Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

കേരളം ജലവൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ജലവൈദ്യുതി പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യ മേഖലയായ കേരളം  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും  ജല വൈദുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറ്റിവെക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട് 110 കെ. വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടുന്ന വൈദ്യുതിഭവനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ ജലവൈദുതി പദ്ധതികള്‍ക്കുള്ള തടസ്സം തമിഴ്‌നാട്-കേരള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇടപെട്ട് സംസാരിച്ചു തീര്‍ത്തു കഴിഞ്ഞു. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി. ആറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട്  ധാരണാപത്രം  ഒപ്പുവെച്ചു. പാത്രക്കടവ് പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിന് വലിയ നേട്ടമാകും. ഇടുക്കിയില്‍ 52 പൈസയ്ക്കാണ് ഒരു യൂണിറ്റ് വൈദ്യുതി  ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പീക് അവറില്‍ യൂണിറ്റിന് 20 നല്‍കിയാണ് വൈദ്യുതി  എത്തിക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി  നല്‍കാനായാല്‍ മാത്രമേ വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകൂ. ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രം പ്രോത്സാഹനം നല്‍കുന്നുണ്ട്.

വൈദ്യുതി  മേഖല രാജ്യത്തെ മികച്ച നിലവാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കെ.എസ്ഇ.ബി.യും സര്‍ക്കാരും മുന്നോട്ട് പോവുന്നത്. രാജ്യത്തിന് മാതൃകയായി വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഒറ്റ കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച പവര്‍ ഷെഡ്യുളിങ്, മാനേജ്മെന്റ്, മികച്ച ഡാം മാനേജ്മെന്റ് എന്നീ കാരണങ്ങളാലാണ് ഇത് സാധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1466 കോടി പ്രവര്‍ത്തന ലാഭം നേടാനായി.   പാവപ്പെട്ടവരെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കാതെ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തി സമയബന്ധിതമായി സേവനം ഉറപ്പാക്കാനാവണം.  അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ വിതരണ പ്രസരണ വിഭാഗങ്ങള്‍ കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കണം. വൈദുതി തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കൃത്യമായ നിര്‍ദേശനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി കേന്ദ്ര പദ്ധതിയിലൂടെ 3900 കോടി വകയിരുത്തിയിട്ടുണ്ട്. വൈദ്യുതി  രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നത്. കേരളത്തില്‍ സുലഭമായ ജല വൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയില്‍ 72 മെഗാവാട്ട് വൈദ്യുതി  കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. അഡ്വ. എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ അദ്ധ്യക്ഷനായ പരിപാടിയില്‍  കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ്  മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജ്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മുസല്‍മ, മരുതി  മുരുകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, പി.എസ്. രാമചന്ദ്രന്‍, നാരായണന്‍കുട്ടി, ജെസീന അക്കര, ഗ്രാമ പഞ്ചായത്ത് അംഗം എം.ശ്രീകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കി അട്ടപ്പാടിയില്‍ ‘വേനല്‍ പറവകള്‍’ ക്യാമ്പ്

കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കി അട്ടപ്പാടിയില്‍ വേനല്‍ പറവകള്‍  അവധിക്കാല ക്യാമ്പ് ആരംഭിച്ചു. സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മാനസിക ഉല്ലാസത്തിനൊപ്പം, കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിനും, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, സംഘാടക മികവ് വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏഴ് വയസ് മുതല്‍ 18 വയസു വരെയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കോവിഡിന് ശേഷം അടപ്പാടി മേഖലയില്‍ കുടുംബശ്രീ കുട്ടികള്‍ക്കായി ഒരുക്കുന്ന ആദ്യ ക്യാമ്പാണ് വേനല്‍ പറവകള്‍. ഓരോ ഊരുകളികളിലെയും ബാല ഗോത്ര സഭ പ്രതിനിധികളാണ് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി 10 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. കൂടാതെ കുറുംബ മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

പുതൂര്‍ പഞ്ചായത്തിലെ കക്കുപടി അംബേദ്കര്‍ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച ക്യാമ്പ് പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചുവഴി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ അരുണ്‍ ചന്ദ്രന്‍, ജോസ്‌ന, റെനില,രാജാമണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. പുതൂര്‍ പഞ്ചായത്തിലെ വിവിധ ഊരുകളില്‍ നിന്നായി 50 ബാല ഗോത്ര സഭാ പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ മനോജ് മുഖ്യാതിഥിയായ പരിപാടിയില്‍ ശാന്തി, ബിനില്‍ കുമാര്‍, സുധീഷ് മരുതലം എന്നിവര്‍ പങ്കെടുത്തു.

 

ഉപതിരഞ്ഞെടുപ്പ്; മെയ് 17 ന് പ്രാദേശിക അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് കൂടല്ലൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23-ാം വാര്‍ഡ് കോട്ടക്കുന്ന് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  മെയ് 17ന് അവധി പ്രഖ്യാപിച്ചതായി   ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ സ്ഥാപനങ്ങള്‍ക്കും മെയ് 16,17 തിയതികളില്‍ അവധിയായിരിക്കും.

