അമൃത് പദ്ധതിയിൽ പത്തനംതിട്ട നഗരത്തിന് 15 കോടി.
പത്തനംതിട്ട നഗരത്തിൽ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്റ് എന്ന നിവാസികളുടെ ചിരകാലസ്വപ്നം യാഥാർഥ്യമാകുന്നു. അമൃത് 2.0 പദ്ധതിയിൽ പത്തനംതിട്ടയ്ക്ക് 15 കോടി രൂപ ലഭിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
12.38 കോടി രൂപയാണ് പ്രാരംഭമായി അനുവദിച്ചത്. എന്നാൽ നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്ന് സ്റ്റേറ്റ് മിഷൻ നടത്തിയ ചർച്ചയിൽ പദ്ധതിയുടെ അടങ്കൽ 15 കോടി ആയി ഉയർത്തുകയായിരുന്നു. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും ബാക്കിയുള്ള ആകെ തുകയുടെ 80 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം പത്തനംതിട്ട നഗരസഭയും നൽകും. പ്രതിദിനം 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 10 ദശലക്ഷം ലിറ്റർ ശുദ്ധീകരണത്തിനുള്ള പ്ലാന്റ് നിർമ്മിക്കും. എന്നാൽ 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന അനുബന്ധ സൗകര്യങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഒരുക്കും. പാമ്പൂരി പാറയിൽ നിലവിലുള്ള പ്ളാന്റിന് ആറര ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ നിലവിലുള്ള ഈ പ്ളാന്റിൽ ശുദ്ധീകരണത്തിനായുള്ള ആധുനിക സംവിധാനങ്ങളില്ല. എയിറേഷൻ, സെഡിമെന്റേഷൻ, ഫിൽട്രേഷൻ, ക്ലോറിനേഷൻ എന്നീ നാല് പ്രക്രീയകളും ഒരേ യൂണിറ്റിൽ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. ആധുനിക കുടിവെള്ള ശുദ്ധീകരണ ശാലകളിൽ ഈ നാല് പ്രക്രിയകളും വ്യത്യസ്തമായ യൂണിറ്റുകളിലാണ് നടക്കുന്നത്.
പാമ്പൂരിപാറയിൽ പുതിയതായി സ്ഥാപിക്കുന്ന പ്ളാന്റിൽ നിന്നും നഗരത്തിൻെറ ഏറ്റവും ഉയർന്ന മൂന്ന് പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ഓവർഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ടാങ്കുകളിൽ നിന്നാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി പതിറ്റാണ്ടുകൾക്കുമുമ്പ് വാട്ടർ അതോറിറ്റി സ്ഥാപിച്ച വിതരണ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കും. നഗരത്തിലെ വീടുകൾക്ക് ഗാർഹിക കണക്ഷനിലൂടെ ശുദ്ധജലം എത്തിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മണിയാർ ഡാമിൽ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതി അമൃത് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പദ്ധതിയുടെ കരട് തയ്യാറാക്കി സമർപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതിനാലാണ് തുക ലഭ്യമായത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ കോർകമ്മിറ്റിക്കും രൂപം നൽകി.
പദ്ധതിയുടെ വിശദാംശങ്ങൾ ഇന്നു (21-05-2022) ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. നഗരത്തിന്റെ ഭാവി ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് സമഗ്രമായ കുടിവെള്ള പദ്ധതിക്ക് ഇതാദ്യമായാണ് നഗരസഭ രൂപം നൽകുന്നത്. പുതിയ ശുദ്ധീകരണ ശാലയുടെ നിർമ്മാണത്തോടെ ഘട്ടംഘട്ടമായി നിലവിലുള്ള ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും.