Input your search keywords and press Enter.

തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്ഥിരീകരിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി: ആല്‍ബിന്‍ ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊന്നുരുളി 66-ാം വാർഡിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിം​ഗ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്.

സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണൻ ആരോപിച്ചു. സിപിഐഎം കള്ളവോട്ട് ചെയ്താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണ്. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്. ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലല്ലോ. അപ്പോൾ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പോളിം​ഗ് 75 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷ. പിറ്റി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും. ഫൈനൽ പോളിം​ഗും താഴേത്തട്ടിലെ റിപ്പോർട്ടുംകൂടി കിട്ടിക്കഴിഞ്ഞാൽ ഏകദേശം എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!