലാണ് ഗോഡൗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പൂയപ്പള്ളി കുന്നുംവാരം അങ്കണവാടി സ്മാര്‍ട്ടാണ്
അങ്കണവാടിയില്‍ എത്തുന്ന കുരുന്നുകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങി പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് 178-ാം നമ്പര്‍ കുന്നുംവാരം ‘സ്മാര്‍ട്ട് അങ്കണവാടി’. ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള സ്മാര്‍ട്ട് അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം ജി.എസ്.ജയലാല്‍ എം.എല്‍.എ നിര്‍വഹിച്ചു. അങ്കണവാടികള്‍ സ്മാര്‍ട്ടാകുന്നതിലൂടെ പ്രാരംഭ ശൈശവകാല സംരക്ഷണവും കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.
സമൂഹ്യനീതി വകുപ്പില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.പഠനമുറി,വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ പ്രാഥമിക സൗകര്യത്തിനുള്ള മുറികള്‍, ഉദ്യാനം എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷൈന്‍കുമാര്‍, വൈസ് പ്രസിഡന്റ് എം. വിശ്വനാഥന്‍ പിള്ള, സെക്രട്ടറി ആര്‍. രാജേഷ്‌കുമാര്‍, സി.ഡി.പി.ഒ എം. ലേഖ,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍,ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രില്‍ 23ന് അഭിമുഖം നടത്തും. പ്ലസ്ടു യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 23ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2740615, 8714835683.

മെയ് ആറിന് മദ്യനിരോധനം
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മേയ്  ആറിന് ക്ഷേത്രത്തിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുളള എല്ലാ മദ്യശാലകളും അടച്ചിട്ട് പ്രദേശം സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

റവന്യൂ ജീവനക്കാരുടെ കലോത്സവത്തിന്  (ഏപ്രില്‍ 20) തുടക്കം
റവന്യൂ ജീവനക്കാരുടെ കലോത്സവം ഇന്ന് (ഏപ്രില്‍ 20) മുതല്‍ 24വരെ ജില്ലയിലെ വിവിധ വേദികളില്‍ നടക്കും. കായിക മത്സരങ്ങള്‍ 20ന് ആശ്രാമം മൈതാനിയിലും കലാമത്സരങ്ങള്‍ക്ക് 24-നും തുടക്കമാകും. 20-ന് ക്രിക്കറ്റ് മത്സരം ആശ്രാമം മൈതാനത്തു ഒന്‍പത് മണി മുതല്‍.
21-ന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക്‌സ് മത്സരങ്ങള്‍ :-
ഒന്‍പതു മണിക്ക് 100 മീറ്റര്‍ (പുരുഷന്‍) 10 മണിക്ക് 100 മീറ്റര്‍ (വനിത) 11മണിക്ക് 400 മീറ്റര്‍ (പുരുഷന്‍) 11.30ന് 400 മീറ്റര്‍ (വനിത), ഉച്ചയ്ക്ക് 12 മണി മുതല്‍ 1500 മീറ്റര്‍ (പുരുഷന്‍ ) 12.30ന് 100 മീറ്റര്‍ റിലേ (പുരുഷന്‍ /വനിത), രണ്ടു മണി മുതല്‍ ഷോട്ട്പുട്ട് ( പുരുഷന്‍), മൂന്നു മണിക്ക് ലോങ്ജമ്പ് (പുരുഷന്‍ /വനിത). വൈകുന്നേരം നാലിന് ആം റെസ്ലിങ് (പുരുഷന്‍ /വനിത )
22ന് രാവിലെ ഒന്‍പത് മണി മുതല്‍ മൂന്ന് മണി വരെ ഷട്ടില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് (വനിത), ഷട്ടില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് (പുരുഷന്‍) മത്സരങ്ങള്‍ പട്ടത്താനം നാസ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടക്കും. ഇതേ വേദിയില്‍ 23-ന് ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് (പുരുഷന്‍, വനിത) ഷട്ടില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളും ഒന്‍പതു മുതല്‍ മൂന്നു വരെ നടക്കും. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ 23-ന് പുരുഷവിഭാഗം ഫുട്ബോള്‍ മത്സരവും നടക്കുന്നതോടെ കായിക മത്സരങ്ങള്‍ക്ക് സമാപനമാകും.
ഏപ്രില്‍ 21, 22 തീയതികളില്‍ സിവില്‍ സ്റ്റേഷന്‍ ആത്മാ ഹാളില്‍ രചനാ മത്സരങ്ങളും ഏപ്രില്‍ 24ന് ഗവ.ഹൈസ്‌ക്കൂള്‍, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ കലാമത്സരങ്ങളും നടക്കും. 21ന് രാവിലെ 10 മുതല്‍ 12 വരെ കഥാരചന, ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് വരെ കവിതാ രചന എന്നിവ നടക്കും. 22 ന് രാവിലെ 10 മുതല്‍ 12 വരെ പെയിന്റിംഗും, ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ ഉപന്യാസരചനയും നടക്കും.
ഏപ്രില്‍ 24ന് കൊല്ലം ഗവ.ഹൈസ്‌കൂളിലെ വേദിയില്‍ രാവിലെ 10 മണി മുതല്‍ വയലിന്‍ (കര്‍ണാടിക്) 10.15 മുതല്‍ ഓട്ടന്‍തുള്ളല്‍, 10.30 മുതല്‍ മോഹിനിയാട്ടം, 11ന് തിരുവാതിര, 12മുതല്‍ സിനിമാറ്റിക് ഡാന്‍സ്, ഉച്ചയ്ക്ക് 1ന് ഒപ്പന, 1.15ന് നാടോടി നൃത്തം എന്നിവ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏകാങ്കനാടകം, 3.30 മുതല്‍ മോണോആക്ട്, നാല് മുതല്‍ മിമിക്രി, 4.30ന് മൂകാഭിനയം, അഞ്ച് മുതല്‍ നാടന്‍പാട്ട് എന്നിവയും.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ വേദിയില്‍, രാവിലെ 10 മുതല്‍ കര്‍ണാടക സംഗീതം, 10.20 മുതല്‍ മാപ്പിളപ്പാട്ട്, 11.30ന് ലളിതഗാനം, ഉച്ചയ്ക്ക് രണ്ട് മുതല്‍ കവിതാലാപനം, അഞ്ചിന് പ്രസംഗമത്സരം എന്നിവയാണ് നടക്കുക.

