Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

സംരംഭകരുടെ ഉന്നതി സര്‍ക്കാരിന്റെ ലക്ഷ്യം – മന്ത്രി ജെ. ചിഞ്ചുറാണി
സംരംഭകരുടെ ഉന്നതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വ്യവസായ-വാണിജ്യ വകുപ്പിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ സംരംഭകവര്‍ഷം 2022-23 ന്റെ ഭാഗമായി  ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച പൊതുബോധവല്‍ക്കരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു  മന്ത്രി. തിരിച്ചെത്തിയ പ്രവാസികളെയും യുവജനങ്ങളെയും സംരംഭകരാക്കി മാറ്റണം. സംരംഭകര്‍ക്ക് അനുകൂലമായി സമൂഹം മാറുന്നുണ്ട്. ക്ഷീരമേഖലയില്‍ ഉണ്ടായ ഉണര്‍വ് സംരംഭക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉദാഹരണമാണ്. സംരംഭക വര്‍ഷത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ സംരംഭമാക്കി മാറ്റാനും അത് വഴി തൊഴില്‍മേഖലയെ ശക്തിപ്പെടുത്താനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ജയന്‍, ജി. ഉദയകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റ്റി.കെ.സയൂജ, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ എന്നിവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്റെ പൊതുബോധവല്‍ക്കരണ പരിപാടിയും സംരംഭകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശ ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി നടന്നു.

റോഡ് അറ്റകുറ്റപ്പണി- അടിയന്തര നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍
വിവിധ ഇടങ്ങളില്‍ പൂര്‍ത്തിയാക്കാനുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തര പ്രാധാന്യത്തോടെ നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നടപടികള്‍ പൂര്‍ത്തിയാകുന്നതിന് സമയം ആവശ്യമുള്ള ഇടങ്ങളില്‍ താത്ക്കാലിക പരിഹാരം കാണും. റോഡ് പണി പൂര്‍ത്തിയാക്കന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെണ്ടര്‍ എടുക്കാന്‍ ആളുണ്ടായില്ല. കുറഞ്ഞ നിരക്കാണ് കാരണമായതെന്ന് പൊതുമരാമത്ത് വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബീച്ച്‌റോഡ്-താമരക്കുളം-കല്ലുപാലം-ലക്ഷ്മിനട-ആല്‍ത്തറമൂട്-അമ്മച്ചിവീട്-കലക്ടറേറ്റ് റോഡ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനകം ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ താത്ക്കാലികമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കും. ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിച്ച റോഡുകളാണിത്.

മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊല്ലം-ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ രണ്ടാം നമ്പര്‍ ജംഗ്ഷന്‍ വരെയുള്ള ജോലികള്‍ പുനരാരംഭിക്കും. കല്ലുപാലം മുതല്‍ ലക്ഷ്മിനട വരെയുള്ള റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ നിന്നും ആല്‍ത്തറമൂട് വരെയുള്ള റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ് എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
എല്‍. എ. ഡെപ്യൂട്ടി കലക്ടര്‍ എഫ്.റോയ് കുമാര്‍ , ജല അതോറിറ്റി പ്രൊജക്റ്റ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. രാജേഷ് ഉണ്ണിത്താന്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. ജോണ്‍ കെന്നത്ത്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ  ജാഗ്രത പാലിക്കണം
മഴക്കാലത്ത്  ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.  ഡെങ്കിപ്പനി, പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ്  കൊതുകുകള്‍ വഴിയാണ് പകരുന്നത്. വീടിന്റെ ഉള്ളില്‍ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സണ്‍ഷേയ്ഡ്, മേല്‍ക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍, കൂളറുകള്‍, മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രം   തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം.
എലിപ്പനി എലികള്‍, മറ്റു മൃഗങ്ങള്‍ എന്നിവയുടെ മൂത്രത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് പകരുന്നത്. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. ശുചീകരണ     പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങയിവര്‍ മുന്‍കരുതലായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യമായി ലഭിക്കുന്ന ഡോക്‌സി സൈക്ലിന്‍  ഗുളിക  ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം.
വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ)  എന്നിവയെ പ്രതിരോധിക്കുന്നതിന്  ശുചിത്വം കര്‍ശനമായി പാലിക്കണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകള്‍ കഴുകുന്നത് വയറിളക്ക രോഗങ്ങളുടെ വ്യാപനതോത് കുറയ്ക്കും. ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ച ശേഷവും  സോപ്പുപയോഗിച്ചു കഴുകണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണര്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം.  ഹോട്ടലുകളിലും സോഡ നിര്‍മാണ യൂണിറ്റുകളിലും  ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ കൃത്യമായ ഇടവേളകളില്‍  പരിശോധിച്ച് ഗുണനിലവാരം  ഉറപ്പ് വരുത്തണം.പാല്‍, ഐസ്‌ക്രീം എന്നിവ വയ്ക്കുന്ന ഫ്രീസറില്‍ പച്ച മാംസം/മത്സ്യം എന്നിവ വയ്ക്കരുത്.
സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പേവിഷബാധയ്ക്കുള്ള ഐ. ഡി.ആര്‍.വി, ഒ. ആര്‍. എസ്, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയും മറ്റ് അവശ്യ മരുന്നുകളും ജില്ലയില്‍ ആവശ്യത്തിന് ലഭ്യമാണെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനാഘോഷം ഇന്ന് (മെയ് 22)
അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനാഘോഷം കൊല്ലം കോര്‍പറേഷന്‍, ബയോഡൈവെഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ആചരിക്കും. ഇന്ന് (മെയ് 22) രാവിലെ ഒമ്പത് മണിക്ക് ബീച്ചിലെ മഹാത്മാ ഗാന്ധി പാര്‍ക്കിന് എതിര്‍വശത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എ.കെ. സവാദ്, എസ്. ഗീതാകുമാരി, എസ്. ജയന്‍, യു. പവിത്ര, ജി. ഉദയകുമാര്‍, എസ്. സവിതാ ദേവി, ഹണി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി. കാട്ടില്‍, ടി. ജി. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഞങ്ങളും കൃഷിയിലേക്ക് ; മയ്യനാട് തുടക്കമായി
കാര്‍ഷിക മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കി ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്തുക  എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.  ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പ്രസിഡന്റ് ബി. യശോദ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.
മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അദ്ധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് അംഗം എസ്. സെല്‍വി, മയ്യനാട് ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷരായ ഡി.ഷീല, എസ്. ചിത്ര, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ബിജു, കെ. ഷീല, ആര്‍.സീലിയ, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം  ആര്‍ദ്ര വിശ്വം, കൃഷി ഓഫീസര്‍ സി. അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തലവൂരില്‍ ആഴ്ച ചന്ത
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ കര്‍ഷക ആഴ്ച ചന്തയ്ക്ക് തുടക്കമായി. കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ചന്ത നടത്തുന്നത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. കലാദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുധ ജെ. അനില്‍, ആര്‍.എല്‍ വിഷ്ണു കുമാര്‍, നിഷ മോള്‍, ബ്ലോക്ക് അംഗം ഗായത്രിദേവി, കൃഷി ഓഫീസര്‍ ജയന്‍, സി.ഡി.എസ് ഭാരവാഹികളായ ഉഷ വിക്രമന്‍, ബിന്ദു, കുടുംബശ്രീ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
പൗള്‍ട്രി വികസന കോര്‍പറേഷനില്‍ 45 ദിവസത്തിനുമേല്‍ പ്രായമുള്ള ബി. വി. 380 ഇനത്തില്‍പെട്ട മുട്ടക്കോഴികള്‍ 150 രൂപ നിരക്കില്‍ മെയ് 24ന് രാവിലെ 10 മണി മുതല്‍ കൊട്ടിയം കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോണ്‍ – 9495000913.

അപേക്ഷ ക്ഷണിച്ചു
കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന അസീസി എന്‍ട്രി ഹോമിലേക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍-കം-കേസ്‌വര്‍ക്കര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി പി.ജി ആണ്  യോഗ്യത. ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ് സഹിതം സുപ്പീരിയര്‍ ജനറല്‍, എഫ്.ഐ.എച്ച് ജനറലേറ്റ്, പാലത്തറ, തട്ടാമല പി.ഒ, കൊല്ലം 691020 വിലാസത്തില്‍ അപേക്ഷിക്കണം.
ഏത് തസ്തികയിലേക്കാണ് അപേക്ഷ എന്ന് വ്യക്തമാക്കിയിരിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, വാട്‌സ്ആപ് നമ്പര്‍ എന്നിവ  ചേര്‍ത്തിരിക്കണം. മെയ് 31 വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഇ-മെയില്‍  [email protected]  ഫോണ്‍ – 9605009555.

