സംഘടിച്ച് മുന്നേറുക, നിരാശരാകാതെ പ്രവൃത്തിയെടുക്കുക: ടി. പത്മനാഭൻ
കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി. പത്മനാഭൻ
കണ്ണൂർ: സംഘടിച്ച് മുന്നേറണമെന്നും നിരാശരാകാതെ പ്രവൃത്തിയെടുക്കണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി. പത്മനാഭൻ. മാന്യമായി ജീവിക്കുവാൻ അർഹതപ്പെട്ടവരാണ് എല്ലാവരും. എന്നാൽ പത്രങ്ങൾ ഉൾപ്പെടെയുള്ള അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റും തൊഴിലെടുക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകൾ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ ഇടപെടുവാൻ സർക്കാരിന് കഴിയണമെന്നും ടി. പത്മനാഭൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ കോർ കമ്മിറ്റിയംഗം വി. സെയ്ത് അധ്യക്ഷത വഹിച്ചു. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിനും സംഘടനയിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും സഹജീവി സ്നേഹവും കാരുണ്യവും നിലനിർത്തി മുന്നേറുന്നതിനും ഓരോ അംഗത്തിനും കഴിയണമെന്നും അധ്യക്ഷ പ്രസംഗത്തിൽ വി. സെയ്ത് ഓർമ്മിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മുഖ്യാതിഥിയായിരുന്നു. സത്യസന്ധത കുറഞ്ഞു വരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മാധ്യമ പ്രവർത്തകർ വാർത്തകൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും സത്യസന്ധതയ്യം പുലർത്തണമെന്നും സമൂഹത്തെ നേർവഴിക്ക് നയിക്കുവാൻ മാധ്യമപ്രവർത്തകർക്ക് സാധിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
വിവിധ ട്രേഡ് യൂണിയന് നേതാക്കളായ കെ.പി. സഹദേവന്, ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണന്, എം.എ. കരീം, ജ്യോതിർ മനോജ്, എന്‍. പ്രദീപ്, കോര്‍ കമ്മിറ്റിയംഗങ്ങളായ സി.ഡി.ബാബു, എം.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
കോർ കമ്മിറ്റിയംഗം പീറ്റർ ഏഴിമല സംഘടനാ റിപ്പോർട്ട വതരിപ്പിച്ചു. പ്രാദേശീക മാധ്യമ പ്രവർത്തകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും ഭരണ സംവിധാനങ്ങളിൽ പത്ര ദ്യശ്യ ശ്രവ്യ ഡിജറ്റൽ മാധ്യമ പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം നൽണമെന്നും ഷൈൻ ഐ.ടോമും മാധ്യമ പ്രവർത്തന രംഗത്ത് വനിതാ മാധ്യമ പ്രവർത്തകൻ നേരിടുന്ന ബുദ്ധിമുട്ടുകളും വേതന വ്യത്യാസവും പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് നീതു അശോകും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. പീറ്റർ ഏഴിമല സ്വാഗതവും കെഎംപിയു കണ്ണൂർ ജില്ലാ പ്രസിഡൻറ് വിൽസൺ ചാക്കോ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി വി.സെയ്ത് പതാക ഉയർത്തി. തുടർന്ന് തൊഴിലാളി, സംഘടന, നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. ശശി ഡി. നമ്പ്യാർ ക്ലാസ് നയിച്ചു.
സംസ്ഥാന ഭാരവാഹികളായി എം.റഫീഖ് തിരുവനന്തപുരം (പ്രസിഡൻ്റ്), പി.എം. പ്രസാദ് കണ്ണൂർ (വൈ.പ്രസിഡൻറ്), സുവീഷ് ബാബു കണ്ണൂർ (ജനറൽ സെക്രട്ടറി), ഒ.എം. ജോയി പാലക്കാട്, സി.ഡി. ബാബു വയനാട് (സെക്രട്ടറിമാർ), ഷാഫി ചങ്ങരംകുളം മലപ്പുറം (ട്രഷറർ), ഹർഷകുമാർ തിരുവനന്തപുരം (കമ്മിറ്റിയംഗം), എന്നിവരേയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി വി.സെയ്ദ് (പ്രസിഡന്റ്), പീറ്റർ ഏഴിമല (സെക്രട്ടറി) ടി.വി. വിജയൻ, പ്രേംചന്ദ്, സന്തോഷ് കുന്നത്ത് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു. അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പരിപാടികൾ സമ്മേളനത്തിൽ വിശദീകരിച്ചു.