Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 

കാര്‍ഷികാവശ്യത്തിനുള്ള പമ്പുകള്‍, പുരപ്പുറ സോളാറിനായി സ്പോട്ട് രജിസ്ട്രേഷന്‍

സൗരോര്‍ജവത്കരണ പദ്ധതികള്‍ പരിചയപ്പെടാം.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അനെര്‍ട്ട് സ്റ്റാള്‍ തികച്ചും ഉപകാരപ്രദം

സൗരോര്‍ജ്ജവല്‍ക്കരണവുമായി  ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ബോധവല്‍ക്കരണവും സംശയ നിവാരണവും രജിസ്ട്രേഷനും നടക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി സൗരോര്‍ജവത്കരണ പദ്ധതികളെക്കുറിച്ച് അറിയാന്‍ അനെര്‍ട്ട് സൗകര്യമൊരുക്കും. അതോടൊപ്പം സൗരോര്‍ജ്ജവല്‍ക്കരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ബോധവല്‍ക്കരണവും സംശയ നിവാരണവും രജിസ്ട്രേഷനും മേളയില്‍ നടക്കും.

പുരപ്പുറ സോളാറിനായി സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പുകളുടെ സൗരോര്‍ജ്ജവത്ക്കരണ പദ്ധതിയില്‍ 60 ശതമാനം സബ്സിഡിയോടെ നടപ്പിലാക്കുന്ന പി.എം.കുസും പദ്ധതിയുടെ ബോധവല്‍ക്കരണവും സ്പോട്ട് രജിസ്ട്രേഷനും നടത്തും. വൈദ്യുതി ബില്ല്, ആധാര്‍കാര്‍ഡ് എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് സ്റ്റാളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. 521 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 20 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡിയോടുകൂടി നടപ്പാക്കുന്ന വീടുകളിലെ സൗരോര്‍ജ പദ്ധതിയായ സൗരതേജസ് പദ്ധതിയിലും രജിസ്റ്റര്‍ ചെയ്യാം. 1225 രൂപയാണ് രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടത്. ഇതുകൂടാതെ അനര്‍ട്ട് മുഖേന നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴില്‍ സജ്ജമാക്കി ത്രീ-ഡി മാതൃകയില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.


എല്ലാവരും കൃഷിയിലേക്ക്,
കൃഷി വകുപ്പിന്റെ സ്റ്റാള്‍ 4000 സ്‌ക്വയര്‍ ഫീറ്റ്
നെല്‍പ്പാടമൊരുക്കും… കാര്‍ഷികസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തും

‘എല്ലാവരും കൃഷിയിലേക്ക്’ എന്ന ആശയത്തില്‍ കൃഷി വകുപ്പിന്റെ 4000 സ്‌ക്വയര്‍ ഫീറ്റില്‍ സ്റ്റാള്‍ പ്രദര്‍ശന വിപണന മേളയില്‍ സജ്ജമാക്കും. പ്രദര്‍ശന നഗരിയില്‍ ആകര്‍ഷകമായ മാതൃകാ കൃഷിഭവനാകും ഒരുക്കുക. കൃഷിഭവന്‍ പരിസരത്ത് തന്നെ നെല്‍പ്പാടവും ഒരുക്കും. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യകള്‍ തത്സമയം തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. നെല്‍കൃഷി കൂടാതെ തെങ്ങ്, ഫലവൃക്ഷങ്ങള്‍, സുഗന്ധവിളകള്‍, യഥാര്‍ത്ഥ സസ്യങ്ങള്‍ കൊണ്ടു തന്നെയുള്ള വിവിധ നടീല്‍ സാങ്കേതികവിദ്യകളും മറ്റും മാതൃകകളില്‍ ഒരുക്കുന്നുണ്ട്. കാര്‍ഷികോത്പ്പന്നകളായ നാളികേരക്കുലകള്‍, വിവിധയിനം വാഴക്കുലകള്‍, മാമ്പഴങ്ങള്‍, കരകൗശല വസ്തുക്കള്‍, പോസ്റ്ററുകള്‍, മാതൃകകള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്.

