കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി 12000 കോടി രൂപ നീക്കിവെച്ചതായും സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി സ്ഥാപിച്ച നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നെന്മാറ 110 കെ.വി. സബ്സ്റ്റേഷന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് മീറ്റര്‍ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ലാഭമാണ്. വൈദ്യുതിക്ക് ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന പീക്ക് അവറുകളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണെങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ ലാഭകരമാകും. വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കേരളം 173 മെഗാവാട്ട് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് 38 മെഗാവാട്ട് ലഭിക്കുന്ന നാല് പദ്ധതികള്‍ കമ്മീഷന്‍ ചെയ്തതായും മന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ലഭ്യതയില്‍ കുറവ് പ്രതീക്ഷിക്കുന്ന സമയത്ത് കേരളത്തില്‍ വലിയ സാധ്യതകളുള്ള ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകളോടുള്ള എതിര്‍പ്പ് മാറ്റിവയ്ക്കാന്‍ സമൂഹം തയ്യാറാവണം. ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതികള്‍. വ്യവസായ ആവശ്യത്തിന് കേരളത്തില്‍ വൈദ്യുതി കുറഞ്ഞനിരക്കില്‍ നല്‍കിയാല്‍ കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഓരോ 50 കിലോമീറ്ററിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ലക്ഷ്യം
ഓരോ 50 കിലോമീറ്റര്‍ പരിധിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് നെന്മാറയില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനായി എട്ട് കോടി അനുവദിച്ചത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ മുന്നോട്ട് വരികയാണെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കും. ചാര്‍ജിങ് സ്റ്റേഷനുകളോട് അനുബന്ധിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുടങ്ങിക്കിടന്ന കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. മൂന്ന് കോടി രൂപ ചിലവില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് അനുമതി നല്‍കി കഴിഞ്ഞു.
ജലസേചനത്തിന് പുറമേ വൈദ്യുതി ഉത്പാദനം കൂടി ലക്ഷ്യമിടുകയാണ് കുരിയാര്‍കുറ്റി – കാരപ്പാറ പദ്ധതി
ജലസേചനത്തിന് പുറമേ വൈദ്യുതി ഉത്പാദനം കൂടി ലക്ഷ്യമിടുകയാണ് കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകള്‍ക്ക് വലിയ ഗുണമുണ്ടാകും. കേരളത്തിന് ലഭിക്കുന്ന 3000 ടി.എം.സി ജലത്തില്‍ വെറും 300 ടി.എം.സി മാത്രമേ കേരളം ഉപയോഗിക്കുന്നുള്ളൂ. പാഴാക്കി കളയുന്ന ജലം കൂടി വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണെങ്കില്‍ കേരളത്തിന് വലിയ നേട്ടമാവും. വീടുകളില്‍ സോളാര്‍ വൈദ്യുതി പദ്ധതികള്‍ ഉപയോഗിക്കുകയാണെങ്കില്‍ കുടുംബ ചിലവില്‍ 17000 രൂപയുടെ വരെ കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാരും മൈക്രോ ഇറിഗേഷന്‍ ഉള്‍പ്പടെ സോളാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ആവും. നാല് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ചെറുകിട കര്‍ഷക തൊഴിലാളികളുടെ വീട്ടിലും സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷിയിലൂടെ ഉള്‍പ്പെടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളിലും അഞ്ച് വീതം പോള്‍ മൗണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കാനാണ് തീരുമാനം. കൂടുതല്‍ ആവശ്യമുള്ള മണ്ഡലങ്ങള്‍ക്ക് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ കെ.എസ.ഇ.ബി.എല്‍ ഡയറക്ടര്‍മാരായ വി.ആര്‍. ഹരി. ആര്‍.