Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി സ്ഥാപിച്ച നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം  ( ജൂണ്‍ 4) രാവിലെ 11 ന് നെന്മാറ 110 കെ.വി. സബ്സ്റ്റേഷന് സമീപം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ,് കെ.ബാബു എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എസ.്ഇ.ബി.എല്‍ ഡയറക്ടര്‍ ആര്‍. സുകു, കെ.എസ.്ഇ.ബി.എല്‍ സ്വതന്ത്ര ഡയറകടര്‍ അഡ്വ. വി. മുരുകദാസ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, മേലാര്‍കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി, മേലാര്‍കോട് പഞ്ചായത്തംഗം ഓമന മുരുകന്‍, ജില്ലാ പഞ്ചായത്തംഗം വി. രജനി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പ്രഭാകരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദേൃാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായി  

ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങള്‍ക്കുള്ള അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുക, പെട്രോള്‍വിലവര്‍ധനമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി.എല്‍.നാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്താകെ നാലുചക്ര വാഹനങ്ങള്‍ക്കായി 62 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലുമായി 1165 പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി.എല്‍. പുതുതായി സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍മൌണ്ടഡ് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന അതിവിപുലമായ ശൃംഖലയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. ഇവ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍

പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സെന്ററുകളുടെ നിര്‍മ്മാണചെലവ് 29.5 ലക്ഷം രൂപയാണ്. ‘ചാര്‍ജ് മോഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുടെ കൃത്യ സ്ഥലം അറിയാനും ചാര്‍ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണില്‍ വൈദ്യുതി അളക്കുന്നതിനുള്ള എനര്‍ജി മീറ്ററും വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അടച്ച് ടൂവിലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇവിടെനിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യാന്‍ 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാര്‍ജിങ് ചെയ്യുക. അതിനനുസരിച്ച് ചാര്‍ജിങ് വ്യത്യസ്തമായിരിക്കും.

ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍

നാലുചക്രവാഹനങ്ങള്‍ക്കുള്ള സ്റ്റേഷനുകളില്‍ 10 കിലോവാട്ട് മുതല്‍ 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ഉള്ളതും സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാര്‍ജ്ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ പര്യാപ്തമാണ്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. 15 മിനിറ്റുകൊണ്ട് കാറുകള്‍ ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന സ്റ്റേഷനുകളില്‍ യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടയ്ക്കുന്നതിനും അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷന്‍ അറിയുന്നതിനും സാധിക്കും. നാലുചക്ര വാഹനങ്ങള്‍ക്കുള്ള നാല് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് 74.3 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഒേരേസമയം മൂന്ന്/ നാല് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. സ്റ്റേഷനുകളിലെല്ലാം റിഫ്രഷ്‌മെന്റ് സ്റ്റാള്‍ സ്ഥാപിക്കാനും സോളാര്‍ റൂഫിങ് ചെയ്യാനുമുളള നടപടിയും സ്വീകരിച്ചുവരുന്നുണ്ട്.

 
 
ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. ഇതില്‍ ജില്ലാ പഞ്ചായത്ത് 30 പച്ചത്തുരുത്തുകളാണ് സൃഷ്ടിക്കുന്നത്. 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും 13 ബ്ലോക്കുകളിലുമായി 106 പച്ചത്തുരുത്തുകളാണ് സ്ഥാപിക്കുന്നത്. വൃക്ഷത്തൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ചെറുവനങ്ങള്‍ സൃഷ്ടിച്ച് അവയെ പരിപാലിക്കുകയാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് സെന്റ് മുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്. ജില്ലയില്‍ ഹരിതകേരളം മിഷന്റെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസിന്റെയും സഹകരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപങ്കാളിത്തത്തോടെയാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു വരുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 103 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഭാഗികമായി നശിച്ചുപോയ 19 പച്ചത്തുരുത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

ജില്ലയില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നവകേരളം ‘പച്ചത്തുരുത്തുകള്‍’ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജലം, മണ്ണ്, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വരും തലമുറയ്ക്കായുള്ള കരുതലിന്റെ ഭാഗം കൂടിയാണ്.  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറു മാതൃകകള്‍ സൃഷ്ടിക്കുന്നതിന് ‘നവകേരളം പച്ചത്തുരുത്ത്’ എന്ന പേരില്‍ ആരംഭിക്കുന്ന ക്യാമ്പയിന്‍ വിപുലമായി നടപ്പാക്കും.

