ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷണഗുണനിലവാരത്തിന്റേയും ശുചിത്വത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിച്ച് ഓരോ കാറ്റഗറിയിലുള്‍പ്പെടുത്തുക. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജില്ലകളിലേക്കെത്തുന്ന യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച്, തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാറ്റഗറികള്‍ നിശ്ചയിക്കുന്നത്. മികച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനുവരി മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഒരു കലണ്ടറിന് രൂപം നല്‍കും. കൂടാതെ, കമ്മീഷണറേറ്റ് തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചെക്ക് പോസ്റ്റിലും ഓരോ മണ്ഡലങ്ങളിലും മുന്‍കൂട്ടി പറയാതെയുള്ള പരിശോധനകള്‍ നടത്തുമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.