Input your search keywords and press Enter.

പാലക്കാട് വാര്‍ത്തകള്‍ / അറിയിപ്പുകള്‍

ഒരു കോടിയോളം രൂപ മാറ്റിവെച്ചുകൊണ്ട് സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക, കരള്‍ രോഗികള്‍ക്ക് താങ്ങായി ജില്ലാ പഞ്ചായത്ത്  

വൃക്ക, കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സക്കായി ഒരു കോടിയോളം രൂപ മാറ്റിവെച്ചുകൊണ്ട്, സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ മാറാരോഗമുള്ളവര്‍ക്ക് താങ്ങായി മാറുകയാണ് പാലക്കാട് ജില്ലാപഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സയ്ക്കും മരുന്നിനും ആവശ്യമായ തുകയാണ് ജില്ലാ പഞ്ചായത്ത് മാസംതോറും നല്‍കുന്നത്. ജില്ലാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പുവരുത്തുന്നുണ്ട്.

മരുന്നുകള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും വില കൂടുതലുള്ള മരുന്നുകള്‍ സാധാരണക്കാരന് ലഭ്യമാക്കാനുമാണ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌നേഹസ്പര്‍ശം പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും തുക മാറ്റി വയ്ക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഈ പദ്ധതിയിലേക്ക് മാറ്റിവെക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 60 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട് .ബാക്കി തുക ജില്ലാപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു.

2020-21 ല്‍ ഒരു കോടി രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് സ്വന്തമായി നടപ്പാക്കിയ പദ്ധതിയില്‍ 363 പേര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. 2021-2022 ല്‍ 350 ഓളം രോഗികള്‍ക്ക് പദ്ധതി ഉപകാരപ്രദമായി. 2022-23 വര്‍ഷത്തില്‍ ചികിത്സ ലഭിക്കുന്നതിനായി 400 ഓളം രോഗികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ 80 ഓളം വരുന്ന കരള്‍ രോഗബാധിതര്‍ക്കും ചികിത്സ നല്‍കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. കൂടാതെ പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലപെടുത്തുന്നതിനായി എ.എന്‍.എം. കോഴ്സ് പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതിനായി പരിശീലനം നല്‍കിയ 15 പേരെ പാലിയേറ്റീവ് മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

ഫോട്ടോ- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍

 
മണ്ണാര്‍ക്കാട് മിനി വൈദ്യുതിഭവനം ഉദ്ഘാടനം: മന്ത്രി. കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

മണ്ണാര്‍ക്കാട് 110 കെ. വി സബ്സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടുന്ന വൈദ്യുതിഭവനം ഉദ്ഘാടനം ഇന്ന് (മെയ് 13) രാവിലെ 11 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യതിഥിയാവും. എം.എല്‍.എമാരായ അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജ്കുമാര്‍, കെ.എസ്.ഇ.ബി സ്വാതന്ത്ര ഡയറക്ടര്‍ അഡ്വ. വി.മുരുകദാസ്, കെ.റ്റി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മുസല്‍മ, മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, തെങ്കര,കരിമ്പ,തച്ചമ്പാറ, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര, അഗളി, പുതൂര്‍, ഷോളയൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, പി.എസ് രാമചന്ദ്രന്‍, നാരായണന്‍കുട്ടി, പ്രേമലത, സതി രാമരാജന്‍, ലക്ഷ്മിക്കുട്ടി, ജെസീന അക്കര, ലത മുള്ളത്ത്, സലിം മാസ്റ്റര്‍, അംബിക ലക്ഷ്മണ്‍, ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ഗ്രാമ പഞ്ചായത്ത് അംഗം എം.ശ്രീകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ഉപതിരഞ്ഞെടുപ്പ് : ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

ജില്ലയില്‍ മെയ് 17 ന് നടക്കുന്ന ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23-ാംവാര്‍ഡായ കോട്ടക്കുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ ് 11-ാം  വാര്‍ഡ് കൂടല്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, നിയമനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍  തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖയുമായി വോട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്ന പക്ഷം വോട്ട് ചെയ്തു വരുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരി അനുമതി നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് കൂടല്ലൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23-ാം വാര്‍ഡ് കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ മെയ് 16 മുതല്‍ 18 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

ബാലമിത്ര ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ലെപ്രസി യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ പരിശോധന നടത്തി കുഷ്ഠരോഗം നിര്‍ണയിക്കുന്ന ബാലമിത്ര പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 13 ) രാവിലെ 10.30 ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ ഡി.എം.ഒ ഡോ.കെ.പി.റീത്ത മുഖ്യ പ്രഭാഷണം നടത്തും.  ബാലമിത്ര പരിശീലനത്തിന് എ.എല്‍.ഒ. ബേബി തോമസ് നേതൃത്വം നല്‍കും.

 
വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 18 നും 55 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും.  സംരംഭകത്വ പരിശീലനം, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. യോഗ്യത പത്താം ക്ലാസ്. 35 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലില്ലാത്തവര്‍ക്ക്  മുന്‍ഗണന നല്‍കും.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും സാഹചര്യം ഒരുക്കുന്നതിനാണ് വനിതാ വികസന കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ജില്ലകളില്‍  നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം,  വാര്‍ഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തി വനിതാ വികസന കോര്‍പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മെയ് 21 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org, 0471-2454570/89.

