Input your search keywords and press Enter.

ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണം: ജില്ലാ കളക്ടര്‍

വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്.ആന്‍ഡ് വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

മനുഷ്യബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നിടത്താണ് വിദ്യാര്‍ഥി ജീവിതം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് പൂര്‍ണ അധ്യയന വര്‍ഷത്തിനു തുടക്കം കുറിക്കുന്നത്. നിലവില്‍ കോവിഡിന്റെ സാഹചര്യം പൂര്‍ണമായും നാം തരണം ചെയ്തിട്ടില്ല. അതിനാല്‍ സ്‌കൂള്‍ തുറക്കുമ്പോഴും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും നിലനില്‍ക്കും.

 

ലോകത്ത് പല സ്ഥലങ്ങളിലും വിദ്യാഭ്യാസം ലഭിക്കാത്ത അനേകം ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍  100 ശതമാനം വിദ്യാഭ്യാസം നല്‍കുവാന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അഞ്ചാം ക്ലാസില്‍ അഞ്ചു ഡിവിഷനുകളിലായി 129 കുട്ടികളാണ് നവാഗതരായി ഇവിടെ എത്തിയത്. കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം കളക്ടര്‍ നിര്‍വഹിച്ചു.


പിടിഎ പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വാര്‍ഡ് അംഗം രമാ സുരേഷ്, പ്രിന്‍സിപ്പല്‍ എം.സക്കീന, എസ്.ലാലി, പ്രഥമാധ്യാപന്‍ എ.പ്രശാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധി വി.നിരഞ്ജന്‍, കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ വാഗ്ദാനവും പ്രതീക്ഷയും: ജില്ലാ കളക്ടര്‍

വിദ്യാര്‍ഥികള്‍ നാളത്തെ വാഗ്ദാനം മാത്രമല്ല ഇന്നത്തെ പ്രതീക്ഷ കൂടിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ.എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരല്ല. ഇന്നത്തേയും കൂടി പൗരന്മാരാണ്. വോട്ടവകാശം മാത്രമാണ് അവര്‍ക്ക് പതിനെട്ടാം വയസില്‍ ലഭിക്കുന്നത്. അതിനു മുന്‍പ് തന്നെ കുട്ടികള്‍ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് ഭാഗഭാക്കാവുന്നുണ്ട്. സ്വയം വളര്‍ത്തി എടുക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സ്‌കൂളില്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും മധുരിതമാകണം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പകര്‍ന്നു തരുന്ന ഊര്‍ജം വാക്കുകള്‍ക്ക് അതീതമാണ്. ആ ഊര്‍ജം കുട്ടികള്‍ നന്മയുടെ വഴികളാക്കി മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.


അക്ഷര കിരീടം ധരിച്ചാണ് കളക്ടര്‍ കുട്ടികളോട് സംവദിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടും പാടിയാണ് കളക്ടര്‍ മടങ്ങിയത്. അഡ്വ.കെ യു.ജനീഷ് കുമാര്‍ എം എല്‍ എ വിദ്യാര്‍ഥികളുമായി സംവദിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, വാര്‍ഡ് അംഗം രമാ സുരേഷ്, എസ്.സി ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, ഹെഡ്മാസ്റ്റര്‍ വി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!