തരിശു ഭൂമിയില്‍ നിന്നും പ്രകൃതി വിഭവങ്ങള്‍ ശാസ്ത്രീയമായി നട്ട് പരിപാലിക്കുക ലക്ഷ്യമിട്ടാണ് ഹരിത കേരള മിഷനിന്റെ നേത്യത്വത്തില്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കിയത്. ഔഷധഗുണമുള്ള മരങ്ങളുള്ള 8 സവിശേഷ പച്ചത്തുരുത്തുകളാണ് ജില്ലയില്‍ ഉള്ളത്. നിലവിലുള്ള 103 പച്ചതുരുത്തുകളില്‍ വാഴ,തെങ്ങ്,ബദാം, മാവ്, കണിക്കൊന്ന,പേരയ്ക്ക, കമുങ്ങ്, മരച്ചീനി, വൈറ്റ് സീഡ് ബാംബൂ, അരിനെല്ലി, കറിവേപ്പ്, പപ്പായ, ഇരുള്, പൂവരശ്, ഞാവല്‍, ലക്ഷ്മിത്തരൂ, മാതളം എന്നീ മരങ്ങളും കുറ്റിചെടികളും ചെറു ചെടികളുമാണുള്ളത്. ജൈവ പ്രാധാന്യമുള്ള ഈ സ്ഥലങ്ങളിലെ മരങ്ങളും ചെടികളും പരിപാലിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. മരങ്ങള്‍ ഏത് എന്ന് അറിയാന്‍ വേണ്ടി ശാസ്ത്രീയനാമവും നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെച്ചിട്ടുണ്ട്. ഇതുകൂടാതെ മാസംതോറും വില്ലേജ് ഓഫീസ് അധികൃതര്‍ പച്ചതുരുത്തുകളുടെ സ്ഥിതിഗതികള്‍ അന്വേഷിച്ച് വരുന്നുണ്ട്.

നവകേരളം പച്ചത്തുരുത്ത് ഉദ്ഘാടനവും പരിസ്ഥിതി ദിനത്തില്‍

‘നവകേരളം പച്ചത്തുരുത്ത്’ ക്യാമ്പയിന്റെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജോയിന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി രൂപീകരിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘നവകേരളം പച്ചത്തുരുത്ത്’ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം അനങ്ങനടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, വി.കെ പടി വെള്ളിനാംകുന്ന് പത്തംകുളത്തില്‍ ജൂണ്‍ അഞ്ചിന് രാവിലെ 9:30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ തല ഉദ്യോഗസ്ഥര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, വായനശാല, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹിക,രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

ഫോട്ടോ-2019 ജൂണ്‍ 5 ന് ജില്ലാ പഞ്ചായത്ത് കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ കരിങ്കരപുള്ളി കനാല്‍ തീരത്ത് സൃഷ്ടിച്ച പച്ചത്തുരുത്തിന്റെ ഭാഗമായുള്ള മരങ്ങള്‍. തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ആണ് ഇത് പരിപാലിച് വരുന്നത്.നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് കഴിഞ്ഞ വര്ഷം( 2021 ജൂണ്‍ 5 ) പരിസ്ഥിതി ദിനത്തില്‍ ഇവിടം സന്ദര്‍ശിച് പരിപാലനത്തിന് നേതൃത്വം നല്‍കിയ കൊടുമ്പ് ഗ്രാമപഞ്ചായത്തിനെ അനുമോദിക്കുകയുണ്ടായി.

ആല്‍മരത്തിന് പുനര്‍ജ്ജനി

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മുണ്ടൂര്‍ – തൂത റോഡ് വികസനത്തിനായി കാറല്‍മണ്ണ ഭാഗത്ത് നിന്നും മാറ്റിയ ആല്‍മരം  ഇന്ന് (ജൂണ്‍ 4 ) രാവിലെ 8 .30ന് അടക്കാപുത്തൂര്‍ ശബരി പി.ടി.ബി ഹയര്‍സെക്കന്ററി സ്‌കൂളില്‍  നടും. പരിപാടിയുടെ ഉദ്ഘാടനം പി.മമ്മൂട്ടി എം.എല്‍.എ നിര്‍വഹിക്കും.  കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും  ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി , എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. ഇന്ദു വിജയന്‍ എന്നിവര്‍ സംസാരിക്കും.

ലോക സൈക്കിള്‍ ദിനത്തില്‍ നെഹ്‌റു യുവ കേന്ദ്ര സൈക്കിള്‍ റാലി സഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി. റാലി ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനത്ത് നടന്ന സൈക്കിള്‍ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് ശബരി ആശ്രമത്തില്‍ സമാപിച്ച സൈക്കിള്‍ റാലിയില്‍ ഇരുന്നൂറോളം യുവതി -യുവാക്കള്‍ പങ്കെടുത്തു. സൈക്കിള്‍ റാലിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ പ്രതിജ്ഞ ചൊല്ലി. ശബരി ആശ്രമത്തില്‍ നടന്ന സമാപന പരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ബിന്‍സി, മലമ്പുഴ സി.ഐ വിപിന്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡീഷണല്‍ നോഡല്‍ ഓഫീസര്‍ എന്‍. സതീന്ദ്രന്‍ ശബരി ആശ്രമം സെക്രട്ടറി വി. ദേവന്‍, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീക്ക് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ-ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പരിപാടി  വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഫോട്ടോ-ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല സൈക്കിള്‍ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