ഫുഡ് പ്രൊസസിംഗ് ടെക്നോളജി ഉള്‍പ്പടെയുള്ള 22 ഓളം വീഡിയോകളും കൃഷിവകുപ്പിന്റെ സ്റ്റാളില്‍ ഉണ്ടാകും. ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് മുതലായ രീതികളും ഗ്രോബാഗ് നിറയ്ക്കുന്നതും മാധ്യമം തയ്യാറാക്കുന്നതും കൂണ്‍ ബെഡ് നിര്‍മാണവും സന്ദര്‍ശകര്‍ക്ക് തല്‍സമയം തന്നെ വീക്ഷിക്കാം. കൂടാതെ താത്പര്യമുള്ളവര്‍ക്ക് പരിശീലനത്തിനും അവസരമുണ്ട്. സ്മാര്‍ട്ട് കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം, അഗ്മാര്‍ക്ക്, മണ്ണുപരിശോധന മുതലായവയുടെ സേവനവും ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കാര്‍ഷിക പദ്ധതികളുടെയും വിശദവിവരങ്ങള്‍ നല്‍കുന്നതിനായി കൃഷി ഉദ്യോഗസ്ഥരുടെ സേവനവും ഈ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ കമ്മ്യൂണിറ്റി ജലസേചനത്തിന്റെ മാതൃകയും ചെറിയ കൃഷിയിടത്തില്‍ തന്നെ കാണാം.

സ്മാര്‍ട്ട് കൃഷിഭവനില്‍ വിവിധ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെയും പ്രത്യേകം തയ്യാറാക്കിയ ‘കര്‍ഷക സഹായി’ എന്ന പ്രദര്‍ശന മാധ്യമത്തിന്റെയും സഹായത്തോടുകൂടി സന്ദര്‍ശകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കും. പാലക്കാടിന്റെ പച്ചപ്പും തനിമയും ദൃശ്യവത്കരിക്കുന്നതാവും കൃഷിവകുപ്പിന്റെ സ്റ്റാള്‍. കൃഷിക്കായി മണ്ണ് ഒരുക്കുന്നത് മുതല്‍ വിളകളുടെ സംസ്‌കരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ മേളയില്‍ വകുപ്പ് അധികൃതര്‍ ദൃശ്യവത്ക്കരിക്കും.



എന്റെ കേരളം പ്രദര്‍ശനമേള; സൗരോര്‍ജ്ജ വൈദ്യുത പ്രവര്‍ത്തനങ്ങളും
കെ.എസ്.ഇ.ബിയുടെ സ്റ്റാളില്‍ സോളാര്‍ പമ്പ്, വര്‍ക്കിംഗ് മോഡലുകള്‍ കാണാം…
സോളാര്‍ സ്‌കീമുകള്‍ പരിചയപ്പെടാം… സ്‌പോട്ട്  രജിസ്‌ട്രേഷനും…

‘എന്റെ കേരളം’ പ്രദര്‍ശന നഗരിയിലെ കെ.എസ്.ഇ.ബി സ്റ്റാളില്‍ കെ.എസ്.ഇ.ബി.യുടെ സൗരോര്‍ജ്ജ വൈദ്യുതി പ്രവര്‍ത്തനങ്ങളുടെ മാതൃക  സോളാര്‍ നെറ്റ് മീറ്റര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം, സൗര രജിസ്‌ട്രേഷന്‍, വൈദ്യുതി സേവനങ്ങള്‍, ജലവൈദ്യുതി പദ്ധതി മോഡല്‍, എര്‍ത്ത് ലീക്കേജ് വര്‍ക്കിംഗ് മോഡല്‍ എന്നിവ സജ്ജീകരിക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് പ്രദര്‍ശനം നടക്കുന്നത്.

