Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപടങ്ങളിലും കെട്ടിടതകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് ബ്രേക്കര്‍, വിവിധതരം ഗോവണികള്‍ തടി മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോകള്‍, രാസവാതകചോര്‍ച്ചകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്,
വിഷലിപ്തമായ അന്തരീക്ഷത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ശ്വസനോപകരണം എന്നിവ പുതിയ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമേ നെറ്റ്, സ്‌പ്രെഡ് ചെയ്തു വെളിച്ചം ലഭിക്കുന്ന ആസ്‌ക്കാലൈറ്റ്, മുറിയില്‍ പുക നിറഞ്ഞാല്‍ വലിച്ചു നീക്കുന്ന ബ്ലോവര്‍, 5.5 കിലോവാട്ട് വരുന്ന ജനറേറ്റര്‍, ആങ്കിള്‍ ഗ്രൈന്‍ഡര്‍, പോര്‍ട്ടബിള്‍ കസേര, മേശ, ടാര്‍പോളിന്‍, അഞ്ചു ടണ്‍ വരെ ഭാരം ഉയര്‍ത്തുന്ന ന്യൂമാറ്റിക് ബാഗ്, ഒന്നര കിലോമീറ്റര്‍ റേഞ്ച് ഉള്ള നാല് വാക്കിടോക്കികള്‍ എന്നിവയും വാഹനത്തില്‍ ഉണ്ട്.
സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി. സന്തോഷ് കുമാര്‍ ബി. യശോധരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും.

പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) വിദ്യാഭ്യാസ യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468-2360462, 8281040524.

ലേലം

തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒരു വേപ്പ്, അരയാഞ്ഞിലി, മൂന്ന് വട്ട എന്നീ മരങ്ങള്‍ മുറിച്ച് മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് മെയ് അഞ്ചിന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ക്ക് 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0469 2602494.

ക്രാഫ്റ്റ് ക്യാമ്പിന് റാന്നി വൈക്കം ഗവ. യു.പി സ്‌കൂളില്‍ തുടക്കം

എന്റെ ലോകവും, നിന്റെ ലോകവുമല്ല, ലോകം നമ്മുടേതാണെന്ന് തിരിച്ചറിയണമെന്ന് – പ്രമോദ് നാരായണന്‍ എംഎല്‍എ. സമഗ്ര ശിക്ഷാ കേരളവും, ഹരിത കേരള മിഷനും ചേര്‍ന്ന് റാന്നി ബി.ആര്‍.സി.യുടെ കീഴിലുള്ള വൈക്കം ഗവ. യു.പി. സ്‌കൂളില്‍ നടത്തുന്ന ക്രാഫ്റ്റ് 22 ത്രിദിന ജില്ലാതല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കൃഷി, ആഹാരം, വീട്ടുപകരണ നിര്‍മാണം, കര വിരുത് എന്നീ മേഖലകളില്‍ ആറ് മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളുടെ നൈപുണ്യ വികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സമഗ്രശിക്ഷാകേരളം, ഹരിതകേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വൈജ്ഞാനികവും, വൈകാരികവും, പ്രക്രിയാപരവുമായ ശേഷികളുടെ പൂര്‍ത്തീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഓരോ കുട്ടിയുടെയും സന്തുലിത വ്യക്തിത്വ വികസനം ഉറപ്പാക്കുന്നതിനായി പാഠപുസ്തകത്തിലെ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതിനപ്പുറം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ക്രാഫ്റ്റ് ക്യാമ്പിലൂടെ ആരംഭിക്കുന്നത്. അറിവിനൊപ്പം, വിവേകവും, ശരിയായ മനോഭാവവുമുള്ളവരായി ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതിനായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്ന പക്ഷം മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനേക്കുറിച്ചും എസ്എസ്‌കെ ആലോചിക്കുന്നു.
വാര്‍ഡ്മെമ്പര്‍ മന്ദിരം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ ജില്ലാപ്രോഗ്രാം ഓഫീസര്‍ എ.കെ. പ്രകാശ്, റാന്നിപഞ്ചായത്ത് പ്രസിഡന്റ് ശോഭചാര്‍ലി, എഇഒ എം. ഷാംജിത്ത്, റാന്നിഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സച്ചിന്‍ വയല, പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. പ്രകാശ്, എം.എസ്. വിനോദ്്, എച്ച്എം കെ.എം. ഫസീല ബീവി, പിറ്റിഎ പ്രസിഡന്റ് പി. സാബു, റിസോഴ്സ്പേഴ്സണ്‍ മുഹമ്മദ് അന്‍സാരി, ബിപിസി ഷാജി എ. സലാം എന്നിവര്‍ സംസാരിച്ചു.

