Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം
പ്രദര്‍ശന നഗരിയില്‍  (ഏപ്രില്‍ 28 )

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ നാലാം ദിവസമായ  (ഏപ്രില്‍ 28) ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം, 6 മണി മുതല്‍ പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. പ്രവേശനം സൗജന്യം.

സെമിനാറുകള്‍
രാവിലെ 11 മണിക്ക് ഫിഷറീസ് വകുപ്പിന്റെ ബയോഫ്‌ളോക്കും-വനാമി ചെമ്മീന്‍ കൃഷിയും സെമിനാര്‍ സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. ശിവശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെമിനാര്‍ ‘അധികാര വികേന്ദ്രീകരണം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍’ കെ. എസ്. എഫ്. ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്യും.

എങ്ങനെ ഫാം തുടങ്ങാം… ലാഭകരമാക്കാം..
ശ്രദ്ധേയമായി മൃഗസംരക്ഷണ വകുപ്പിന്റെ സെമിനാര്‍

മൃഗസംരക്ഷണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ലാഭകരമാക്കുന്നതിനും പ്രചോദനമേകി മൃഗസംരക്ഷണ വകുപ്പിന്റെ സെമിനാര്‍. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ മേഖലയില്‍ നിക്ഷേപകര്‍ക്കായി ഏകജാലക സംവിധാനം ഒരുക്കും. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ആസൂത്രണ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ എന്നിവരടങ്ങുന്ന ഹൈപവര്‍ കമ്മിറ്റി രൂപികരിച്ച് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംരംഭം തുടങ്ങുന്നതിന് മുന്‍പ് ക്ഷീരകര്‍ഷകര്‍ കൈക്കൊള്ളേണ്ട പ്രാരംഭനടപടികള്‍, പാലിനെ ഉപോല്‍പ്പന്നങ്ങളായ തൈര്, നെയ്യ്, സിപ്അപ് എന്നിവയാക്കി വില്ക്കുവാനുള്ള വഴികള്‍, മുട്ടക്കോഴികളെ വളര്‍ത്തലും പരിപാലനവും, ബ്രോയ്‌ലര്‍ ആടുവളര്‍ത്തല്‍, തടാകം വേണ്ടാത്ത താറാവ് വളര്‍ത്തല്‍, കാടമുട്ട -ഇറച്ചി മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പ്രോജക്ട് ഓഫീസര്‍ ഡോ. എസ്. പ്രിയ അധ്യക്ഷയായി. ഡോ. ബി അജിത്ബാബു, ഡോ. എസ് സൂരജ് എന്നിവര്‍ ക്ലാസ് നയിച്ചു. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി ഷൈന്‍കുമാര്‍ ഡോ. എസ് സന്തോഷ്, ഡോ. കെ. എസ് സിന്ധു എന്നിവര്‍ പങ്കെടുത്തു.

