Input your search keywords and press Enter.

തമിഴ്‌നാട് തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉള്ള തേക്ക് കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി

 

തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി .

 

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തിരുനാഗേശ്വരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ഉപ്പിളി അപ്പന്‍ കോവില്‍ . ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം, എ ഡി 6-9 നൂറ്റാണ്ടുകളിലെ ആഴ്വാർ സന്യാസിമാരുടെ ആദ്യകാല മധ്യകാല തമിഴ് കാനോനായ ദിവ്യ പ്രബന്ധത്തിൽ മഹത്വപ്പെടുത്തിയിരിക്കുന്നു.വിഷ്ണുവിനെ ഉപ്പിലിയപ്പനായും ലക്ഷ്മിയെ ഭൂമിദേവിയായും ഇവിടെ ആരാധിക്കുന്നു.

 

കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ വന മേഖലയായ ആദിച്ചന്‍ പാറയ്ക്ക് സമീപം ഉള്ള കൊണ്ടോടിയില്‍ ആണ് ലക്ഷണമൊത്ത തേക്ക് മരങ്ങള്‍ ഉള്ളത് . ശബരിമല അയ്യപ്പ ക്ഷേത്രത്തിലടക്കം അനേക ക്ഷേത്രങ്ങളിലെ കൊടിമരത്തിന് ആവശ്യമുള്ള തേക്ക് മരം ഇവിടെ നിന്നാണ് മുന്‍പ് കൊണ്ട് പോയത് .

 

കല്ലേലി കാവില്‍ എത്തി പിടിപ്പണം സമര്‍പ്പിച്ച ശേഷം താംബൂലം വെച്ച് ഊരാളിയെ കൊണ്ട് വിളിച്ചു ചൊല്ലിച്ച ശേഷമേ തേക്ക് മരങ്ങള്‍ പൂജിച്ചു മുറിക്കൂ . തേക്ക് മരം താഴെ വീഴാതെ ക്രയിനില്‍ പൊക്കി ലോറി മുകളില്‍ വെച്ചാണ് കൊണ്ട് പോകുന്നത് . പിന്നീട് ക്ഷേത്രത്തില്‍ എത്തിച്ചു പ്രത്യേക പുര ഉണ്ടാക്കി ചെത്തി മിനുക്കിയ തേക്ക് മരം പ്രത്യേക ആയൂര്‍വേദ കൂട്ടും മറ്റും ചേര്‍ത്തു എണ്ണ തോണിയില്‍ കിടത്തും . നിത്യവും പൂജകള്‍ നല്‍കി ആറു മാസം കഴിയുമ്പോള്‍ ആണ് തോണിയില്‍ നിന്നും തേക്ക് മരം നിവര്‍ത്തി കൊടിമരത്തിന് ഉള്ള പരുവത്തില്‍ ചിട്ടപ്പെടുത്തുന്നത് . പിന്നീട് ആഘോക്ഷപൂര്‍വ്വം ക്ഷേത്രത്തിനു മുന്നില്‍ കൊടി മരം ഉയര്‍ത്തുന്നു . വിശേഷ ദിനങ്ങളില്‍ കൊടിക്കൂറ പാറിക്കും .

 

error: Content is protected !!