സാംക്രമികേതര രോഗങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളുടെ സംയുക്ത ഇടപെടല്‍ ആവശ്യം: ഗവര്‍ണര്‍

സാംക്രമികേതര രോഗങ്ങള്‍ ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ – സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്‍ഡ്യയുമായി സഹകരിച്ചാണ് ദേശീയ വിഭവ കേന്ദ്രം ആരംഭിച്ചത്. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ സേവനപരമായി സമൂഹത്തില്‍ നിലകൊണ്ട പാരമ്പര്യമാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിക്കുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇവിടെ 30,000 ആളുകള്‍കള്‍ക്കാണ് കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ പന്ത്രണ്ട് വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ദേശീയ വിഭവ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 25 ശതമാനമെങ്കിലും സാംക്രമികേതര രോഗങ്ങളാലുള്ള മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കണമെന്ന് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. ആവശ്യമായ കായിക പരിശീലനം നല്‍കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം പഠിപ്പിക്കുകയും ചെയ്യുന്നു. സാംക്രമികേതര രോഗങ്ങള്‍ വരുന്നതിന് പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, മദ്യപാനം എന്നിവയാണ് മുഖ്യകാരണങ്ങളായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയും ലോകാരോഗ്യ സംഘടനയും പ്രതിപാദിച്ചിരിക്കുന്ന സൂചകങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയായ ഡോ. റോഡ്‌റിക്കോ. എച്ച്. ഒഫ്രിന്‍ വീഡിയോ സന്ദേശം നല്‍കി. ചടങ്ങില്‍ പകര്‍ച്ചേതര രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫ. ഡോ. ജെ.എസ്. താക്കൂര്‍, പ്രൊഫ. ഡോ. അതുല്‍ അംബേക്കര്‍, ഡോ. ബിപിന്‍. കെ. ഗോപാല്‍, ഡോ. എ.എസ്. പ്രദീപ് കുമാര്‍ എന്നീ പോരാളികള്‍ക്ക് ചടങ്ങില്‍ ഗവര്‍ണര്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.
ആരോഗ്യ മേഖലയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നതെന്നും ഈ സംരംഭം നാടിന് മുതല്‍ക്കൂട്ട് ആവട്ടെയെന്നും അഡ്വ. മാത്യു. റ്റി. തോമസ് എംഎല്‍എ പറഞ്ഞു. എല്ലാവിധ കൈത്താങ്ങും ഈ ഉദ്യമത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.
യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മെത്രാപ്പോലീത്ത ട്രസ്റ്റിയായ ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാനേജര്‍ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി, ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്‍ഡ്യയുടെ ഡയറക്ടറും എന്‍ആര്‍സി എന്‍സിഡിയുടെ ബിലീവേഴ്‌സ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജോണ്‍സണ്‍. ജെ ഇടയാറന്മുള, കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജരുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ബാലമിത്ര കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് പുതിയ ചുവടുവയ്പ്പ്
അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി

കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ബാലമിത്ര എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയിലൂടെ കഴിഞ്ഞ വര്‍ഷം 311 മുതിര്‍ന്നവരേയാണ് പുതുതായി കണ്ടെത്തി ചികിത്സിച്ചത്. കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 49, 60, 52, 9, 17 എന്നിങ്ങനെയായിരുന്നു. ഇത് ശരാശരി 7.2, 9.4, 8.5, 7.7, 2.8 ആണ്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 1.2ല്‍ നിന്ന് 0.6ന് താഴെയായി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. കൂടാതെ കുഷ്ഠരോഗം മൂലം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യം ആയി നിലനിര്‍ത്തേണ്ടതുമുണ്ട്. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് ബാലമിത്ര ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കണ്ടുപിടിച്ച കുഷ്ഠരോഗ ബാധിതരില്‍ കുട്ടികളുടെ എണ്ണം കുറവായിരുന്നു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിലൂടെ അംഗവൈകല്യം ഒഴിവാക്കാനാകും. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധ ചികില്‍സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിച്ച കുട്ടികള്‍ ഇല്ലാത്ത അവസ്ഥ നിലനിര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കും. രോഗ ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള രോഗനിര്‍ണയവും ചികില്‍സയും ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫോര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പ്, ഐറ്റി അറ്റ് സ്‌കൂള്‍ തുടങ്ങിയവയുമായുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ കാമ്പയിന്‍ നടത്തുന്നത്.
ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പത്തനംതിട്ട നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

 

സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം
പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംരംഭകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനപരിപാടികളിലൂടെ കേരളത്തിലെ വ്യവസായ മേഖലയില്‍ മാറ്റം വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഓണ്‍ലൈനായി പരാതി കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം മെയ് മാസത്തോടെ ആരംഭിക്കും. ഇതിനായി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും രൂപീകരിക്കുന്ന കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകള്‍ക്കും ബാധകമാണ്. പരാതിയിന്‍ മേലുള്ള തീരുമാനം 15 ദിവസത്തിനകം നടപ്പാക്കണം. 30 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പിക്കണം. തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ അടുത്ത ദിവസം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ അടയ്‌ക്കേണ്ടിവരും ഇത്രമാത്രം കരുത്തുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വിവരവകാശനിയമത്തിനു ശേഷം ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കുന്ന നിയമമാണ് വരാന്‍ പോകുന്നത്. സംവിധാനം ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മന്ത്രിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി കേട്ട് തീര്‍പ്പുകല്‍പിക്കേണ്ടി വരില്ല. ഭാവിയില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ഉദ്യേഗസ്ഥര്‍ തെറ്റായി വ്യാഖ്യാ നിക്കുന്നതാണ് വ്യവസായ മേഖലയില്‍ പരാതി ഉണ്ടാകാനുള്ള കാരണം.
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് സാധ്യത കൂടുതല്‍ ആണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കേരള ബ്രാന്റ് പ്രചരിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലും വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ സംരംഭക മനോഭാവം ശക്തിപ്പെടുത്തുന്നതിന് 50 സംരംഭകത്വ വികസന ക്ലബുകളാണ് പത്തനംതിട്ടയില്‍ ഉള്ളത്. ജില്ലയിലെ വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. തീര്‍ഥാടന ടൂറിസം, അതിന്റെ അനുബന്ധ സാധ്യതകള്‍, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങി ജില്ലയില്‍ രൂപീകരിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭത്തെക്കുറിച്ചും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്‌പോട് റെജിസ്‌ട്രേഷനായി ലഭിച്ച 15 പരാതികള്‍ ഉള്‍പ്പെടെ 68 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 17 എണ്ണം ഉടന്‍തന്നെ തീര്‍പ്പാക്കി. ഗവണ്‍മെന്റ് തലത്തില്‍ തീര്‍പ്പാക്കുന്നതിന് നാല് പരാതികളും മറ്റ് വകുപ്പുകളുമായും ബാങ്കുകളുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെ 32 പരാതികളും ലഭിച്ചു. വാണിജ്യ വ്യവസായ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, കിന്‍ഫ്രാ എം ഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശ്വാസത്തോടെ വേണം ഫയല്‍ നോക്കാന്‍,
ഉദ്യോഗസ്ഥരെ ശാസിച്ച് വ്യവസായ മന്ത്രി പി.രാജീവ്

