Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായാണന്റെ നിര്യാണത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി
മന്ത്രി കെ രാധാകൃഷ്ണന്‍ റീത്ത് സമര്‍പ്പിച്ചു

അന്തരിച്ച മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും  കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ വസതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി റീത്ത് സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി
കെ.കൃഷ്ണന്‍കുട്ടി എന്നിവരും റീത്ത് സമര്‍പ്പിച്ച് അനുശോചിച്ചു.

ശങ്കരനാരായണന്റെ നിര്യാണം രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഒരു അതികായന്റെ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും മാതൃകയായ  ദൃഷ്ടാന്തമായിരുന്നു ശങ്കരനാരായണന്‍. ഗവര്‍ണ്ണറായി ഇരിക്കുമ്പോഴും ആ പദവിയുടെ യാതൊരു ബലവും കാണിക്കാതെ സരസമായും സൗഹാര്‍ദ്ദമായും പെരുമാറിയ വ്യക്തിയാണ് ശങ്കരനാരായണന്‍. അദ്ദേഹം സൃഷ്ടിക്കുന്ന  വിയോഗം  വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ശങ്കരനാരായണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സ്പീക്കര്‍ പറഞ്ഞു.

എല്ലാ അര്‍ത്ഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന്  മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്റെ ഇടപെടല്‍ സങ്കീര്‍ണ്ണമായ വേളകളില്‍ പോലും വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്.  വ്യത്യസ്തമായ നിലപാടുകളാണ്  ശങ്കരനാരായണന്‍ എക്കാലവും സ്വീകരിച്ചത്, അവ എല്ലാം ശരിയുമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അറിയിച്ചു.   കെ.ശങ്കരനാരായണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയോടെ ശങ്കരനാരായണന്റെ ഭൗതിക ദേഹം ചെറുതുരുത്തിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി

 
‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയില്‍ വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍,ആന…


തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാം ഫോട്ടോയെടുക്കാം

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയില്‍ വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍,ആന എന്നിവ മേള നഗരിയില്‍ എത്തുന്നവര്‍ക്ക് കാഴ്ച വിരുന്നാകും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മേളയില്‍ അമേരിക്കന്‍ ബുള്ളി, സെന്റ് ബര്‍ണാഡ് നായ്ക്കളും പേര്‍ഷ്യന്‍ ക്യാറ്റുകളും സിരോഹി ആടുകളും വരെ കൗതുകവും കണ്ണിനിമ്പവുമാകും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം നടക്കുന്നത്. ദിവസവും വൈകിട്ട് നാല് മുതല്‍ ആറ് വരെയാണ് മൃഗങ്ങളുടേയും പക്ഷികളുടേയും പ്രദര്‍ശനം.

ഏപ്രില്‍ 28 ന് പശുക്കള്‍, 29 ന് ആടുകള്‍, 30 ന് കോഴികള്‍, പക്ഷികള്‍, മെയ് ഒന്നിന് പട്ടികള്‍, മെയ് രണ്ടിന് പൂച്ചകള്‍, മെയ് മൂന്നിന് ആന എന്നിങ്ങനെയാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. റോട്ട് വീലര്‍, പിഗ് ബുള്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, പഗ്ഗ്, ലാബര്‍ഡോഗ് ഇനങ്ങളിലുള്ള നായകളും സയാമീസ് ക്യാറ്റ്, പേര്‍ഷ്യന്‍ ക്യാറ്റ് ഇനങ്ങളിലുള്ള പൂച്ചകളും ഗീര്‍, കാസര്‍ഗോഡ് കുള്ളന്‍, സിന്ധി, വെച്ചൂര്‍ ഇനങ്ങളിലുള്ള പശുക്കളും ബീറ്റില്‍, സിരോഹി, മലബാറി ആടുകളും മേളയിലെത്തും.

രജിസ്ട്രേഷന്‍ ഏപ്രില്‍ 27 വരെ

വളര്‍ത്ത് മൃഗങ്ങളെയും പക്ഷികളേയും പ്രദര്‍ശിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. മെയ് മൂന്നിന് ആനയെ പ്രദര്‍ശനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാനും അവസരം ഒരുക്കുന്നുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം, ഭക്ഷണ രീതി, വിപണനം, രോഗങ്ങള്‍, കൗതുകകരമായ വിവരങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരോട് ചോദിച്ചറിയാനും സ്റ്റാളില്‍ അവസരമുണ്ട്. അരുമകളായ മൃഗങ്ങളെയും അപൂര്‍വങ്ങളായ പക്ഷികളെയും പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 27 ന് വൈകിട്ട് അഞ്ചിനകം 9447417100 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.