സുകു, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി, മേലാര്‍കോട് പഞ്ചായത്തംഗം ഓമന മുരുകന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പ്രഭാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധികളില്‍ ഒഴുകുന്ന പുഴകളില്‍ പച്ചതുരുത്തുകള്‍ സൃഷ്ടിക്കാനും അതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍. ഇത്തരത്തില്‍ ജില്ലയില്‍ 122 പച്ചതുരുത്തുകളാണുള്ളത്. ഇതില്‍ മംഗലം പുഴയോരത്തുള്ള പച്ചതുരുത്തുക്കള്‍ ശ്രദ്ധേയമാണ്. പച്ചതുരുത്തുകള്‍ സൃഷ്ടിക്കുന്നതോടൊപ്പം അവ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. 2022 ല്‍ ജില്ലാ പഞ്ചായത്ത് ഹരിത കേരള മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് 58 പുതിയ പച്ചതുരുത്തുകളാണ് നിര്‍മ്മിക്കുകയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഉത്പാദന മേഖലയില്‍ നൂതന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വികസനം ഉറപ്പാകുകയാണ് പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു. പി അലക്‌സ്. ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ’14-ാം പഞ്ചവത്സര പദ്ധതി സമീപനം, സംയോജന സാധ്യതകള്‍, സംയുക്ത പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീനമായ ആശയങ്ങളിലൂടെ തൊഴില്‍ സംരംഭകര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ച് ക്രമാനുഗതമായി മെച്ചപ്പെടുകയാണ് വേണ്ടതെന്നും സാമ്പത്തിക വികസനം മുന്‍നിര്‍ത്തി സൂക്ഷ്മ പദ്ധതികള്‍ രൂപീകരിക്കുകയും വിവിധ വകുപ്പുകളെ ഏകോപിച്ച് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അതാത് പഞ്ചായത്തുകളിലേക്കുള്ള ആവശ്യങ്ങള്‍ കണ്ടത്തുമെന്നും ജില്ലാ ആസൂത്രണ പദ്ധതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാങ്കേതിക വിദഗ്ധത ഉറപ്പാക്കി സമഗ്ര വികസനം വര്‍ധിപ്പിക്കുന്നതിനും സാങ്കേതിക പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിച്ച് വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. 14 -ാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, പ്ലാന്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കായാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പ്പശാലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ സി.പി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
‘നവകേരളം പച്ചത്തുരുത്ത്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം (ജൂണ്‍ അഞ്ച്) അനങ്ങനടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്, വി.കെ പടി വെള്ളിനാംകുന്ന് പത്തംകുളത്തില്‍ രാവിലെ 9:30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ തല ഉദ്യോഗസ്ഥര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, വായനശാല, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹിക,രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍
ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. ഇതില്‍ ജില്ലാ പഞ്ചായത്ത് 30 പച്ചത്തുരുത്തുകളാണ് സൃഷ്ടിക്കുന്നത്. 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും 13 ബ്ലോക്കുകളിലുമായി 106 പച്ചത്തുരുത്തുകളാണ് സ്ഥാപിക്കുന്നത്. വൃക്ഷത്തൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ചെറുവനങ്ങള്‍ സൃഷ്ടിച്ച് അവയെ പരിപാലിക്കുകയാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് സെന്റ് മുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്. ജില്ലയില്‍ ഹരിതകേരളം മിഷന്റെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസിന്റെയും
ജില്ലയില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നവകേരളം ‘പച്ചത്തുരുത്തുകള്‍’ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജലം, മണ്ണ്, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വരും തലമുറയ്ക്കായുള്ള കരുതലിന്റെ ഭാഗം കൂടിയാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറു മാതൃകകള്‍ സൃഷ്ടിക്കുന്നതിന് ‘നവകേരളം പച്ചത്തുരുത്ത്’ എന്ന പേരില്‍ ആരംഭിക്കുന്ന ക്യാമ്പയിന്‍ വിപുലമായി നടപ്പാക്കും.