ഫയലുകള്‍ ഓരോന്നും സംശയത്തോടെ അല്ല വിശ്വാസത്തോടെയാകണം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ്. മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ പരാതി കേള്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശാസന. അക്വാ ടൂറിസം പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോയിപ്രം പഞ്ചായത്ത് പുല്ലാട് വടാത്ത് മാത്യു മാത്യു പണിത കെട്ടിടത്തിന് അനധികൃത നിര്‍മാണം എന്ന മുട്ടാന്യായം ചൂണ്ടിക്കാട്ടി നമ്പറും പെര്‍മിറ്റും നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി മാത്യു മന്ത്രിയെ കണ്ടത്. ഭാവനയ്ക്ക് അനുസരിച്ചു അനധികൃതം എന്നു തീരുമാനിക്കാന്‍ ആകില്ലെന്നും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ സംരംഭകര്‍ക്ക് വേണ്ട സഹായമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന
ഏബ്രഹാമിന് മന്ത്രിയുടെ പൂര്‍ണ പിന്തുണ

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന ഏബ്രഹാമിന് പൂര്‍ണ പിന്തുണ നല്‍കി മന്ത്രിയുടെ ഉത്തരവ്. പുനലൂര്‍- മൂവാറ്റുപുഴ റോഡ് വീതി കൂട്ടിയപ്പോഴാണ് റാന്നി അങ്ങാടി വലിയ കാലയില്‍ എബ്രഹാമിന്റെ തടിമില്‍ കെട്ടിടം പൊളിച്ചു മാറ്റിയത്. കെട്ടിടം പുതുതായി പണിത് തടിമില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കെട്ടിടത്തിന്റെ നമ്പര്‍ ആവശ്യപ്പെട്ടെത്തിയ ഏബ്രഹാമിന് പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. കെട്ടിടം പൂര്‍ത്തീകരിച്ചപ്പോള്‍ നിബന്ധനകള്‍ പ്രകാരമല്ല കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു, ഇക്കാര്യം ഉന്നയിച്ചാണ്് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. എന്നാല്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ മന്ത്രി പി.രാജീവിനെ നേരില്‍ കണ്ട് പരാതി പറഞ്ഞ ഏബ്രഹാമിന് അനുകൂല നടപടിയായിരുന്നു മന്ത്രി എടുത്തത്.

ഉപജീവനമാര്‍ഗം തടയരുത്,
രതീഷിന്റെ പരാതിയില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍

മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ വ്യവസായ മന്ത്രി പി.രാജീവിനെ കാണാന്‍ കോന്നി മങ്ങാരം കുറത്തിയാട്ടു മുരപ്പേല്‍ രതീഷ് രാജ് വന്നത് ഉപജീവനമാര്‍ഗം നിലനിര്‍ത്താനുള്ള വഴി തേടി. രതീഷും ഭാര്യയും വീട്ടില്‍ തന്നെ അപ്പ് ഹോള്‍സ്റ്ററി, തയ്യല്‍ നാനോ സംരംഭത്തിലൂടെ നിര്‍മിക്കുന്ന സാധനങ്ങള്‍ വില്‍പന നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്നാല്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് എത്രയും വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന് എത്രയും വേഗം ക്ലിയറന്‍സ് നല്‍കണമെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് മന്ത്രി പി.രാജീവ് നിര്‍ദേശിച്ചു.