നാളെയുടെ സംരംഭകര്‍ക്ക് ഇന്നിന്റെ കരുതല്‍
ഓരോ സംരംഭങ്ങളും നാളെയുടെ നാടിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. സംരംഭങ്ങള്‍ തുടങ്ങുന്നതിന് യുവജനങ്ങളെയും സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭക വര്‍ഷം 2022-23 നിങ്ങള്‍ക്കുമാകാം സംരംഭകന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സെമിനാര്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കും. ഒരു സംരംഭത്തിലൂടെ ഒരായിരം പേര്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് നാടിന്റെ ആകെ വളര്‍ച്ചയ്ക്കുള്ള മുതല്‍ക്കൂട്ടാണ്.  വിജയകരമായി സംരംഭങ്ങള്‍ എങ്ങനെ തുടങ്ങാം, സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അറിയേണ്ടതെല്ലാം, തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യവസായ വകുപ്പ് റിട്ടേഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രന്‍ ക്ലാസെടുത്തു.
യുവജനങ്ങള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ നവസംരംഭകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ളുടെ സംശയം ദുരീകരണവും, പുതിയ സംരംഭക ചര്‍ച്ചകളും, ആശയങ്ങളും സെമിനാറിന്റെ ഭാഗമായി. വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനായി. മാനേജര്‍മാരായ ദിനേശ്, കിരണ്‍, ബെനഡിക്റ്റ് നിക്‌സണ്‍, സജീവ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടിയന്തിര ഘട്ടങ്ങളെ എങ്ങനെ നേരിടാം?വ്യത്യസ്ത ആവിഷ്‌ക്കാരവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ
വീട്ടില്‍ ഒരു കൊച്ചു കുട്ടിയുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍, ഗ്യാസ് പൊട്ടിത്തെറിച്ചാല്‍, ഹാര്‍ട്ട് അറ്റാക്ക് വന്ന് ഒരാള്‍ കുഴഞ്ഞു വീണാല്‍… ഇത്തരം അടിയന്തരഘട്ടങ്ങളെ എങ്ങനെ നേരിടാമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മന്ത്രിസഭാ വാര്‍ഷിക ആഘോഷവേദിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമംഗങ്ങള്‍.
സി.പി.ആര്‍ നല്‍കുന്നതും ചോക്കിംഗ് നല്‍കുന്നതും കൃത്യമായി വിവരിക്കുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്ക് മൂലം കുഴഞ്ഞു വീഴുന്ന വര്‍ക്ക് നല്‍കുന്ന പ്രഥമ വൈദ്യസഹായമായ സി. പി.ആര്‍ കണ്ട് പഠിക്കാനാണ് പലരും സ്റ്റാളില്‍ എത്തുന്നത്.
പാമ്പ് കടിയേല്‍ക്കുന്നതടക്കമുള്ള അടിയന്തരഘട്ടങ്ങളില്‍ ചെയ്യരുതാത്തവയും ലഘുലേഖയിലൂടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  വ്യക്തമാക്കുന്നു.

താല്‍ക്കാലിക ക്ലാര്‍ക്ക് നിയമനം ; പരീക്ഷ ഏപ്രില്‍ 30-ന്
റവന്യു വകുപ്പിലെ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ 60 താല്‍ക്കാലിക ക്ലാര്‍ക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള 1033 ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാ രേഖകളുടെ പരിശോധനയും എഴുത്തുപരീക്ഷയും ഏപ്രില്‍ 30ന് കരിക്കോട് ടി.കെ.എം.എഞ്ചിനീയറിങ്ങ് കോളേജില്‍ ഉച്ച കഴിഞ്ഞ് 1 മണി മുതല്‍ 4 മണി വരെ നടക്കും. മെയ് ഒന്നിന് കൊല്ലം കലക്ടറേറ്റില്‍ മൂല്യനിര്‍ണ്ണയം നടത്തി മെയ് 3 ന് രാവിലെ 11 ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
പരീക്ഷ നടത്തിപ്പിന് 200 ഉദ്യോഗസ്ഥരെ നിയമിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പരീക്ഷ കണ്‍ട്രോളറാണ്. ആര്‍.ഡി.ഒ., താലൂക്ക്, വില്ലേജ്ഓഫീസുകളിലാണ് 60 ക്ലാര്‍ക്കുമാരെ താല്‍ക്കാലികമായി നിയമിക്കുന്നത്. കാള്‍ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് 12:00 മണിക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്
സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാം

ജില്ലയില്‍ മെയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പനകിഴക്ക്, ശൂരനാട്‌വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍ , വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍  എന്നീ വാര്‍ഡുകളിലെ സമ്മതിദായകര്‍ ആയുള്ള മറ്റു സ്ഥലങ്ങളില്‍ ജോലിനോക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/നിയമാനുസൃത കമ്പനികള്‍/ ബോര്‍ഡുകള്‍/ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് സ്ഥാപനമേധാവികള്‍ അനുമതി നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി.

