ആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുതെന്ന് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ. (യുണീക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ) ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അനിവാര്യമാണെങ്കില്‍ ഇവയ്ക്ക് പകരം യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റായhttps://myaadhaar.uidai.gov.in.ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന നിങ്ങളുടെ ആധാര്‍ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണം.
അതുപോലെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേ/കിയോസ്‌ക് എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ഇ-ആധാറിന്റെ ഡൗണ്‍ലോഡ് ചെയ്ത എല്ലാ പകര്‍പ്പുകളും ആ കമ്പ്യൂട്ടറില്‍ നിന്ന് ശാശ്വതമായി ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കുണം.
നിലവിലുള്ള ഏത് ആധാര്‍ നമ്പറും https://myaadhaar.uidai.gov.in/verifyAadhaar. എന്ന സൈറ്റില്‍ നിന്നും പരിശോധിക്കാം. ഓഫ്‌ലൈനായി പരിശോധിക്കാനാണെങ്കില്‍ നിങ്ങളുടെ മൊബൈലിലെ എംആധാര്‍ ആപ്പിലെ ക്യൂ.ആര്‍ കോഡ് സ്‌കാനര്‍ വഴിവഴി ഇ-ആധാര്‍ അല്ലെങ്കില്‍ ആധാര്‍ കത്ത് അല്ലെങ്കില്‍ ആധാര്‍ പി.വി.സികാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്താല്‍ മതിയാകും.
യു.ഐ.ഡി.എ.ഐയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. ഹോട്ടലുകളോ സിനിമാ ഹാളുകളോ പോലുള്ള ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ആധാര്‍ നിയമം 2016 പ്രകാരം കുറ്റകരമാണ്.
ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനം നിങ്ങളുടെ ആധാര്‍ കാര്‍ഡ് കാണണമെന്നോ ഫോട്ടോകോപ്പിയോ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് യു.ഐ.ഡി.എ.ഐയില്‍ നിന്നുള്ള അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.