ഗതാഗത നിയന്ത്രണം
കൊല്ലം-ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ രണ്ടാംനമ്പര്‍ വരെ പൊതുമരാമത്ത് വകുപ്പിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ഏപ്രില്‍ 20 മുതല്‍ രണ്ടുമാസത്തേക്ക് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചതായി ജില്ലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വിമുക്തഭട•ാര്‍ക്ക് താമസം
മുതിര്‍ന്ന പൗര•ാരായ വിമുക്തഭട•ാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പണം നല്‍കി താമസിക്കാനുള്ള കേരള ആന്റ് കര്‍ണാടക സബ് ഏരിയ ഹെഡ്ക്വാര്‍ട്ടറിന്റെ പദ്ധതിയില്‍ അപേക്ഷിക്കാം. മുതിര്‍ന്ന പൗര•ാരായ വിമുക്തഭട•ാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാസൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2792987.

ക്ഷേമപദ്ധതി അംഗത്വം
കേരള ചുമട്ട് തൊഴിലാളി ബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചട്ടം 26(എ) കാര്‍ഡ് (എ.എല്‍.ഒ കാര്‍ഡ്) ലഭിച്ചതും നിലവില്‍ ബോര്‍ഡിന്റെ അണ്‍അറ്റാച്ചഡ്/അറ്റാച്ചഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ എല്ലാ ചുമട്ട് തൊഴിലാളികളും അടിയന്തിരമായി സ്‌കാറ്റേര്‍ഡ് ക്ഷേമപദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം. എ.എല്‍.എ കാര്‍ഡ് ലഭിച്ച എല്ലാ ചുമട്ട് തൊഴിലാളികളും അംഗത്വം സ്വീകരിക്കുന്നതിന് വേണ്ടി, ക്ഷേമ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം. നിലവില്‍ ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഇ-ശ്രം കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2749048, 8075333190.

കരാര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം കരാറടിസ്ഥാനത്തില്‍ എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികയിലേക്ക് സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30ന് വൈകിട്ട് അഞ്ച് മണി. 2023 മാര്‍ച്ച് 31 വരെയാണ് കരാര്‍ നിയമനം. കാലാവധിക്കുള്ളില്‍ സ്ഥിരം അധ്യാപകരെ നിയമിച്ചാല്‍ കാലാവധി അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്. ഫോണ്‍ 0475 2222353.
ഒഴിവുകള്‍-എച്ച്.എസ്.എ –  ബാച്ച് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, ഒരു ഒഴിവു വീതം. പ്രൈമറി വിഭാഗം ഡ്രോയിങ് ഒരു ഒഴിവ്. എച്ച്.എസ്.എസ്. ടി (ജൂനിയര്‍) കൊമേഴ്‌സ് ബാച്ച് അക്കൗണ്ടിംഗ്, ബിസിനസ് സ്റ്റഡീസ്, എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓരോ ഒഴിവ് വീതം. എച്ച്.എസ്.എസ്.ടി (ജൂനിയര്‍) സയന്‍സ് ബാച്ച് കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ് ഓരോ ഒഴിവ് വീതം. എച്ച്.എസ്.എസ്. ടി  ജൂനിയര്‍) ഇംഗ്ലീഷ്, മലയാളം ഓരോ ഒഴിവ് വീതം.

നാറ്റ്പാക് പരിശീലനം
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പനങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഏപ്രില്‍ 27,28,29 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 0471 2779200, 9074882080.

error: Content is protected !!