തരിശു ഭൂമിയില്‍ നിന്നും പ്രകൃതി വിഭവങ്ങള്‍ ശാസ്ത്രീയമായി നട്ട് പരിപാലിക്കുക ലക്ഷ്യമിട്ടാണ് ഹരിത കേരള മിഷനിന്റെ നേത്യത്വത്തില്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കിയത്. ഔഷധഗുണമുള്ള മരങ്ങളുള്ള 8 സവിശേഷ പച്ചത്തുരുത്തുകളാണ് ജില്ലയില്‍ ഉള്ളത്. നിലവിലുള്ള 103 പച്ചതുരുത്തുകളില്‍ വാഴ,തെങ്ങ്,ബദാം, മാവ്, കണിക്കൊന്ന,പേരയ്ക്ക, കമുങ്ങ്, മരച്ചീനി, വൈറ്റ് സീഡ് ബാംബൂ, അരിനെല്ലി, കറിവേപ്പ്, പപ്പായ, ഇരുള്, പൂവരശ്, ഞാവല്‍, ലക്ഷ്മിത്തരൂ, മാതളം എന്നീ മരങ്ങളും കുറ്റിചെടികളും ചെറു ചെടികളുമാണുള്ളത്. ജൈവ പ്രാധാന്യമുള്ള ഈ സ്ഥലങ്ങളിലെ മരങ്ങളും ചെടികളും പരിപാലിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. മരങ്ങള്‍ ഏത് എന്ന് അറിയാന്‍ വേണ്ടി ശാസ്ത്രീയനാമവും നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെച്ചിട്ടുണ്ട്. ഇതുകൂടാതെ മാസംതോറും വില്ലേജ് ഓഫീസ് അധികൃതര്‍ പച്ചതുരുത്തുകളുടെ സ്ഥിതിഗതികള്‍ അന്വേഷിച്ച് വരുന്നുണ്ട്.
കൊല്ലങ്കോട് ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, ക്ഷീരവികസന വകുപ്പ്, മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷക സംഗമത്തിന്റെയും മിനി ഡയറി പ്ലാന്റിന്റെയും ഉദ്ഘാടനം ജൂണ്‍ ആറിന് ഉച്ചക്ക് 12 ന് മീങ്കര മിനി ഡയറി പ്ലാന്റില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി മുതലമട കിഴക്ക് ക്ഷീരവ്യസായ സഹകരണ സംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, എക്‌സിബിഷന്‍, ‘മൂല്യവര്‍ധിത പാലുത്പ്പന്നങ്ങള്‍ – വിപണന സാധ്യതകള്‍’ എന്ന വിഷയത്തില്‍ ക്ഷീരവികസന സെമിനാര്‍ എന്നിവ നടക്കും. സെമിനാര്‍ ക്ഷീരവികസന ഓഫീസര്‍ പി. ദിവ്യ അവരിപ്പിക്കും. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഫെമി.വി.മാത്യൂ നേതൃത്വം നല്‍കും.
വകുപ്പിന്റെ 30 ലക്ഷം സബ്‌സിഡിയില്‍ ആകെ 1.7 കോടി ചെലവിലാണ് മിനി ഡയറി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന് 2000 ലിറ്റര്‍ പാല്‍ സംസ്‌കരണ ശേഷിയുണ്ട്. മുതലമട കിഴക്ക് ക്ഷീരകര്‍ഷക സംഘത്തിന് വകുപ്പില്‍ നിന്ന് എട്ട് ലക്ഷം സബ്‌സിഡിയില്‍ ആകെ 30 ലക്ഷം ചെലവില്‍ നിര്‍മ്മിച്ച 50 കെ.വി സോളാര്‍ പവര്‍ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ സ്വിച്ച് ഓണ്‍ ചെയ്യും. പരിപാടിയില്‍ മികച്ച ഗുണനിലവാരമുള്ള പാല്‍ അളന്ന കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍, കന്നുകാലി പ്രദര്‍ശന ഉരുക്കളുടെ ഉടമകള്‍ എന്നിവരെ ആദരിക്കും.
പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷകനാകും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ്, ചിറ്റൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം ക്ഷീര വികസന ഓഫീസര്‍ എം.എസ്. അഫ്‌സ, ക്ഷീരവികസന ഓഫീസര്‍ ടി.വി മിഥുന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ക്ഷീര കര്‍ഷകര്‍ പങ്കെടുക്കും.