 
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള; 28 ന് ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിള്‍ റാലിയും നാസിക് ഡോളും… തുടര്‍ന്ന് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഘോഷയാത്രയും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ 28 ന് വൈകീട്ട് മൂന്നിന് സൈക്കിള്‍ റാലിയും നാസിക്ക് ഡോളും തുടര്‍ന്ന് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഘോഷയാത്രയും സംഘടിപ്പിക്കും. ഗവ. വിക്ടോറിയ കോളേജ് മുതല്‍ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലിയുടെ ഫ്‌ലാഗ് ഓഫ് ഗവ. വിക്ടോറിയ കോളേജില്‍ ജില്ലാ കലക്ടര്‍ മൃണ്‍യമീ ജോഷി നിര്‍വ്വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സൈക്കിള്‍ റാലിയില്‍ ഒന്നാം വാര്‍ഷികത്തിന്റെ ലോഗോ, ആശയം പതിപ്പിച്ച ടീഷര്‍ട്ടും തൊപ്പിയും ധരിച്ച 70-ഓളം യുവാക്കള്‍ പ്ലക്കാര്‍ഡുകള്‍ വഹിച്ച് പങ്കെടുക്കും. എലപ്പുള്ളി യുവതരംഗം സംഘമാണ് നാസിക് ഡോള്‍ അവതരിപ്പിക്കുക. ഘോഷയാത്രയില്‍ കുടുംബശ്രീ, സാക്ഷരതാ മിഷന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര ജീവനക്കാരും അംഗങ്ങളും പങ്കാളികളാകും. ഘോഷയാത്രയും നാസിക് ഡോള്‍ അവതരണവും സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി ഉദ്ഘാടന വേദിയിലെത്തും.

ഉദ്ഘാടനത്തോടനുബന്ധിച്ച് കാഴ്ചവസന്തം തീര്‍ക്കാന്‍ പ്രണവം ശശിയും സംഘവും

പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാടന്‍ കലകളുടെ ദൃശ്യാവിഷ്‌കാരവുമായി പ്രണവം ശശിയും സംഘവും ‘നാട്ടുചന്തം’ നാടന്‍പാട്ട് അവതരിപ്പിക്കും. വള്ളുവനാടിന്റെ ഉത്സവപ്പറമ്പുകളിലെ കെട്ടുകാഴ്ചകളിലെ വട്ടമുടി, കരിങ്കാളി, പൂതന്‍ തിറ, പന്തക്കാളി കലാരൂപങ്ങളും തമിഴനാടിന്റെ അയ്യനാര്‍, മയിലാട്ടം കലാരൂപങ്ങളും തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലയായ പരുന്താട്ടവും നാടന്‍പാട്ടുകളുമായി കോര്‍ത്തിണക്കി പ്രണവം ശശിയും നാട്ടുചന്തത്തില്‍ കാഴ്ചവസന്തം തീര്‍ക്കും. പാരമ്പര്യമായി അനുഷ്ഠാനകലകള്‍ അവതരിപ്പിച്ചു വരുന്ന കലാകാരന്മാരാണ് കെട്ടുകാഴ്ച അവതരിപ്പിക്കുന്നത്. ഇരുപത്തഞ്ചോളം കലാകാരന്മാര്‍ പ്രണവം ശശിയോടൊപ്പം നാട്ടുചന്തത്തില്‍ ഭാഗമാകും.

 
ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് നിര്‍വ്വഹിച്ചു. മലമ്പനി ബോധവത്കരണാര്‍ത്ഥം ജില്ലാതലത്തില്‍ തയ്യാറാക്കിയ പോസ്റ്റര്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പങ്കജാക്ഷന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ലോക ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.പി റീത്ത വിഷയാവതരണം നടത്തി. ഏകീകൃത പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ രാജു ബോധവത്കരണ ക്ലാസ്സെടുത്തു. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിനാചരണ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിലും കീഴ്സ്ഥാപനങ്ങളിലും നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.

കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കുഴല്‍മന്ദം വൈസ് പ്രസിഡന്റ് പി.സജിത അധ്യക്ഷത വഹിച്ചു. കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. മൈനാവതി, ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ ഓഫീസര്‍ പി. ബിനുകുട്ടന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് മുരളീധരന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ശെല്‍വരാജ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാതല കിസാന്‍ മേള 

