കോന്നി കൊന്നപ്പാറയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്.കോന്നി കൊന്നപ്പാറ കാർമ്മൽചേരി ഐ പിസി ചർച്ചിന് സമീപത്തെ വീട്ടിൽ ഇന്ന് വൈകിട്ടാണ് പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയത്.
പുഷ്പകുമാറിന്റെ വീട്ടിൽ നിന്നാണ് ചാരായത്തോടൊപ്പം കള്ളത്തോക്കും ലഭിച്ചത്.വീട്ടിൽ വ്യാജ വാറ്റ് നടക്കുകയും, മദ്യം വിൽക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ ചാരായവും,വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. ഇതിനിടെയാണ് വീട്ടിൽ സൂക്ഷിച്ച ഒറ്റക്കുഴൽ തോക്ക് എക്സൈസ് സംഘം കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതോടെ തോക്കിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ പ്രതിയോടൊപ്പം കള്ളത്തോക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പ്രതിയെ കോന്നി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം കോന്നി എക്‌സൈസ് ഓഫീസിൽ എത്തിച്ചു.കേസ് കോന്നി എക്‌സൈസ് റേഞ്ചിന് കൈമാറി.അടുത്ത ദിവസം കോടതിയിൽ ഹാജരാക്കി് റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് സംഘം അറിയിച്ചു.പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സി.ഐ.- എസ്. ഷിജു,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഗീതാലക്ഷമി ,സിവിൽ എക്‌സൈസ് ഓഫീസർ രഞ്ജിത്ത്,മനോജ് കുമാർ,ബിനു വർഗീസ്സ്,രാധാകൃഷ്ണപിള്ള, എന്നിവർ പങ്കെടുത്തു.