പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം തുടരുന്നു. രജപക്‌സെയുടെ ഹമ്പന്‍തോട്ടയിലെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു. കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കലാപത്തില്‍ നിന്ന് പിന്തിരിയാത്ത പ്രതിഷേധക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ക്കും എംപിമാരുടെ വസതികള്‍ക്കും തീയിട്ടു. കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഭരണകൂട നിലപാടുകള്‍ക്കും അത് സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയിലാണ് ശ്രീലങ്കയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊളംബോയിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ഓഫീസിന് പുറത്ത് സര്‍ക്കാര്‍ അനുകൂല,വിരുദ്ധ പ്രതിഷേധക്കാര്‍ അക്രമാസക്തമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചത്.
അതിനിടെ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ന് ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എംപിയുടെ രണ്ട് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.