Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

പത്രക്കുറിപ്പ്

                                                                        emblem.jpeg
0491-2505329, 9496003206                                                                        ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്
Website: prd.kerala.gov.in                                                                            ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
Email: prd.pkd@gmail.com                                                                          പാലക്കാട് 22/04/2022
 
ആധുനിക കൃഷി രീതികള്‍ സ്വീകരിച്ച് വാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ആധുനിക കൃഷി രീതികള്‍ സ്വീകരിച്ച് കാര്‍ഷിക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ജില്ലാ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയിലെ തൊഴില്‍സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സാഹചര്യമാണെന്നും അതിനുവേണ്ടിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും 100 കുടുംബങ്ങളെ വീതം കൃഷി ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് ശാസ്ത്രീയ കൃഷി സംവിധാനങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നല്‍കണമെന്നും തുടര്‍ന്ന് പദ്ധതിക്കായി പ്രൊജക്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ കൃഷിഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കി കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം. വളര്‍ന്ന് വരുന്ന മത്സര വിപണിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്തില്ലെങ്കില്‍ കര്‍ഷകന് പിടിച്ചുനില്‍ക്കാനാവില്ല. കൃഷി എങ്ങനെ ശാസ്ത്രീയമായി ചെയ്യാമെന്ന് കര്‍ഷകനെ പഠിപ്പിക്കണം. ശാസ്ത്രീയമായി കൃഷിരീതി പഠിക്കുന്നതിന് ചിറ്റൂര്‍ മേഖല അനുയോജ്യമാണ്. പ്രിസിഷന്‍ ഫാമിംഗിലൂടെ വിളവും വരുമാനവും കൂട്ടാം. ഇത് ഇടവിള കൃഷിയായ കോഴി, കാലി വളര്‍ത്തല്‍ തുടങ്ങി മറ്റ് കൃഷികള്‍ക്കും സാധ്യതയുണ്ട്. മൂല്യവര്‍ധിത ഉത്പാദന രംഗത്തേക്ക് തിരിയുന്നത് കര്‍ഷകരുടെ വരുമാനം ആറിരട്ടി  വര്‍ദ്ധിപ്പിക്കും. കാര്‍ഷിക ഉത്പാദന മേഖലയില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. ഇതിനായി ഒരു കമ്പനി രൂപീകരിച്ചു കഴിഞ്ഞു. കര്‍ഷകര്‍ക്ക് ലാഭവിഹിതം കൂടി ഉറപ്പുവരുത്തുന്നതാണ് ഇതിന്റെ ബൈലോ എന്നും മന്ത്രി പറഞ്ഞു. വൈന്‍ നിര്‍മ്മാണത്തിനായി വാഴപ്പഴം, മാങ്ങ, കൈതച്ചക്ക, ജാതിതോട്, കാന്താരിമുളക് തുടങ്ങി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ  100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ കര്‍ഷകന്‍ കെ.എ ജഗദീഷിനെ മന്ത്രി ആദരിച്ചു. കൃഷി സംരക്ഷണ പ്രതിജ്ഞ എടുത്തു. വിദ്യാര്‍ത്ഥികള്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. എം.എല്‍.എ മാരായ   അഡ്വ. കെ ശാന്തകുമാരി, കെ.ബാബു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ സിനിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


ഫോട്ടോ: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കൃഷി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു

പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള…
കര്‍ഷക താളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണം

കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള… കര്‍ഷക താളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണത്തിന്റെ ഉദ്ഘാടനം ഇന്ന്(ഏപ്രില്‍ 23) രാവിലെ ഒമ്പതിന് ആലത്തൂര്‍ ദേശീയ മൈതാനിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘കാടും മലകളും കൂടി പിണയുന്ന നാടാണ് നമ്മുടെ പാലക്കാട്…. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നാട്ടില്‍ തുടക്കമായല്ലോ നാട്ടുകാരേ….. നാട്ടില്‍ തുടക്കമായല്ലോ….’  എന്നു തുടങ്ങുന്ന വരികള്‍ക്ക് പാലക്കാടിന്റെ തനത് നൃത്താവിഷ്‌കാരവുമായി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. കര്‍ഷകതൊഴിലാളിയായ തങ്കമണി എന്ന തങ്ക, കര്‍ഷകനായ ചാത്തു വാണിയംകുളം, മായാണ്ടി എന്ന ഇടചോദ്യക്കാരന്‍ എന്നീ മൂന്നു കഥാപാത്രങ്ങളാണ് അരങ്ങിലെത്തുന്നത്. ഇവരുള്‍പ്പടെ പത്തോളം കലാകാരന്മാര്‍ പൊറാട്ടില്‍ ഭാഗമാകും.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് പൊറാട്ടുനാടക പര്യടനത്തിന് ആലത്തൂരില്‍ തുടക്കമാകുന്നത്. ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകും. ആലത്തൂര്‍, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, കോങ്ങാട്, മണ്ണാര്‍ക്കാട്, നെന്മാറ, ചിറ്റൂര്‍, മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പൊറാട്ട് പര്യടനം നടത്തുന്നത്. പര്യടനം പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടന ദിനമായ ഏപ്രില്‍ 28 ന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പര്യവസാനിക്കും.

പര്യടനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് സമിതി അംഗങ്ങള്‍, ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, പ്രേമകുമാര്‍, സി. രമേശ്കുമാര്‍, കവിതാ മാധവന്‍, എ. ഹസീന ടീച്ചര്‍, ഇ. രമണി, ലിസി സുരേഷ്, സുമതി ടീച്ചര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ഫോട്ടോ: മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയുടെ മാതൃക
എന്റെ കേരളം പ്രദര്‍ശന വിപണന മേള

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള:
പഴമയുടെ രുചിക്കൂട്ടുകള്‍ കലര്‍പ്പില്ലാതെ മേളയില്‍ എത്തും: ഇത് കുടുബശ്രീയുടെ ഉറപ്പ്

പുതിയ തലമുറയ്ക്ക് സുപരിചിതമല്ലാത്ത പഴമയുടെ രുചിക്കൂട്ടുകള്‍ കലര്‍പ്പില്ലാതെ എന്റെ കേരളം പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഉണ്ടാക്കും. ചാമ, തിന, കുതിരവാലി, റാഗി, വരക്, കമ്പം, ചോളം, മുളയരി തുടങ്ങിയ ചെറു ധാന്യങ്ങളെല്ലാം അട്ടപ്പാടി ഹില്‍ വാല്യൂ എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ മേളയില്‍ എത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ‘പാലക്കാടന്‍ തനത് വിഭവങ്ങളുടെ രുചി മഹോത്സവം ഒരുക്കുകയാണ് കുടുംബശ്രീ.

 
ചക്ക ഹല്‍വയും കുക്കീസും

മേളയുടെ ഫുഡ്കോര്‍ട്ടില്‍് മധുരം കൂട്ടാന്‍ ചക്ക ഹല്‍വയും, ചക്ക കുക്കിസുമുണ്ട്,  ചക്ക കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ചക്ക പുട്ട് പൊടിയും, ചക്ക ചപ്പാത്തി പൊടിയും തയ്യാറാണ്. പുറമെ ചക്ക മിക്സ്ച്ചര്‍, ചക്ക ചിപ്സ് തുടങ്ങി ചക്ക വിഭവങ്ങളുടെ നീണ്ടനിര തന്നെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഉണ്ടാകും.

ഇരുമ്പാമ്പുളി, പാവയ്ക്ക, വെളുത്തുള്ളി, മാങ്ങ, നാരങ്ങാ, മീന്‍ അച്ചാറുകളുടെ മേളം

ഇരുമ്പാമ്പുളി, പാവയ്ക്ക, വെളുത്തുള്ളി, മാങ്ങ, നാരങ്ങാ, മീന്‍…..തൊട്ടുകൂട്ടാന്‍ ഇത്തിരി അച്ചാര്‍ ഇല്ലെങ്കില്‍ മലയാളിക്ക് ഊണ് സമ്പൂര്‍ണ്ണമാവില്ല. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് അച്ചാറുകള്‍. വിവിധതരം അച്ചാറുകളുടെ ശ്രേണി തന്നെ ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.