ജില്ലാ അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല കിസാന്‍ മേള (ഏപ്രില്‍ 26) രാവിലെ ഒമ്പതിന് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ പട്ടാമ്പി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലക്ഷ്മിക്കുട്ടി കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കിസാന്‍ മേളയോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക – ശാസ്ത്രജ്ഞ ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, മണ്ണ് പരിശോധന ക്യാമ്പയിന്‍ എന്നിവയും സംഘടിപ്പിക്കും. പരിപാടിയില്‍ മുതിര്‍ന്ന കര്‍ഷകന്‍ കെ.ടി അലവിയെ പൊന്നാട അണിയിച്ച് ആദരിക്കും. മേളയില്‍ ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.ടി ദീപ്തി പദ്ധതി വിശദീകരണം നടത്തും. പട്ടാമ്പി ആര്‍.എ.ആര്‍.എസ് പ്രൊഫസര്‍ ഡോ. പി.പി മൂസ, അസിസ്റ്റന്റ് പ്രൊഫസര്‍ എ.എസ് സ്മിജിഷ എന്നിവര്‍ തെങ്ങ് അധിഷ്ഠിത സംയോജിത കൃഷി സമ്പ്രദായം എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി. തുളസി കര്‍ഷക-ശാസ്ത്രജ്ഞ-മുഖാമുഖം പരിപാടിക്ക് നേതൃത്വം നല്‍കും. പട്ടാമ്പി ആര്‍.എ.ആര്‍.എസ് പ്രൊഫസമാരായ ഡോ. കെ കാര്‍ത്തികേയന്‍, ഡോ. അബ്ദുല്‍ ഹക്കീം, പട്ടാമ്പി കെ.വി.കെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. കെ.വി സുമയ്യ, ഡോ. കെ.ശ്രീലക്ഷ്മി, ഡോ. കെ.വി അരുണ്‍കുമാര്‍ എന്നിവര്‍ മുഖാമുഖം നയിക്കും.

മേളയില്‍ പട്ടാമ്പി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ടി.പി ഷാജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിത, കൗണ്‍സിലര്‍ വിജയകുമാര്‍, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. കെ സീനിയ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗ്ഗീസ്, പട്ടാമ്പി ആര്‍.എ.ആര്‍.എസ് ഡയറക്ടര്‍ ഡോ. രാജി, ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജി അനില്‍കുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍ കെ.കെ സുഗന്ധകുമാരി, ജില്ലാ ഡയറി ഡെവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ബിന്ദു, പട്ടാമ്പി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി ദീപ എന്നിവര്‍ സംസാരിക്കും.

കാര്‍ഷിക സെമിനാര്‍, കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ ഏപ്രില്‍ 26 ന് രാവിലെ ഒമ്പതിന് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കാര്‍ഷിക പ്രദര്‍ശനം രാവിലെ ഒമ്പത് മുതല്‍ നടക്കും. സൗജന്യ മണ്ണ് പരിശോധന സാമ്പിളുകള്‍ ഏപ്രില്‍ 26 ന് രാവിലെ പത്തിനകം എത്തിക്കണം. ഫോണ്‍: 0466 2212279, 2912008

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 26 ന്

സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 26 ന് സംഘടിപ്പിക്കും. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുമ്പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം. സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് [email protected], പാലക്കാട് താലൂക്ക് [email protected], ചിറ്റൂര്‍ താലൂക്ക്  [email protected], ആലത്തൂര്‍ താലൂക്ക് [email protected], ഒറ്റപ്പാലം താലൂക്ക് [email protected], മണ്ണാര്‍ക്കാട് താലൂക്ക് [email protected].

 
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30 ന്

ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കുഞ്ചന്‍ അവാര്‍ഡ് പഴുവില്‍ ഗോപിനാഥിന്

സാംസ്‌കാരിക വകുപ്പിന് കീഴിലെ കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2022 ലെ കുഞ്ചന്‍ അവാര്‍ഡിന് പഴുവില്‍ ഗോപിനാഥ് അര്‍ഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പഴുവില്‍ ഗോപിനാഥ് തുള്ളല്‍ കലാരംഗത്ത് 47 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. പുരസ്‌കാരം മെയ് അഞ്ചിന് കുഞ്ചന്‍ ദിനത്തില്‍ അഡ്വ. പ്രേംകുമാര്‍ എം.എല്‍.എ നല്‍കും. ചടങ്ങില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

താത്ക്കാലിക നിയമനം

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ 53 താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. കെ.എന്‍.എം.സി നല്‍കുന്ന 18 മാസ എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് റിവൈസ്ഡ് കോഴ്സ് / ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ നല്‍കുന്ന എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് റിവേഴ്സ്ഡ് കോഴ്സ് / കെ.എന്‍.എം.സി നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. കെ.എന്‍.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. വയസ്സ് 2022 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. പ്രതിമാസം 31200-66800 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204

ക്വട്ടേഷന്‍

കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യാനത്തിലേക്ക് ബോട്ട് സവാരി നടത്തുന്നതിന് ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം [email protected] ല്‍ നല്‍കണം. ക്വട്ടേഷന്‍ അന്നേദിവസം വൈകിട്ട് അഞ്ചിന് തുറക്കും. ഫോണ്‍: 04924 238227

error: Content is protected !!