Input your search keywords and press Enter.

പ്രളയത്തില്‍ എംഎല്‍എ രക്ഷപെടുത്തിയ കൈക്കുഞ്ഞ് അമ്മയുടെ കൈപിടിച്ച് അറിവിന്റെ ലോകത്തേക്ക്

 

പുത്തന്‍ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ് പുഞ്ചിരിച്ചു. 2018 ലെ പ്രളയത്തില്‍ നിന്നും എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. അമ്മയുടെ കൈപിടിച്ച് ബുധനാഴ്ച അക്ഷരങ്ങളുടെ ലോകത്തേക്ക് സ്‌കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയതിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാക്ഷിയായി.
സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച മന്ത്രി മിത്രയെ സുരക്ഷയുടെ ആദ്യപാഠമായി മാസ്‌ക് കൃത്യമായി ധരിപ്പിച്ചു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റേയും രഞ്ജിനിയുടേയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മന്ത്രിക്കും കളക്ടര്‍ക്കുമൊപ്പം കണ്ണാന്തുമ്പി പാടി കുരുന്നുകള്‍

ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവാഗതരായ കുരുന്നുകള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കുമൊപ്പം കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം ആലപിച്ച് ജില്ലാതല പ്രവേശനോത്സവത്തെ വര്‍ണാഭമാക്കി. ആദ്യമായി സ്‌കൂളിലെത്തിയവര്‍ക്കും രണ്ടു വര്‍ഷത്തോളം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ശീലിച്ചവര്‍ക്കും പ്രവേശനോത്സവം നവ്യാനുഭവമായി മാറി.

error: Content is protected !!