അട്ടപ്പാടി കുന്തിരിക്കം,നാടന്‍ ഏലം,കറുവപ്പട്ടയും

അട്ടപ്പാടി കുന്തിരിക്കം,നാടന്‍ ഏലം, കറുവപ്പട്ട, ഗ്രാമ്പു, കാപ്പി, കുരുമുളക്, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ നിരവധി സുഗന്ധവ്യഞ്ജനങ്ങളും, കടുക്, അമര, തുവര, ചോളം, എള്ള് തുടങ്ങിയ ധാന്യങ്ങള്‍ അട്ടപ്പടി ഹില്‍ വാല്യൂ  ബ്രാന്‍ഡില്‍ മേളയിലുണ്ടാവും.

ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേള വേദിയുടെ മാതൃക
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേള

 
അധ്യാപക നിയമനം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022 – 23 അധ്യയനവര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, മാത്ത്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്ത്സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, എം.സി.ആര്‍.ടി, ഫിസിക്കല്‍ എജുക്കേഷന്‍(സ്പെഷ്യല്‍ ടീച്ചര്‍) മ്യൂസിക്(സ്പെഷ്യല്‍ ടീച്ചര്‍) വിഷയങ്ങളിലുമാണ് നിയമനം. താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് നാലിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി(പി.ഒ), അട്ടപ്പാടി, 678581 വിലാസത്തില്‍ അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന ലഭിക്കും. ഏതു തസ്തികയിലേക്കാണ് അയക്കുന്നത് എന്ന വിവരം അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 04924 254382

ഡോ. എന്‍.ആര്‍ മാധവ മേനോന്‍ ഫോട്ടോ അനാച്ഛാദനം ഇന്ന്(ഏപ്രില്‍ 23)

വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ നിയമവിദ്യാഭ്യാസ വിദഗ്ദനും ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മുന്‍ഡയറക്ടറും ബാംഗ്ലൂര്‍, കൊല്‍ക്കത്ത ദേശീയ നിയമ യൂണിവേഴ്സിറ്റികളുടെ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പത്മഭൂഷന്‍ ഡോ. എന്‍.ആര്‍. മാധവമേനോന്റെ ഫോട്ടോ ഇന്ന്(ഏപ്രില്‍ 23) ഉച്ചക്ക് 2.30 ന് കളക്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ. സത്യന്‍ അനാച്ഛാദനം ചെയ്യും. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ ലോ കോളേജ് പ്രിന്‍സിപ്പാള്‍ രാധ ജി നായരെ ആദരിക്കും. പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.കെ. സുധീര്‍ സംസാരിക്കും.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് മെയ് 11 ന്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് മെയ് 11 ന് അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഹാളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ട്രാക്ടറുകള്‍, ടില്ലെറുകള്‍ വാടകയ്ക്ക്

സംസ്ഥാന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് കല്‍മണ്ഡപത്തെ യൂണിറ്റ് ഓഫീസ് കൈവശമുള്ള ട്രാക്ടര്‍, ടില്ലെറുകള്‍, ഇംപ്ലിമെന്റ്സുകള്‍ എന്നിവ കര്‍ഷകര്‍, കൃഷിഭവനുകള്‍, പാടശേഖര സമിതികള്‍, കര്‍മസേനകള്‍, മറ്റ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നു. താത്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2957924

 
അധ്യാപക നിയമനം

ജില്ലാ ഗവ. പോളിടെക്നിക്കിന് കീഴിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്ലംബിങ്, വയറിങ്  കോഴ്സുകളിലേക്ക് പരിശീലനം നല്‍കുന്നതിന് അധ്യാപക നിയമനം നടത്തുന്നു. ഈ മേഖലയില്‍ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25 ന് രാവിലെ പത്തിന് ഗവ. പോളിടെക്നിക്കില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7012085363, 9495516223

 
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശേരി(കണ്ണൂര്‍), മൂവാറ്റുപുഴ, കൊല്ലം(ടി.കെ.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 22 ന് വൈകീട്ട് അഞ്ചിനകം https://kscsa.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഏപ്രില്‍ 24 ന് രാവിലെ 11 മുതല്‍ നടക്കും. ഫോണ്‍: തിരുവനന്തപുരം- 0471 2313065, 2311654, 8281098863, പാലക്കാട് – 0491 2576100, 8281098869, കൊല്ലം – 9446772334, മൂവാറ്റുപുഴ – 8281098873, പൊന്നാനി – 0494 2665489, കോഴിക്കോട് – 0495 2386400, 8281098870, കല്യാശേരി- 8281098875