വിവിധയിനം ടര്‍ബൈനുകളുടെ പ്രവര്‍ത്തന മോഡല്‍, പെല്‍ട്ടന്‍ ടര്‍ബൈന്‍, കപ്ലിന്‍ ടര്‍ബയിന്‍ എന്നിവ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ പ്രവര്‍ത്തന മോഡല്‍, വിവിധയിനം വൈദ്യുത മീറ്ററുകളും അവയുടെ പ്രവര്‍ത്തനവും, സാധാരണ ഫാന്‍, ബി.എല്‍.ഡി.സി ഫാന്‍ ഇവയുടെ ഊര്‍ജ്ജക്ഷമത താരതമ്യം ചെയ്യുന്ന വര്‍ക്കിംഗ് മോഡല്‍, ഉയര്‍ന്ന ഊര്‍ജക്ഷമത ഉള്ള കൃഷി ആവശ്യത്തിനുള്ള പമ്പുകളെ പരിചയപ്പെടുത്തല്‍ എന്നിവയും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ ഗ്രിഡ് സോളാര്‍ പ്ലാന്റ്, പാനല്‍, ഇന്‍വര്‍ട്ടര്‍ മുതലായവ ഘടിപ്പിച്ചു കാണിക്കുന്ന മോഡല്‍, കെ.എസ്.ഇ.ബി. ഓണ്‍ലൈന്‍ പെയ്‌മെന്റ് കെ.എസ്.ഇ.ബി. ആപ്ലിക്കേഷന്‍ സേവനം വാതില്‍പടിയില്‍ മുതലായവ പരിചയപ്പെടുത്തല്‍, സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍, സോളാറുമായി ബന്ധപ്പെട്ട വിവിധ സ്‌കീമുകളും അവയുടെ താരിഫ്, ബില്ലിംഗ് മുതലായയുടെ വിവരണം, മാതൃകാ പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പാദന വിതരണ സംവിധാനത്തിന്റെ സ്ഥിരം മോഡല്‍, 11 കെ.വി ലൈനിലെ ഫാള്‍ട്ട് കണ്ടുപിടിക്കുന്ന സി.എഫ്.പി.ഡിയുടെ മോഡല്‍, വിവിധ ഇനം ലൈന്‍ മെറ്റീരിയല്‍സ് എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാവും.

സ്പര്‍ശം 2022 പരിശോധന നടത്തി

പാലക്കാട് ജില്ലാ ലെപ്രസി യൂണിറ്റിന്റെയും മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ പഞ്ചായത്ത് പരിധിയിലെ ചേമ്പന, അടപ്പ്, മേട്ടുപതി പട്ടികവര്‍ഗ്ഗ കോളനികളില്‍ കുഷ്ഠരോഗ പരിശോധന നടത്തി. പരിശോധനാ പരിപാടിക്ക് ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബേബി തോമസ്, ആരോഗ്യപ്രവര്‍ത്തകരായ അനീഷ്, വനജ കുമാരി, ജെമനി എന്നിവര്‍ നേതൃത്വം നല്‍കി.

 
റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക് ഷോപ്പ് മെയ് 11, 12, 13 ന്

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകത്വ വര്‍ക്ക് ഷോപ്പ് മെയ് 11, 12, 13 തീയ്യകളില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസില്‍ നടക്കും. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി-ഇറക്കുമതി മേഖലയിലെ അവസരങ്ങളെക്കുറിച്ചാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. വര്‍ക്ക് ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ്, മറ്റു വിദഗ്ദ്ധര്‍ സെക്ഷനുകള്‍ കൈകാര്യം ചെയ്യും. പരിപാടിയില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ജി.എസ്.ടി അടിസ്ഥാന കാര്യങ്ങള്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ്, എക്സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നീ മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും നല്‍കും. കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പടെ 2950 രൂപയാണ് ത്രിദിന പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം www.kied.info ല്‍ അപേക്ഷ നല്‍കണം. 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0484 2532890, 2550322, 9605542061, 7012376994

 
പരീക്ഷാ തീയതിയില്‍ മാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഏപ്രില്‍ 23 ന് നടത്താന്‍ നിശ്ചയിച്ച അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് പേപ്പര്‍ 2 വകുപ്പുതല പരീക്ഷ(008043 കെ.എസ്.ആര്‍) മെയ് മൂന്നി ഉച്ചക്ക് രണ്ട് മുതല്‍ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുമായി എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ്(തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 385/2020) തസ്തികയില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച മെയ് നാലിന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പി.എസ്.സി ജില്ലാ ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം മീഡിയം(തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 365/2021) തസ്തികയില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച മെയ് നാലിന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം എറണാകുളം ഓഫീസില്‍ നേരിട്ട് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