ട്യൂട്ടര്‍ നിയമനം

ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ വടക്കഞ്ചേരി, ആലത്തൂര്‍ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് ട്യൂട്ടര്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിലും, യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലും ഒഴിവ് ഉണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡും യു.പി വിഭാഗത്തില്‍ ടി.ടി.സിയുമാണ് യോഗ്യത. ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ മെയ് 25 ന്  വൈകിട്ട് അഞ്ചിനകം ബയോഡാറ്റ സഹിതം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :8547630131,04922 2222133

 
മേട്രണ്‍ -കം – റെസിഡന്റ് ട്യൂട്ടര്‍: കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലത്തൂര്‍, വടക്കഞ്ചേരി ഗവ: പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ -കം – റെസിഡന്റ്ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം. ആലത്തൂര്‍ ഗവ: പ്രീമെട്രിക് ഹോസ്റ്റലില്‍ വനിതാ മേട്രണ്‍ -കം – റെസിഡന്റ് ട്യൂട്ടറും, വടക്കഞ്ചേരി ഗവ: പ്രീമെട്രിക് ഹോസ്റ്റലില്‍ പുരുഷ മേട്രണ്‍ -കം – റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലാണ് നിയമനം. ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പരിധിയിലെ കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 25 ന് വൈകിട്ട് അഞ്ചിനകം ബയോഡാറ്റ സഹിതം  പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 8547630131, 04922 222133

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം (ആണ്‍) ഗവ. പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍  ജാതി, വരുമാനം, പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെട്ട അപേക്ഷ മെയ് 21 ന് വൈകിട്ട് അഞ്ചിനകം കൊല്ലംകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8547630129.

 
കോഴിവളം വില്പനക്ക്

മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കോഴിവളം വില്പനക്ക്. കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ കോഴിവളം  ലഭിക്കും. ആവശ്യക്കാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എ.റ്റി.എം കാര്‍ഡുമായി പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.ഫോണ്‍ 8590663540, 9526126636

 
ജില്ലാതല കമ്മിറ്റി യോഗം

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല കമ്മിറ്റി യോഗം മെയ് 21 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക നിയമനം

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം. പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച യോഗ്യതയുള്ളവര്‍, തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 16 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഫോണ്‍: 0466 2212223

ലെവല്‍ ക്രോസ് അടക്കും

മുതലമട- കൊല്ലങ്കോട് 33 കി.മീ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(മെയ)് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ലെവല്‍ ക്രോസ്സിംഗ് ഗേറ്റ് അടച്ചിടും. യാത്രക്കാര്‍ മലയമ്പള്ളം -പോക്കുന്നി- കാരാപറമ്പ്, മലയമ്പള്ളം-അമ്പതി – കുറ്റിപ്പാടം വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു

 
യോഗ ഒളിമ്പ്യാഡ്: മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിവരങ്ങള്‍ നല്‍കണം  

ജില്ലാ യോഗ ഒളിമ്പ്യാഡിന്റ ഭാഗമായി പാലക്കാട് മോയന്‍സ് എല്‍.പി.എസില്‍ മെയ് 17 ന് രാവിലെ 9.30 ന് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (മെയ് 13) ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പേര് നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 9447943807

 
മണക്കടവ് വിയറില്‍ ലഭിച്ചത് 6130.76 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 മെയ് 11 വരെ 6130.76 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം  ആളിയാര്‍ കരാര്‍ പ്രകാരം 1119.24 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളംആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 107.35 (274), തമിഴ്‌നാട് ഷോളയാര്‍ 685.00 (5392), കേരള ഷോളയാര്‍ 657.20  (5420), പറമ്പിക്കുളം 12036.75 (17820), തൂണക്കടവ് 552.40 (557), പെരുവാരിപ്പള്ളം 614.25 (620), തിരുമൂര്‍ത്തി 761.15 (1935), ആളിയാര്‍ 1639.60 (3864).

നാലാം തരം, ഏഴാം തരം തുല്യത പരീക്ഷ മെയ് 14,15 തീയതികളില്‍ നടക്കും

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍  നാലാം തരം, ഏഴാംതരം തുല്യത കോഴ്‌സുകളുടെ പരീക്ഷ മെയ് 14,15  തീയതികളില്‍ രാവിലെ 9.30 ന് നടക്കും. രജിസ്റ്റര്‍ ചെയ്ത 1208 പഠിതാക്കളാണ് 60 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. 747 പഠിതാക്കള്‍  നാലാം തരം തുല്യതയും, 461 പഠിതാക്കള്‍ ഏഴാം തരം തുല്യത പരീക്ഷയും എഴുതും. മെയ് 14 ന് നടക്കുന്ന നാലാംതരം തുല്യതാ പരീക്ഷയില്‍ ഇംഗ്ലീഷ്, മലയാളം, കണക്ക്, നമ്മളും നമുക്ക് ചുറ്റും വിഷയങ്ങളിലും, ഏഴാം തരം തുല്യതാ പരീക്ഷ മെയ് 14 ന് മലയാളം, ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളിലും മെയ് 15 ന് സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത്  പ്രസിഡന്റുമാര്‍ എന്നിവര്‍ സന്ദര്‍ശിക്കും. സ്‌കൂള്‍ അധ്യാപകര്‍,  തുല്യത അധ്യാപകര്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

error: Content is protected !!