Input your search keywords and press Enter.

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

 

കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ എല്ലാം ക്ഷേത്രത്തിൽ പൂർത്തിയയായി. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂർത്തം. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും.

തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിലും കൊടിയേറും. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടി ഉയര്‍ത്തും. പൂരത്തിൽ പങ്കെടുക്കുന്ന ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകൾ നടക്കാറ്.

വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് 3.30ന് നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും. മുൻ വർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താൻ അനുമതിയും ലഭിച്ചിട്ടുണ്ട്. മെയ് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. പ്രധാന വെടിക്കെട്ട് മെയ് 11 നാണ്. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണം.

error: Content is protected !!