Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

പൊതുവിദ്യാലയങ്ങളുടെ മികവ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍
അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതും പഠന രീതിയിലെ ഗുണകരമായ മാറ്റവും പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതായി  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധികള്‍ക്കു  ശേഷം സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന പ്രവണതയാണ് പൊതുവേ കാണുന്നത്. എല്ലായിടത്തും മികച്ച സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ സജ്ജീകരിക്കുന്നതിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം ആരോഗ്യകരമായസാമൂഹിക ഇടപെടലുകള്‍ ശീലിക്കുന്നതിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കൈവന്നിരിക്കുന്നത്. ഇത് സന്തോഷകരമായ അവസരമാണ്. നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സാമൂഹികപ്രതിബദ്ധതയും കര്‍മ്മശേഷിയുമുള്ള  മികച്ച തലമുറയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.  വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍ കിഡ്സ് ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ ‘എന്റെ ചിത്രം എന്റെ നോട്ട് ബുക്ക്’ പ്രകാശനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.കെ ഹരികുമാര്‍ പഠനോപകരണം വിതരണം നടത്തി .
വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. ശിവപ്രസാദ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

കമ്പംകോട്  പഞ്ചായത്ത് എല്‍ പി എസ്സിന് പുതിയ കെട്ടിടം;
മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു  

കമ്പംകോട് പഞ്ചായത്ത് എല്‍പിഎസില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ  സൗകര്യങ്ങള്‍ക്കായി  പണം ചെലവഴിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള ഏറ്റവും വലിയ മൂലധനനിക്ഷേപം  ആണെന്ന് മന്ത്രി പറഞ്ഞു. മുന്‍ എംഎല്‍എ അഡ്വ. പി.അയിഷാ പോറ്റിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 62 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയായിരുന്നു. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.

കോര്‍പ്പറേഷനില്‍ പ്രവേശനോത്സവം; മേയര്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള  വിദ്യാലയങ്ങളിലെ പ്രവേശനോത്സവം മേയര്‍ പ്രസന്ന ഏണസ്റ്റ്  കോയിക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള  നടപടികള്‍ നടത്തിവരികയാണെന്നും മികച്ച ഭൗതിക സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തുമെന്നും മേയര്‍ വ്യക്തമാക്കി.
കോര്‍പ്പറേഷന്‍ കായിക-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവിതാ ദേവി അധ്യക്ഷയായി. കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വി.സന്തോഷ് കുമാര്‍,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ സജി റാണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. മഞ്ജു, ഹെഡ്മിസ്ട്രസ്സ് എന്‍.എം നജീബ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

എം.പി ഫണ്ട് അവലോകനയോഗം
എം.പി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് എം.പി ഫണ്ട് അവലോകനയോഗത്തില്‍ നിര്‍ദ്ദേശം. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളുടെ എസ്റ്റിമേറ്റ് വേഗത്തില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.
476 പ്രവൃത്തികളാണ് ജില്ലയില്‍ പൂര്‍ത്തിയാക്കിയത്. പതിനേഴാം ലോക്‌സഭയുടെ ഭാഗമായി 80 പദ്ധതികള്‍ക്ക്  ഭരണാനുമതി ലഭിച്ചു. ഏഴു കോടി രൂപ  അനുവദിച്ചിരുന്നു. 51 പദ്ധതികള്‍  പൂര്‍ത്തിയായിക്കഴിഞ്ഞു.  എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താലൂക്ക് വികസന സമിതി യോഗം
കൊല്ലം താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്   രാവിലെ 10.30 ന്  താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വാണിജ്യ-വ്യവസായ സംരംഭകത്വ ശില്പശാല
തേവലക്കര പഞ്ചായത്ത് പരിധിയില്‍ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍  ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശില്‍പശാല നാളെ( ജൂണ്‍ മൂന്ന് )  ഉച്ചയ്ക്ക് രണ്ട്  മണിക്ക് തേവലക്കര പഞ്ചായത്ത് ഹാളില്‍  നടക്കും. വിവിധ ഏജന്‍സികളുടെ പദ്ധതികള്‍ക്ക് ലഭിക്കുന്ന സബ്‌സിഡികള്‍, സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട ലൈസന്‍സുകള്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9846449725 നമ്പരില്‍ ലഭിക്കും.

തലവൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം
തലവൂര്‍ ഗ്രാമ പഞ്ചായത്ത് തല  സ്‌കൂള്‍ പ്രവേശനോത്സവം നടുത്തേരി സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍  നടന്നു.  ഉദ്ഘാടനം  തലവൂര്‍  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് വി.എസ് കലാദേവി നിര്‍വഹിച്ചു.ചടങ്ങില്‍ വാര്‍ഡ് അംഗം കെ.ജി  ഷാജി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നിഷ മോള്‍, ആര്‍.എല്‍ വിഷ്ണു കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശികല മോഹന്‍,ബേബി തേവലക്കര, നടുത്തേരി സര്‍ക്കാര്‍ യു. പി.സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ സോമനാഥ ശര്‍മ, അധ്യാപകര്‍ രക്ഷിതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷക്കാലം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ നാല്. ഫോണ്‍- 04762834101, 9847539998, 9809787317.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററിലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി. എ – ആറു  മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി(മൂന്ന്  മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന്മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലേജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക്   അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547632016, വിലാസം – ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ- പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍.

അപേക്ഷ ക്ഷണിച്ചു
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള  ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി, ആറു മാസം ദൈര്‍ഘ്യമുള്ള  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി  ഫാമിംഗ്  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി  കോഴ്‌സിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവും,  സര്‍ട്ടിഫിക്കറ്റ് പൗള്‍ട്രി ഫാമിംഗ്  കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ എട്ടാംക്ലാസ്സും വിജയിച്ചിരിക്കണം.  ഫൈന്‍ കൂടാതെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 31.  https://onlineadmission.ignou.ac.in/admission/ ലിങ്ക് വഴി ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് : 9495000931,9400608493 നമ്പരുകളില്‍ ബന്ധപ്പെടുക.

error: Content is protected !!