അധ്യാപക നിയമനം

മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, എല്‍.പി, സ്പെഷ്യല്‍ ടീച്ചര്‍ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം തസ്തികകളിലേക്ക് ഒരോ ഒഴിവ് വീതമാണുള്ളത്. പി.ജി, ബി.എഡ്, സെറ്റാണ് യോഗ്യത. ഹൈസ്‌കൂള്‍ വിഭാഗം മാത്ത്സ് തസ്തികയില്‍ രണ്ട് ഒഴിവുകളും, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ് തസ്തികകളില്‍ ഒരോ ഒഴിവുമാണുള്ളത്. ബിരുദം, ബി.എഡ്, കെ.ടെറ്റാണ് യോഗ്യത. എല്‍.പി വിഭാഗത്തില്‍ നാല് ഒഴിവാണുള്ളത്. യോഗ്യത ടി.ടി.സി, കെ. ടെറ്റ്. മേനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി) തസ്തികയില്‍ ഒരൊഴിവും (സ്ത്രീ 1, പുരുഷന്‍ 1) ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയിലേക്ക് ഒരൊഴിവും വീതമാണുള്ളത്. യോഗ്യത ബിരുദം, ബി.എഡ്, കെ.ടെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് നാലിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

ഏകദിന ശില്പശാല

ജല സംരക്ഷണം പരിപാലനം, അനുബന്ധ മേഖലകള്‍ എന്നീ വിഷയങ്ങളില്‍ ഏകദിന ശില്പശാല മെയ് ഏഴിന് തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഭാരതപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍, തോടുകളുടെയും കുളങ്ങളുടെയും നവീകരണവും പുനരുജ്ജീവനവും, മണ്ണ് ജല സംരക്ഷണം, ഇക്കോ റെസ്റ്റോറേഷന്‍, കൃഷിയും അനുബന്ധമേഖലകളും, മാലിന്യസംസ്‌കരണം, ജലഗതാഗതവും ടൂറിസവും, പഠനവും വിഭവ അവലോകനവും, ബോധവല്‍ക്കരണം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാല നടത്തുന്നതിനുള്ള കൂടിയാലോചന ഏപ്രില്‍ 29 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും.

തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഏപ്രില്‍ 28 ന് രാവിലെ 11 ന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തും. യോഗത്തില്‍ ജില്ലയിലെ കയര്‍ തൊഴിലാളി, തൊഴിലുടമ  പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഫോണ്‍: 0491 2505584

ലേലം

ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റലിലെ മഴമരം, മൂന്ന് തേക്ക് മരത്തിന്റെ ചില്ലകള്‍ എന്നിവ മുറിച്ചു മാറ്റുന്നതിന് ലേലം മെയ് 11 ന് രാവിലെ 11.30 ന് ഹോസ്റ്റല്‍ ഓഫീസില്‍ നടത്തുമെന്ന് വാര്‍ഡന്‍ അറിയിച്ചു. ഫോണ്‍: 0491 2577290

ലേലം

പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് ഓഫീസ് പരിസരത്തെ മുറിച്ചുമാറ്റിയ ഉങ്ങ് മരം(വിറക്) മെയ് 12 ന് രാവിലെ 11 ന് തിരുവേഗപ്പുറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466 2214300

ദര്‍ഘാസ്

നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കല്ലന്‍ചിറയില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഏപ്രില്‍ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം നാലിന് തുറക്കും. 9700 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491 2528471

ദര്‍ഘാസ്

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഷാലോ പീസോമീറ്റര്‍ പ്ലാറ്റ്ഫോം നിര്‍മ്മാണ പ്രവര്‍ത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് ഏപ്രില്‍ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.  അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. ഫോണ്‍:  0491 2528471

error: Content is protected !!