കൈത്താങ്ങ് 2022 – തൊഴില്‍മേള
സ്പോട്ട് രജിസ്ട്രേഷന്‍ ഏപ്രില്‍ 24ന് രാവിലെ ഒമ്പതിന്
 

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന് ഗവ. വിക്ടോറിയ കോളേജില്‍ കൈത്താങ്ങ് 2022 തൊഴില്‍മേള സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ ഒമ്പതിന് നടക്കും. എഞ്ചിനീയറിംഗ്, ഐ.റ്റി, നഴ്സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍, പോളിടെക്നിക്, എം.ബി.എ, ബിരുദം, ബിരുദാനന്തര ബിരുദം, ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പാരാമെഡിക്കല്‍ പ്ലസ് ടു, എസ്.എസ്.എല്‍.സി, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അഞ്ച് ബയോഡാറ്റയുമായി ഏപ്രില്‍ 24 ന് രാവിലെ ഒമ്പതിന് ഗവ. വിക്ടോറിയ കോളേജില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

 
വനിതാ മിത്ര വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക റൂട്ട്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ നോര്‍ക്ക വനിതാ മിത്രയിലേക്ക് അപേക്ഷിക്കാം. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ,  താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള തൊഴില്‍ വായ്പകളാണ് വനിതാമിത്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്നു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.kswdc.org  ല്‍ നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് പകര്‍പ്പ്, പാസ്പോര്‍ട്ടിന്റ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെയും, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും, വിസ, ഏക്സിറ്റ് പേജുകളുടെയും പ്രസ്തുത പാസ്പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍: 0491 2544090

 
താത്ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിലെ കുഴല്‍മന്ദം, തൃത്താല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കുഴല്‍മന്ദം എം.ആര്‍.എസില്‍ ഹയര്‍സെക്കന്‍ഡറി മലയാളം(സീനിയര്‍), ഇംഗ്ലീഷ്(സീനിയര്‍), കൊമേഴ്സ്(സീനിയര്‍, ജൂനിയര്‍), എക്കണോമിക്സ് (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (സീനിയര്‍), സുവോളജി(ജൂനിയര്‍), ബോട്ടണി(ജൂനിയര്‍), ഫിസിക്സ്(സീനിയര്‍), കെമിസ്ട്രി(സീനിയര്‍), കണക്ക് (സീനിയര്‍), ഹൈസ്‌കൂള്‍ വിഭാഗം മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്(പി.ടി), മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍(എം.സി.ആര്‍.ടി), വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് എന്നിവയിലും തൃത്താല എം.ആര്‍.എസില്‍ ഹയര്‍സെക്കന്‍ഡറി മലയാളം(സീനിയര്‍), ഇംഗ്ലീഷ്(സീനിയര്‍), സുവോളജി(ജൂനിയര്‍), ബോട്ടണി(ജൂനിയര്‍), കണക്ക് (സീനിയര്‍), ഹൈസ്‌കൂള്‍ വിഭാഗം മലയാളം, സോഷ്യല്‍സയന്‍സ്, വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് എന്നിവയിലുമാണ് നിയമനം.

മേട്രന്‍ കം റെസിഡന്റ്  ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും ബി.എഡും അധ്യാപക പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ പേര്, ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്‌കൂളും അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005, കുഴല്‍മന്ദം ജി.എം.ആര്‍.എസ് – 04922 217217, തൃത്താല ജി.എം.ആര്‍.എസ് – 0466 2004547

 
മെട്രിക്കുലേഷന്‍ ഫീസ് കൈപ്പറ്റണം

പട്ടാമ്പി ഗവ. സംസ്‌കൃതം കോളേജില്‍ 2019- 20 അധ്യായന വര്‍ഷത്തില്‍ പഠിച്ചിരുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെട്രിക്കുലേഷന്‍ ഫീസ് മെയ് 13 വരെ കൈപ്പറ്റാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 
കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനം കോഴി കുഞ്ഞുങ്ങളെ ലഭിക്കും.
ഒന്നിന് 18 രൂപയാണ് വില. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡും സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8590663540, 9526126636

ഗതാഗത നിരോധനം

മമ്പറം – തണ്ണീര്‍പന്തല്‍ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ കണ്ണാടി- കിണാശ്ശേരി റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!