കാറ്റാടി മല-ഒരിയുര്‍-വേളാങ്കണ്ണി തീര്‍ത്ഥാടനം കെ. എസ്. ആര്‍. ടി. സി. ബസ്സില്‍
കെ. എസ്. ആര്‍. ടി. സി കൊല്ലം ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ മെയ് 27,28  തീയതികളില്‍ വേളാങ്കണ്ണി തീര്‍ത്ഥാടനം. 27 ന്  ബിഷപ്പ് ഹൗസില്‍ തുടങ്ങുന്നതാണ് കാറ്റാടി മല-ഒരിയൂര്‍-വേളാങ്കണ്ണി തീര്‍ത്ഥാടന യാത്ര. രാവിലെ 5.15 ന്  പുറപ്പെട്ട് കാറ്റാടിമല, ഒരിയൂര്‍ വി. ജോണ്‍ ഡി. ബ്രിട്ടോയുടെ ദേവാലയവും സന്ദര്‍ശിച്ചു അന്നേ ദിവസം രാത്രിയോടെ വേളാങ്കണ്ണിയില്‍ എത്തിച്ചേരും. അടുത്ത ദിവസം രാവിലെ ഒന്‍പത് മണിക്കുള്ള മലയാളം കുര്‍ബാനക്ക് ശേഷം വൈകുന്നേരം നാലു  മണിക്ക് യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ  തിരികെയെത്തും. സീറ്റിനു 2500/ രൂപയാണ് നിരക്ക്. ടിക്കറ്റുകള്‍ വ്യക്തിഗതമായോ ഇടവക അടിസ്ഥാനത്തില്‍ മൊത്തമായോ ബുക്ക് ചെയ്യാം. ഫോണ്‍ – 8921950903, 8921552722,  9995044775, 9496675635.

മൂന്നാര്‍ ഉല്ലാസയാത്ര ; കെ.എസ്.ആര്‍.ടി.സി ബുക്കിങ് തുടങ്ങി
കെ.എസ.്ആര്‍.ടി.സി  ബഡ്ജറ്റ് ടൂറിസത്തിന്റെ മെയ് 21, 26 തീയതികളിലെ വാഗമണ്‍ വഴിയുള്ള മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം  ഡിപ്പോയില്‍ ആരംഭിച്ചു. മെയ് 26 ന്  രാവിലെ 5.10 നു ആരംഭിക്കുന്ന  വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ വഴി വാഗമണ്‍ എത്തും. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.
മേയ്  27 നു രാവിലെ 8.30 ന്  മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന ഉല്ലാസയാത്ര ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മാടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിംഗ് പോയ്ന്റ്‌സ്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം ആറു മണിക്ക് മൂന്നാറില്‍ എത്തും. രാത്രി ഏഴ്  മണിക്ക് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 28  പുലര്‍ച്ചെ രണ്ടിന് കൊല്ലത്ത് എത്തിച്ചേരും. ബുക്കിംഗ് തുക 1150 രൂപ (മൂന്നാര്‍ ഡിപ്പോയില്‍ കെ. എസ്. ആര്‍. ടി. സി
ബസില്‍ സ്ലീപ്പര്‍  സൗകര്യവുമുണ്ട്). ഫോണ്‍- 8921950903,9496675635.

വാഹനം വാടകയ്ക്ക് നല്‍കാം
ദേശീയപാത സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് വിവിധ വാഹനങ്ങള്‍ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് മെയ് 28 വൈകിട്ട് അഞ്ച് മണിക്കകം സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പിന്റെ ചാത്തനൂര്‍ റസ്റ്റ് ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് അടയ്ക്കാവുന്ന പാട്ടതുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ വെള്ളകടലാസിലുള്ള ക്വട്ടേഷനുകള്‍ മെയ് 30 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് 250 രൂപയുടെ ഡി.ഡി സഹിതം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് – 0474 2796290.

error: Content is protected !!