എംഎല്‍എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി
ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് കോന്നിയെന്നും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
റാന്നി മണ്ഡലത്തില്‍ നോളജ് വില്ലേജ് എന്ന ആശയത്തിന്റെ ചുവട് പിടിച്ച് ഒരു സ്‌കില്‍ ഹബ്ബ്, തൊഴിലന്വേഷകര്‍ക്കായി ഒരു അപ് സ്‌കില്‍ സെന്റര്‍ എന്നിവയ്ക്ക് തുടക്കമിടുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ടൂറിസത്തെ വ്യവസായത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുറത്ത് നിന്നുള്ള ആളുകളെ നിക്ഷേപ മേഖലയിലേക്ക്  ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ ഉത്പാദനത്തിന് ഏറ്റവും കൂടുതല്‍ പെരുമ കേട്ട് സ്ഥലമാണ് വെച്ചൂച്ചിറ ഗ്രാമം. എന്നാല്‍ അവിടെ  പാല്‍ ഉത്പാദനം കേന്ദ്രീകരിച്ച് യാതൊരു വ്യവസായവും ഇല്ല.  അവിടെ വനിതകളെ കേന്ദ്രീകരിച്ച് ഒരു വ്യവസായം തുടങ്ങണമെന്നും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അടൂര്‍ മണ്ഡലത്തില്‍ മുന്‍പ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടരയേക്കര്‍ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും, ആ സ്ഥലം കേന്ദ്രീകരിച്ച് ഏതെങ്കിലും വ്യവസായത്തിന്റെ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചാല്‍ ഉപകാരപ്രദമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ പ്രതിനിധീകരിച്ച് എത്തിയ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് ഉടന്‍ ആരംഭിക്കും: മന്ത്രി പി. രാജീവ്
ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പ് മാറ്റത്തിന്റെ പാതയിലാണ്. സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തും.  പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ അപേക്ഷ നല്‍കാം. ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ടിന്റെ പരിധിക്കുള്ളില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനുള്ള ഒരു നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ രണ്ട് അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും രണ്ട് മാസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല വ്യാവസായികമായി ശക്തിപ്പെടണമെങ്കില്‍ പഞ്ചായത്തുകളില്‍ താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെ മനോഭാവവും ചില ബാങ്കുകളുടെ നിഷേധാത്മക സമീപനത്തിലും മാറ്റമുണ്ടാകണമെന്നും സംരംഭകര്‍ക്ക് അനുകൂലമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുണ്ടെന്നും അത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിലപാട് സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ നോക്കുകൂലിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. അതൊരു ക്രിമിനല്‍ കുറ്റമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെ.സി. സണ്ണി അധ്യക്ഷനായ കമ്മിഷന്‍ കാലഹരണപ്പെട്ട നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിച്ചിരുന്നു. വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ നേരിട്ട് സര്‍ക്കാരിനെ അറിയിക്കാനുള്ള സോഫ്റ്റ് വെയറിന്റെ രൂപീകരണം അവസാനഘട്ടത്തിലാണ്. അത് പ്രവര്‍ത്തനസജ്ജമായാല്‍ സംരംഭകരുടെ പരാതികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സംരംഭകര്‍ മുന്നോട്ട് വരുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേക്ക് ജില്ലയെ മാറ്റണമെന്നും ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസിന് പ്രാധാന്യം നല്‍കണമെന്നും എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം എസ് എം ഇ മേഖലയില്‍ 48% വളര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോള്‍ അതിലും വലിയ മാറ്റമുണ്ട്. ഒരു ലക്ഷം സംരംഭങ്ങള്‍ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംരംഭകരെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്റേണ്‍സുകളെ നിയമിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ഒന്ന്, മുനിസിപ്പാലിറ്റിയില്‍ രണ്ട്, കോര്‍പ്പറേഷനുകളില്‍ അഞ്ച് എന്നിങ്ങനെയായിരിക്കും നിയമനം. വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള സംരംഭകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുക എന്നതാണ് ഇവരുടെ ചുമതല. അതേ പോലെ താലൂക്ക് തലത്തില്‍ 59 ഫെസിലിറ്റേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം കൂട്ടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദുബായ് എക്സ്പോയില്‍ പങ്കെടുത്തത്. അതിലൂടെ നിക്ഷേപകരെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ പ്രവാസികളേയും ഓണ്‍ലൈനായി പങ്കെടുപ്പിച്ചു കൊണ്ട് സംരംഭക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവാസി നിക്ഷേപം ഉത്പാദനപരമായി ഉപയോഗിക്കുമെന്നും  പതിനാല് ജില്ലകളിലും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വകാര്യ പാര്‍ക്ക് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്,  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!