മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകൾ, ആരോഗ്യപുരോഗതി, ഇൻഷുറൻസ് എന്നീ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമാകും. റീ ബിൽഡ് കേരള’ യിൽ ഉൾപ്പെടുത്തിയ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ ചിപ്പ്, പത്തനംതിട്ട ജില്ലയിൽ പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷ്യത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കുന്ന മൈക്രോചിപ്പ് പദ്ധതി മുഴുവൻ ജില്ലകളിലേക്കും ഉടൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ഓമല്ലൂർ എ ജി ടി ഗ്രീൻ ഗാർഡൻ ഫാമിലെ ‘അമ്മിണി’ എന്ന പശുവിലാണ് ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബീനപ്രഭ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പാല്‍ ഉത്പാദനത്തില്‍ കേരളത്തെ ഒന്നാമത് എത്തിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിന്റേയും റീഡറിന്റേയും ഔദ്യോഗിക വിതരണവും പത്തനംതിട്ട ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 14 ലക്ഷം കന്നുകാലികളാണ് കേരളത്തിലുള്ളത്. ഇവയുടെ രോഗസാധ്യത ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായി പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്ക് 20.50 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ഈ പദ്ധതിയുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി നടപ്പാക്കാനായി ഏറ്റെടുത്തിരിക്കുന്നത്.
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ക്ഷീരകര്‍ഷകര്‍ കടന്നുപോകുന്നത്. ഉത്പാദനചിലവ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഭീമമായ വില കൊടുത്താണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങുന്നത്. പാലിന്റെ വില വര്‍ധിപ്പിക്കാതെ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് മൃഗങ്ങള്‍ക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായും ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
കൂടാതെ, കേരളത്തിലെ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വില കൂടുതലുള്ള കാലിത്തീറ്റയ്ക്ക് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഗുണമേന്‍മയുള്ള കേരളഫീഡ്സ് കാലിത്തീറ്റ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതും പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. അതിനായി കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കരുതെന്ന് കേരളഫീഡ്സിന് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. കട്ടിയുള്ള പാലിനും കന്നുകാലികളുടെ പരിപൂര്‍ണ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാകുന്ന ഒന്നാണ് ചോളം. അത് മുന്നില്‍ കണ്ട് കേരള ഫീഡ്‌സിന്റെ നേതൃത്വത്തില്‍ ചോളം കൃഷി തുടങ്ങും. ഗുണമേന്‍മയുള്ള ചോളം കേരളത്തില്‍ കൃഷി ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിച്ചുകൊണ്ട് തന്നെ മേഖലയെ പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പച്ചപ്പുല്ലിന്റെ കൃഷി വ്യാപകമാക്കാനുള്ള നടപടികളും നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലേത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലാണ് സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഇ-സമൃദ്ധ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികളെ തിരിച്ചറിയുന്നതിനായി ടാഗിംഗ് (ചെവിയില്‍ ടാഗ് ഘടിപ്പിക്കല്‍)ചെയ്യുന്നുണ്ട്. നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിച്ചുവരുന്നത്. ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് ടാഗിംഗ് ചെയ്യുന്ന ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ഇത്രയും കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആര്‍എഫ്ഐഡി എന്ന സംവിധാനത്തിലേക്ക് സംസ്ഥാനം മാറുന്നത്. ഈ നൂതന പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ വലിയ സന്തോഷമുണ്ടെന്നും, ക്ഷീരവികസന വകുപ്പിനെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇ.ജി. പ്രേം ജയിന്‍ ഇ-സമൃദ്ധ പദ്ധതി വിശദീകരണം നടത്തി. അതിനൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായ ആനിമല്‍ ഐഡന്റിഫിക്കേഷന്‍ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഓരോ മൃഗങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്സ് ബ്രീഡിംഗ് മാനേജ്‌മെന്റ്, പെഡിഗ്രി റെക്കോര്‍ഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍ ഭാവിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കാം. അതിനാലാണ് സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെ വിവരങ്ങളും അവരുടെ മൃഗങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായി ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ടാഗിങ്ങും ജി.ഐ.സ് മാപ്പിംഗും ഉള്‍പ്പെടുത്തി ഒരു പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അധിഷ്ഠിതമായ അനിമല്‍ ട്രേസബിലിറ്റി ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) കേരളാ പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ കേരളാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇ-സമൃദ്ധ എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി ഉന്നംവയ്ക്കുന്ന ലക്ഷ്യം നേടണമെങ്കില്‍ ഉരുക്കളുടെ ജീവിത കാലയളവില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ടതും അത് ജീവിതാവസാനം വരെ നിലനില്‍ക്കുന്നതുമായ ഒരു തിരിച്ചറിയല്‍ സംവിധാനം കൂടി ഒരുക്കണം.
കന്നുകാലികളെ തിരിച്ചറിയുന്നതിനായി നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ചെവിയില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ടാഗ് ചെയ്യുമ്പോള്‍ ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും സാധിക്കും. ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ആയതിനാല്‍ പകരം നടപ്പിലാക്കാന്‍ പോകുന്ന ഒരു പുതിയ തിരിച്ചറിയില്‍ സംവിധാനമാണ് ആര്‍എഫ്‌ഐഡി അഥവാ മൈക്രോചിപ്പ് ടാഗിംഗ്.
ചടങ്ങില്‍ തല്‍സമയം പശുവിന് മൈക്രോചിപ്പ് ഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മൃഗസംരക്ഷണ മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം മിനി വര്‍ഗീസ്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം അന്നമ്മ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ. സിന്ധു, ഡോ. ഡി.കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജ്യോതിഷ് ബാബു, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.