കലാജാഥ ജില്ലയില്‍ പര്യടനം നടത്തും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍  കുടുംബശ്രീ  സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി അവതരിപ്പിക്കുന്ന കലാജാഥ മെയ് 16 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.  രംഗശ്രീയുടെ 12 കലാകാരികള്‍ കലാജാഥയില്‍ പങ്കെടുക്കും. മെയ് 16 ന് രാവിലെ 10 ന് വടക്കഞ്ചേരി മന്ത മൈതാനം, 11.30 ന് പുതുക്കോട്, 2.30 ആലത്തൂര്‍ ബസ് സ്റ്റാന്റ്, 4.30 കുനിശ്ശേരി, 5.30 കൊടുവായൂര്‍ ബസ് സ്റ്റാന്റ് എന്നിവടങ്ങളില്‍ പര്യടനം നടത്തും.

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്

മേലെ പട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ കൃഷി വിഞ്ജാന കേന്ദ്രത്തില്‍ മെയ് 19 ന് രാവിലെ 10 മുതല്‍ ഒരുമാസം പ്രായമായ കോഴികുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്. കോഴികുഞ്ഞിന് ഒന്നിന് 100 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍- 0466 2912008, 0466 2212279, 6282937809

ഹോസ്റ്റല്‍ പ്രവേശനം :  അപേക്ഷ ക്ഷണിച്ചു  

മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലനല്ലൂര്‍, പൊറ്റശ്ശേരി,  അഗളി ആണ്‍ കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2022-23 അധ്യായന വര്‍ഷത്തിലേക്ക് അഞ്ച് മുതല്‍ പത്ത് ക്ലാസുകളിലേക്ക് പട്ടികജാതി, മറ്റര്‍ഹ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെയ് 21 ന് വൈകിട്ട് അഞ്ചിനകം മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ പ്രീമെട്രിക് ഹോസ്റ്റലുകളിലോ നല്‍കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -8547630125, അലനല്ലൂര്‍ – 9447837103, പൊറ്റശ്ശേരി -9447944858, അഗളി- 9847615427

ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുണ്ടൂര്‍ (പെണ്‍) ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, നോട്ട് ബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 20 നകം ബന്ധപ്പെട്ട ഹോസ്റ്റലിലോ, പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ നല്‍കണമെന്ന് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8547630126

കരാര്‍ നിയമനം

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍,  കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക്  കരാര്‍ നിയമനം. ബി.ടെക്, സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക്  അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലും, ഐ.ടി.ഐ (ട്രേഡ്) സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലും, ബിരുദം, ഡി.സി.എ, കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനം (മലയാളം, ഇംഗ്ലീഷ് ) യോഗ്യതയുള്ളവര്‍ക്ക്  കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 23 ന് രാവിലെ 10 വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ  പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2505383

 
വാഹന ലേലം

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പാലക്കാട് ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് യൂണിറ്റ്, കസബ, കോട്ടായി, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, തൃത്താല, ചെര്‍പ്പുളശ്ശേരി, കോങ്ങാട്, നാട്ടുകല്‍, മണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ചാലിശ്ശേരി  പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള 70  വാഹനങ്ങള്‍ മെയ് 21 ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി വില്പ്പന നടത്തും. താത്പര്യമുള്ളവര്‍ക്ക് www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0491 2536700

ലേലം

പാലക്കാട് പൊതുമരാമത്ത്  വകുപ്പ് റോഡ് സെക്ഷന്‍ പരിധിയിലെ പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ എന്‍. ജി. ഒ ക്വാട്ടേഴ്സിന് സമീപത്തെ വേപ്പ് മരം, പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ എന്‍. ജി. ഒ ക്വാട്ടേഴ്സിന് സമീപം മുറിച്ചിട്ട വേപ്പ് മരം, പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ വലത് ഭാഗത്തുള്ള കല്ല്, പുത്തൂര്‍ കൊട്ടേക്കാട് റോഡിന് വലത്  ഭാഗത്തുള്ള മണ്ണ് എന്നിവ മെയ് 21 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12 വരെ ലേലം ചെയ്യും.

ലേലം

പാലക്കാട് പൊതുമരാമത്ത്  വകുപ്പ് റോഡ് സെക്ഷന്‍  പരിധിയിലെ യാക്കര തങ്കം ജംഗ്ഷനില്‍ വലത് ഭാഗത്തുള്ള മഴ മരം, പാലക്കാട്, തത്തമംഗലം, പൊള്ളാച്ചി റോഡിലെ മെയ് ഫ്‌ളവര്‍ മരം എന്നിവ മെയ് 20 ന് രാവിലെ 11 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.

 
ഹോസ്റ്റല്‍ പ്രവേശനം : അപേക്ഷകള്‍ ക്ഷണിച്ചു

ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി ഓഫീസിന് കീഴിലെ ആലത്തൂര്‍ (പെണ്‍ ), വടക്കഞ്ചേരി (ആണ്‍ ) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 5 മുതല്‍ 10 വരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 25 നകം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
ഫോണ്‍ : 8547630131, 04922 222133

error: Content is protected !!