ചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി:പാലരുവി എക്‌സ്‌പ്രസ് പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി
ഏറ്റുമാനൂർ–-ചിങ്ങവനം ഇരട്ടപ്പാത തുറന്നു. ഇതോടെ തിരുവനന്തപുരം–-മംഗലാപുരം 633 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായി. പാലക്കാട്ടുനിന്ന് തിരുനെൽവേലിക്ക് പോയ പാലരുവി എക്‌സ്‌പ്രസ് പുതിയ പാതയിലൂടെ രാത്രി 9.25ന് -കന്നിയാത്ര നടത്തി. കോട്ടയം സ്‌റ്റേഷനിൽ തോമസ് ചാഴിക്കാടൻ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും യാത്രക്കാരും പൗരാവലിയും ചേർന്ന് ട്രെയിനിനെ സ്വീകരിച്ചു.
ഏറ്റുമാനൂർ പാറോലിക്കൽ മുതൽ ചിങ്ങവനം വരെ 16.7 കിലോമീറ്ററാണ് പുതിയ പാളം. ഇരട്ടപ്പാതയുടെ പാറോലിക്കൽ ഭാഗത്തെ സംയോജന ജോലികൾ ഞായറാഴ്‌ച വൈകിട്ടോടെ പൂർത്തിയായി. തുടർന്ന് രണ്ട് ബോഗി ഘടിപ്പിച്ച ട്രെയിൻ ചിങ്ങവനംവരെ പരീക്ഷണ ഓട്ടം നടത്തി. എറണാകുളം റെയിൽവേ ചീഫ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ആർ ഡി ജിംഗാർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ മുകുന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്തിമ പരിശോധനകൾ.