എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഫുഡ്കോര്‍ട്ട്
തലശ്ശേരി ബിരിയാണി, വനസുന്ദരി, ആലപ്പുഴ സ്‌പെഷ്യല്‍ കപ്പ-മീന്‍ കറി. പിന്നെ പായസവും പഴച്ചാറുകളും ഐസ്‌ക്രീമും കേക്കുകളും പാലക്കാടിന്റെ നാടന്‍ വിഭവങ്ങളും. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി കുടുംബശ്രീ ഫുഡ് കോര്‍ട്ട് വേറിട്ട് നില്‍ക്കും. മധുരത്തിന് പായസങ്ങളും ഉഷ്ണത്തിന് ജ്യൂസുകളും ഫുഡ്കോര്‍ട്ടിലുണ്ടാകും. ഇതോടൊപ്പം ഓര്‍ഡറുകള്‍ക്കനുസരിച്ച് കേക്കുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് കുടുംബശ്രീ സ്റ്റാള്‍ ഒരുക്കുന്നത്.
പാള പ്ലേറ്റും പേപ്പര്‍ ബാഗും ഉള്‍പ്പെട്ട ബദല്‍ മാര്‍ഗങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും
നിത്യ ജീവിതത്തിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗം ഒരുക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍. പാള കൊണ്ട് നിര്‍മ്മിക്കുന്ന പ്ലേറ്റ്, ഗ്ലാസ്, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ ഫയലുകള്‍, തുണി സഞ്ചികള്‍ തുടങ്ങിയവയെല്ലാം സ്റ്റാളുകളില്‍ ലഭിക്കും.
ചിരട്ടയിലും മുളയിലും വിസ്മയങ്ങള്‍ കാണാം
പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍, ആഭരണങ്ങള്‍, ലോഹങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന ശില്‍പ്പങ്ങള്‍, ബാഗുകള്‍, ചിരട്ട, മുള തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ആകര്‍ഷകമാവും.
രാജസ്ഥാനി, കുത്താമ്പുള്ളി വസ്ത്ര വൈവിധ്യങ്ങള്‍
പ്രാദേശികമായി നെയ്തെടുക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പാലക്കാടിന്റെ തനത് കുത്താമ്പുള്ളി വസ്ത്രങ്ങള്‍ മേളയിലെത്തും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സാരി, ചുരിദാര്‍, ഉടുപ്പ്, മുണ്ട്, ഷര്‍ട്ട് ഉള്‍പ്പടെയുള്ള രാജസ്ഥാനി മോഡല്‍ വസ്ത്രങ്ങളും എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സ്റ്റാളുകളിലുണ്ടാവും.
കാന്താരി സിറപ്പും ചക്കിലാട്ടിയ എണ്ണയും
തനത് നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെട്ട ഫുഡ് പ്രോസസിങ് സ്റ്റാള്‍ മേളയില്‍ ശ്രദ്ധാകേന്ദ്രമായി മാറും. ശര്‍ക്കര വരട്ടി, കായ വരട്ടി, കാന്താരി സിറപ്പ്, വിവിധ സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ബിസ്‌ക്കറ്റുകള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ചോക്ലേറ്റ്, കൂണ്‍ ബിസ്‌ക്കറ്റ് ഉള്‍പ്പെട്ട വിവിധ കൂണ്‍ ഉത്പ്പന്നങ്ങളും കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാകും.
മോടികൂട്ടാന്‍ അലങ്കാര സസ്യങ്ങള്‍
സ്റ്റാളിന് നിറവസന്തം തീര്‍ത്ത് സവിശേഷമായ പൂച്ചെടികള്‍, അലങ്കാരസസ്യങ്ങള്‍, ഫലവൃക്ഷ തൈകള്‍, വിവിധ വിത്തുകള്‍ ഉള്‍പ്പടെയുള്ളവയും പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തും. പ്ലാന്റ് നഴ്സറികളില്‍ നിന്ന് ചെടികള്‍ വാങ്ങുന്നതിനുള്ള സൗകര്യവും കുടുംബശ്രീ ഒരുക്കും.
അട്ടപ്പാടി രുചിക്കൂട്ടുകളുമായി പ്രത്യേകം സ്റ്റാള്‍
അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാത്തു സൂക്ഷിച്ച രുചിക്കൂട്ടുകള്‍ ‘ഹില്‍ വാല്യൂ’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടൂംബശ്രീ സ്റ്റാളിലെത്തിക്കും. അതോടൊപ്പം റാഗി, തുവര, ചോളം, തേന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ മില്ലറ്റ് കഫേയും സ്റ്റാളില്‍ ഉണ്ടാകും. ഇവ കൂടാതെ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന യൂണിറ്റ്, ആയുര്‍വേദ സോപ്പുകള്‍, രാമച്ചം സ്‌ക്രബ്ബര്‍, ഔഷധഗുണങ്ങളുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ പ്രദര്‍ശന വിപണന മേളയില്‍ ആകര്‍ഷകമാകും. കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന സ്റ്റാളില്‍ പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയില്‍ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്‍ഡ് ഉത്പന്നങ്ങളും ലഭ്യമാകും.
ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 22 ന് രാവിലെ 10 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. പരിപാടിയില്‍ കര്‍ഷകനായ പെരുമാട്ടി കെ.എ ജഗദീഷിനെ മന്ത്രി ആദരിക്കും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന തുടര്‍ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. പരിപാടിയില്‍ എം.പിമാരായ രമ്യ ഹരിദാസ്, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും, എം.എല്‍.എമാരായ പി. മുഹമ്മദ് മുഹ്സിന്‍, അഡ്വ. കെ ശാന്തകുമാരി, കെ.ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി നീതു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ സിനിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് ജില്ലാ ലെപ്രസി യൂണിറ്റിന്റെയും പെരുമാട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ കോളനികളില്‍ കുഷ്ഠരോഗികളെ കണ്ടെത്തുന്ന സ്പര്‍ശം 2022 ന്റെ ഭാഗമായി പെരുമാട്ടി പഞ്ചായത്ത് പ്രദേശത്തെ പട്ടികവര്‍ഗ്ഗ കോളനികളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കുഷ്ഠരോഗികളെ കണ്ടെത്തി. പരിപാടിക്ക് ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബേബി തോമസ്, എന്‍.എം.എസ് മാരായമാര്‍ട്ടിന്‍ ബ്രിട്ടോ, ഹരിദാസ്, ജെ.എച്ച്. ഐ.ധനമണി, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അട്ടപ്പാടി ഐ.റ്റി.ഡി.പി. ഓഫീസ് പരിധിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ താമസിച്ചു വരുന്നവരും സിവില്‍ എഞ്ചിനീയറിംഗ് (ബി.ടെക് / ബി.ഇ), ഡിപ്ലോമ ഇന്‍ സിവില്‍, ഐ.ടി.ഐ കോഴ്സ് പൂര്‍ത്തീകരിച്ചവരും നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാത്തവരുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ വികസന പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഭാവിയില്‍ വിവിധ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതിനും കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 25ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലെ ഐ.റ്റി.ഡി.പി കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04924- 254382
ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നം.116/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 16 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികളും നിയമനം ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റ ആഭിമുഖ്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്മെന്റ് പ്രോഗ്രാം, പ്രീ ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ പ്രോഗ്രാം എന്നിവ നടത്തുന്നു. രണ്ട് മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 23 നകം ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് സി.ഡി.സിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലിപ്പ് കൊണ്ടുവരണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന് കൈത്താങ്ങ് 2022 തൊഴില്‍മേള ഗവ.വിക്ടോറിയ കോളേജില്‍ രാവിലെ 9.30 ന് സ്പീക്കര്‍ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ സ്‌കില്‍ രജിസ്ട്രി ആപ്ലിക്കേഷന്റെ പ്രചാരണ ഉദ്ഘാടനം വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എന്‍.എസ്.ക്യു.എഫ് അനുസൃതമായ ഹൃസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍, എഞ്ചിനീയറിംഗ്, ടെക്നോളജി – ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എം.പിമാരായ വി. കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ.ബാബു, മുഹമ്മദ് മുഹ്സീന്‍, എന്‍.ഷംസുദ്ദീന്‍, കെ. ശാന്തകുമാരി, എ.പ്രഭാകരന്‍, അഡ്വ. കെ.പ്രേംകുമാര്‍, പി.മമ്മിക്കുട്ടി, പി.പി സുമോദ്, പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, പാലക്കാട് മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ പി.സാബു, കെ.എ.എസ്.ഇ എം.ഡി കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മേഴ്സി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുക്കും.
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
ജില്ലയിലെ റവന്യൂ ഡിവിഷന് കീഴിലുള്ള വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ആറ് മാസക്കാലയളവിലേക്ക് എട്ട് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ 25 ന് വൈകീട്ട് മൂന്നിനകം പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 26 ന് രാവിലെ 11 ന് തുറക്കും. ഫോണ്‍: 0491 2535585
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അധ്യാപക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സുവോളജി, ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ് തസ്തികകളിലും ഹൈസ്‌കൂള്‍ വിഭാഗം മാത്ത്‌സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, എം.സി.ആര്‍.ടി(എച്ച്.എസ്.ടി), ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്(സ്പെഷ്യല്‍ ടീച്ചര്‍) എന്നീ തസ്തികകളിലുമാണ് നിയമനം നടത്തുന്നത്. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി(പി.ഒ), അട്ടപ്പാടി, 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04924 254382
മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഏപ്രില്‍ 20 വരെ 5929.65 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 1320.35 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 107.35 (274), തമിഴ്നാട് ഷോളയാര്‍ 644.80 (5392), കേരള ഷോളയാര്‍ 1272.20(5420), പറമ്പിക്കുളം 13385.05 (17820), തൂണക്കടവ് 556.48(557), പെരുവാരിപ്പള്ളം 619.70(620), തിരുമൂര്‍ത്തി 1315.84(1935), ആളിയാര്‍ 1340.63(3864)
വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിയുക, താത്പര്യമുള്ള കോഴ്സുകള്‍ കണ്ടെത്തുക, ഉപരി പഠനം നടത്തുക, ഇഷ്ടമുള്ള തൊഴില്‍ രംഗം തിരഞ്ഞെടുക്കുക എന്നിവയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് വിദഗ്ധയായ കരിയര്‍ കൗണ്‍സിലറുടെ സേവനം ചിറ്റൂര്‍ സി.ഡി.സിയില്‍ നടത്തും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സൗജന്യ കരിയര്‍ കൗണ്‍സിലിംഗ് സേവനം പ്രയോജനപ്പെടുത്താമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297
ആലത്തൂര്‍ താലൂക്കിലെ മേലാര്‍കോട് വില്ലേജിലെ ഭൂപരിഷ്‌കരണ നിയമപ്രകാരം പഴണന്‍ മകന്‍ അശോകനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 0.9956 ഹെക്ടര്‍ മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ മേലാര്‍കോട് വില്ലേജിലേയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് മെയ് 21 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് – വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309