Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

നഗസഭ ബസ്‌സ്റ്റാന്‍ഡ് നവീകരണം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സമര്‍പ്പിച്ച മണ്ണ് പരിശോധന റിപ്പോര്‍ട്ടിന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ബസ്റ്റാന്‍ഡ് നവീകരണത്തിന് ആവശ്യമായ രൂപരേഖ ജില്ലാ ടൗണ്‍പ്ലാനിംഗ് വിഭാഗമാണ് തയ്യാറാക്കുന്നത്.

 

യാര്‍ഡ് ബലപ്പെടുത്തുന്നതിനൊപ്പം കെട്ടിടം കൂടുതല്‍ മനോഹരമാക്കി പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതിനാണ് നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൗണ്‍സില്‍ ലക്ഷ്യംവെയ്ക്കുന്നത്. കെട്ടിട സമുച്ചയത്തിലെ മൊത്തം 112 കടമുറികളില്‍ 32 കടമുറികളും നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 

കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മുകളിലത്തെ നിലയിലെ ഏതാണ്ട് എല്ലാ മുറികളും ഒഴിഞ്ഞു കിടക്കാന്‍ കാരണമായതെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നത്. ബസ്‌സ്റ്റാന്‍ഡിന് മുന്‍വശത്തു നിന്നും മുകളിലത്തെ നിലയിലേക്ക് എത്തുന്നതിനുള്ള പ്രവേശന മാര്‍ഗമില്ലാത്തതിനാലാണ് കടമുറികള്‍ വാടകയ്ക്ക് പോകാത്തതെന്നാണ് പ്രാഥമിക നിഗമനം. കടമുറികള്‍ ലേലത്തില്‍ പോകാത്തതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി നഗരസഭാ കൗണ്‍സിലിന് ഉണ്ടായത്. ഒന്നാം നിലയിലെ പാരപ്പെറ്റുകള്‍ ഒഴിവാക്കാനും മുന്‍വശത്തു നിന്നും കൂടുതല്‍ പ്രവേശന മാര്‍ഗ്ഗങ്ങള്‍ നല്‍കാനുമാണ് ആലോചിക്കുന്നത്.

 

കെട്ടിടത്തിന്റെ മുന്‍വശത്തെ പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കി സായാഹ്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നു. ബസ്‌സ്റ്റാന്‍ഡ് യാര്‍ഡിനോട് ചേര്‍ന്നുള്ള വിശാലമായ ഭാഗം പാര്‍ക്കിംഗിനായി ക്രമീകരിക്കും. നഗരസഭാ പുതിയ ബസ്‌സ്റ്റാന്‍ഡ് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാക്കി പ്രത്യേക സ്‌കീം ഏരിയ ആക്കുന്നതിനും ആലോചിക്കുന്നു. കെട്ടിടത്തിന്റെ സ്‌കെച്ച് തയാറാക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ജില്ലാടൗണ്‍ പ്ലാനിങ് വിഭാഗം സന്ദര്‍ശനം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എസ്.ഷെമീര്‍, ജെറി അലക്സ്, ജില്ലാ പ്ളാനിംഗ് സമിതി അംഗം പി.കെ.അനീഷ്, ടൗണ്‍ പ്ളാനര്‍ ജി.അരുണ്‍, അസിസ്റ്റന്റ് ടൗണ്‍ പ്ളാനര്‍ വിനീത്, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ളാ ബീഗം, എന്‍ജിനീയര്‍ എസ്. സുധീര്‍ രാജ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

പൊതു ബോധവല്‍ക്കരണ ശില്പശാല നടത്തി
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം പഞ്ചായത്ത്തല ശില്പശാല ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഏനാദിമംഗലം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏനാദിമംഗലം സിഎച്ച്‌സിയില്‍ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇളമണ്ണൂര്‍ എസ്ബിഐ ബ്രാഞ്ച് മാനേജര്‍ എസ്. ആര്‍ ഹേമന്ത, കേരളബാങ്ക് ഏരിയ മാനേജര്‍ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പ്രവീണ്‍ പ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിജ മാത്യു, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വരുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും
കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന്
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡിആര്‍ഐപി)പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന് മൂന്നിന് സീതത്തോട് ശ്രീനാരയണ സാംസ്‌കാരിക നിലയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ.കെയു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അഡ്വ. വി മുരുകദാസ് , ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സീതത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി ഡിവിഷന്‍ ഓഫീസ് പദ്ധതിയുടെ തുടക്കകാലത്ത് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍(പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-എല്‍.സി/എഐ) (കാറ്റഗറി നം.454/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 30

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 30ന് ആലപ്പുഴ കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുളള പരാതികള്‍ പരിഗണിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

ലോക പുകയിലരഹിത ദിനാചരണം 2022 റീല്‍സ് തയ്യാറാക്കല്‍ മത്സരം

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീല്‍സ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കത്തക്കവിധം notobaccoday2022 @ gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ഥികളുടെ പേര്. വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ റീലുകളോടൊപ്പം ലഭ്യമാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15000,10000, 7500 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 2500 രൂപവീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സമ്മാനാര്‍ഹമായ റീലുകളുടെ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബ ക്ഷേമവകുപ്പിനായിരിക്കും. ഫോണ്‍ : 9447472562, 9447031057.

ലോക പുകയില രഹിത ദിനാചരണം: ഉപന്യാസ രചനാ മത്സരം

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുകയിലയും പരിസ്ഥിതിവാതവും എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരം നടത്തുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കുകളില്‍ കവിയാതെ ഉപന്യാസം രചിക്കാം. എഴുതി തയാറാക്കിയ ഉപന്യാസത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം ആറിന് മുന്‍പായി [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്. സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടുപേര്‍ക്ക് 1000 രൂപവീതവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഫോണ്‍: 9447472562, 9447031057

എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,നന്ദാവനം, വികാസ് ഭവന്‍.പി.ഒ,തിരുവനന്തപുരം-695033. ഫോണ്‍: 0471 2325101, 8281114464. ഇ-മെയില്‍ : [email protected], [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ അംഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടാം (9846033001).

അധ്യാപക നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികകളിലേക്ക് പിഎസ്‌സി യോഗ്യത പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലെ നിയമനത്തിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെ. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689672 എന്നവിലാസത്തിലോ [email protected] എന്ന ഇമെയില്‍വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ രണ്ട്. ഫോണ്‍ : 04735 227703.

 

 

error: Content is protected !!