 
അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ജി.പി.ടി.സിയില്‍ ഡി.വോക് കോഴ്സിലേക്ക് പ്രിന്റിംഗ് ടെക്നോളജി വിഷയങ്ങളില്‍ അധ്യാപക നിയമനം. ബി.ടെക്, ബി.ഇ പ്രിന്റിംങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ആറിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -04662220450, 04662220440

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാം : അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലേക്ക് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്.ടു യോഗ്യത. അപേക്ഷകള്‍ ജൂണ്‍ 10 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -695033 വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍ -9846033001, 04712325101

സൗജന്യ പരിശീലനം

മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പശു വളര്‍ത്തലില്‍  പരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. പരിശീലനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :0491 2815454, 9188522713

പിന്നാക്ക സമുദായ ക്ഷേമ സമിതി സിറ്റിംഗ് മാറ്റിവെച്ചു

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 10 ന് നടത്താനിരുന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി സിറ്റിംഗ് മാറ്റി വെച്ചതായി അധികൃതര്‍ അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും

മോര്‍ഗ്ലാസ് ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 156) അറ്റകുറ്റ പണികള്‍ക്കായി ജൂണ്‍ നാലിന്  രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍,കടുക്കാംകുന്നം, മന്തക്കാട്, മലമ്പുഴ വഴി പോകണം.

അധ്യാപക നിയമനം : അഭിമുഖം ഇന്ന്

തോലന്നൂര്‍ ഗവ.ഹൈസ്‌കൂളില്‍  നാച്ചുറല്‍ സയന്‍സ്, എഫ്.ടി.എം. തസ്തികയിലേക്ക് ഇന്ന് (ജൂണ്‍ നാല് ) ന് അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി   കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കേന്ദ്ര തൊഴില്‍ ഉദ്യോഗമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘ഒ’ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു.  ജൂലൈ ഒന്നിന് 18 നും 28 വയസ്സിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും, മൂന്ന് ലക്ഷത്തില്‍ കുറയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും കോഴ്സില്‍ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ്, പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. പാലക്കാട് ബസ് സ്റ്റാന്‍ഡിന് (കെ.എസ്.ആര്‍.ടി.സി) സമീപത്തുള്ള കെല്‍ട്രോണ്‍ എജുക്കേഷന്‍ സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 നകം എസ്.എസ്.എല്‍.സി, പ്ലസ്. ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് ,എംപ്ലോയ്മെന്റ് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ [email protected]ല്‍ നേരിട്ട് നല്‍കണമെന്ന് സബ്- റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -9847597587, 2332113 , 8304009409

ഗതാഗത നിരോധനം

മണ്ണാര്‍ക്കാട്- ചിന്ന തടാകം (ആല്‍ത്തറ ജംങ്ഷന്‍ -വടക്കുമണ്ണം -പഴയ ചെക്ക്പോസ്റ്റ്) റോഡില്‍  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന്( ജൂണ്‍ നാല്) മുതല്‍ 20 വരെ നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്( കാറ്റഗറി നമ്പര്‍:230/2016) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദ് ചെയ്തതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, എച്ച്. എസ്. ടി മാത്തമാറ്റിക്സ്, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ താത്കാലിക നിയമനം. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐ.ടി.ഐ, ടി.എച്ച്.എസ്.എല്‍.സിയും എച്ച്.എസ്.ടി തസ്തികയില്‍ ബി.എഡ് കെ-ടെറ്റ് സെറ്റുമാണ് യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ എട്ടിന് രാവിലെ 10ന്  നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -0491 2572038, 9400006485

 
 വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ : അഭിമുഖം ഏഴിന്

ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍  വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സുപ്രണ്ട് അറിയിച്ചു.

 
ഹോം ഗാര്‍ഡ്സ് തിരഞ്ഞെടുപ്പ് : കായികക്ഷമത പരിശോധന 15ന്

ജില്ലയില്‍ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് മാര്‍ച്ച് ഏഴ് മുതല്‍ 31 വരെ അപേക്ഷ നല്‍കിയവരില്‍ പത്താംക്ലാസ് പാസായതും, ആര്‍മി മെട്രിക്കുലേഷന്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ജൂണ്‍ 15ന് രാവിലെ ആറിന് പാലക്കാട് മുട്ടികുളങ്ങര കെ.എ.പി. സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമത പരിശോധനയും നടക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, മുന്‍കാല സര്‍വീസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, അസിസ്റ്റന്റ് സര്‍ജന്‍  റാങ്കുള്ള ഗവ. മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച ഫോട്ടോ പതിച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കണം. നിശ്ചിത തീയതിയിലും സമയത്തും എത്താത്ത അപേക്ഷകരെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കില്ല. ഫോണ്‍ -0491 2505702

error: Content is protected !!