ജില്ലാ ലേബര്‍ കോടതിക്ക് ഇനി പുതിയമുഖം  
ജില്ലാ ലേബര്‍ കോടതിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും കോടതി ഹാളിന്റെയും ഉദ്ഘാടനം കേരളാ ഹൈക്കോടതി ജഡ്ജി പി.സോമരാജന്‍ നിര്‍വഹിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയാണ്്  കോടതി നവീകരിച്ചിരിക്കുന്നത്. പേപ്പര്‍- പ്രക്രിയ ഒഴിവാക്കി പൂര്‍ണമായി കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോടതി പ്രവത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം   ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന  തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ 38 ലക്ഷം രൂപ ചെലവാക്കിയാണ്  കോടതി നവീകരിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍ ജഡ്ജ് എം.ബി.സ്‌നേഹലത അദ്ധ്യക്ഷയായി. ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫിസര്‍ എ.എം.ബഷീര്‍, സെക്രട്ടറി ജി.എസ്.സുധീഷ്‌കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജി.സോമരാജന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി എ. കെ. മനോജ്, മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജി. ഹരിദാസ്, അഭിഭാഷകര്‍, ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍, നിയമ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അംഗത്വം സ്വീകരിക്കണം
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് അസംഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എ. എല്‍. ഒ കാര്‍ഡ് ലഭിച്ചതും നിലവില്‍ ബോര്‍ഡിന്റെ അണ്‍ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ എല്ലാ ചുമട്ടുതൊഴിലാളികളും അടിയന്തരമായി അസംഘടിത ക്ഷേമ പദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം. എ. എല്‍. ഒ കാര്‍ഡ് ലഭിച്ച എല്ലാ ചുമട്ടുതൊഴിലാളികളും അംഗത്വം സ്വീകരിക്കുന്നതിന് വേണ്ടി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം. നിലവില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ചുമട്ടുതൊഴിലാളികള്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഇ -ശ്രം കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാപരിശീലനം
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വജ്രജൂബിലി സൗജന്യ കലാപരിശീലത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് നിര്‍വഹിച്ചു. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളിലെ ലൈബ്രറികളില്‍ സജ്ജീകരിച്ചിരിക്കുന്ന പരിശീലന ക്ലാസ്സില്‍  അഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. മൃദംഗം, വയലിന്‍ എന്നീ വാദ്യോപകരണങ്ങളുടെ പരിശീലനമാണ് നല്‍കുന്നത്. അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി 200 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസ് നല്‍കുക.
ഇത്തിക്കര ഐ.സി.ഡി.എസ് ഹാളില്‍ നടന്ന ചടങ്ങില്‍  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ദസ്തക്കീര്‍ അധ്യക്ഷനായി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.കെ.ശ്രീകുമാര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല വര്‍ഗ്ഗീസ്,എസ്.ആര്‍ രോഹിണി,വയലില്‍ കലാകാരന്‍ വിജിന്‍,മൃദംഗം കലാകാരന്‍ റാംജയ്, സെക്രട്ടറി എസ്.ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു  
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ്സ് സെന്ററില്‍ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്കായി മേയ് ഒന്‍പതിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് /മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി അപേക്ഷിക്കാം. പട്ടികജാതി,പട്ടികവര്‍ഗ്ഗ,ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യം. വിശദവിവരങ്ങള്‍ സെന്ററില്‍ നിന്ന് നേരിട്ടും, 9446854661,7510297507, 04762831122 നമ്പരുകളിലും ലഭിക്കും

നഴ്‌സുമാരെ ആദരിക്കുന്നു
2022 ലെ  നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച്   2019,   2020,   2021  വര്‍ഷങ്ങളില്‍   ആരോഗ്യ വകുപ്പില്‍ കൊല്ലം ജില്ലയില്‍ നിന്നും  വിരമിച്ച       ജനറല്‍  നഴ്‌സിംഗ്,  പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തിലുള്ളവരെയും, പ്രൈവറ്റ്  മേഖലയില്‍ നിന്ന് വിരമിച്ച നഴ്‌സ്മാരെയും  ആദരിക്കുന്നു. 9048492464,  8075887196 നമ്പരുകളില്‍  ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 30ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!