ആലത്തൂര്‍ ബ്ലോക്കിലെ മണിയില്‍പറമ്പ് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെ സഹകരണത്തില്‍ നടക്കുന്ന ആലത്തൂര്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെയും വൈക്കോല്‍ ബെയിലി യൂണിറ്റിന്റെയും ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ്‍ ആറിന് ഉച്ചക്ക് മൂന്നിന് ആലത്തൂര്‍ എരിമയൂര്‍ പള്ളി ഹാളില്‍ നിര്‍വ്വഹിക്കും. വൈക്കോല്‍ ബെയിലി യൂണിറ്റിന്റെ ഭാഗമായുള്ള ട്രാക്ടര്‍ കം ബെയിലര്‍, പിക്കപ്പ് വാന്‍ എന്നിവയുടെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിക്കും. ക്ഷീര സംഘം ജീവനക്കാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്, യൂണിഫോം എന്നിവയുടെ ജില്ലാതല വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകന്‍, മികച്ച വനിതാ ക്ഷീരകര്‍ഷക, ബ്ലോക്കിലെ മികച്ച എസ്.സി കര്‍ഷകന്‍ എന്നിവരെ ആദരിക്കും. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ ഗുണമേന്മയുള്ള വൈക്കോല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ വകുപ്പിന്റെ 2021-22 മില്‍ക്ക്ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം രൂപ ചിലവിലാണ് വൈക്കോല്‍ ബെയിലി യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 15 ലക്ഷം വകുപ്പ് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിയിട്ടുണ്ട്.
ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി എരിമയൂര്‍ കാവ് മൈതാനത്ത് രാവിലെ ഒമ്പത് മുതല്‍ കന്നുകാലി പ്രദര്‍ശനം, എരിമയൂര്‍ പള്ളി ഹാളില്‍ രാവിലെ 11 ന് ഡയറി ക്വിസ്, ഉച്ചക്ക് രണ്ടിന് ‘പാലുത്പാദന ചെലവ് കുറക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ ക്ഷീരവികസന സെമിനാര്‍ എന്നിവ നടക്കും. സെമിനാര്‍ നെന്മാറ ക്ഷീരവികസന ഓഫീസര്‍ സി.സി ജയപ്രകാശ് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. ബിന്ദു നേതൃത്വം നല്‍കും.
പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍എ അധ്യക്ഷനാകും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ചാമുണ്ണി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ്, മണിയില്‍പറമ്പ് ക്ഷീര സംഘം പ്രസിഡന്റ് പി. രവിചന്ദ്രന്‍, ആലത്തൂര്‍ ക്ഷീര വികസന ഓഫീസര്‍ പി.ബി പ്രിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ക്ഷീര കര്‍ഷകര്‍ പങ്കെടുക്കും.
ജില്ലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഊര്‍ജ്ജിതം. സ്‌കൂള്‍ തുറക്കലിനോട് അനുബന്ധിച്ച് ജൂണ്‍ രണ്ട് മുതല്‍ നാല് വരെ പാലക്കാട്, മലമ്പുഴ, തൃത്താല, പട്ടാമ്പി, വടക്കഞ്ചേരി എന്നിവിടങ്ങളിലെ 26 സ്‌കൂളുകളില്‍ പരിശോധന നടത്തി. സ്‌കൂളുകളില്‍ നിന്ന് വെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും 32 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. വെള്ളത്തിന്റെ ശുചിത്വവും ഭക്ഷ്യ വസ്തുക്കളുടെ കാലപ്പഴക്കവുമാണ് പരിശോധിക്കുന്നത് . വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിലവിലെ സാമ്പിളുകളുടെ ഫലം 15 ദിവസത്തിനകം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഫിഷറീസ് വകുപ്പ് മുഖേന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ബയോഫ്‌ളോക്ക് യൂണിറ്റ്(വന്നാമി ചെമ്മീന്‍), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ്, മത്സ്യസേവന കേന്ദ്രം മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബയോ ഫ്‌ളോക്ക് യൂണിറ്റ് , റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റുകള്‍ക്കായി യൂണിറ്റുകള്‍ക്ക് 7.5 ലക്ഷവും മത്സ്യസേവന കേന്ദ്രം യൂണിറ്റിന് 25 ലക്ഷവും ചെലവഴിക്കാം. പി.എം.എം.എസ്.വൈ പദ്ധതിയില്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ലുകള്‍ നല്‍കുന്ന പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി/എസ്.ടി/വനിത വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ [email protected] ലും നല്‍കാം. അതത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേനയും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍: 0491 2815245
പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍(മെക്കാനിക്കല്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത ബിരുദം. അപേക്ഷയോടൊപ്പം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള സാക്ഷ്യപത്രം നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2547437
വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം(അറബിക്) എച്ച്.എസ്.ടി, മാത്തമാറ്റിക്സ് തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 9400925884
ചാഴിയാട്ടിരി പാമ്പലത്ത് വളപ്പില്‍ പി.വി. ഫൈസലില്‍ നിന്നും പിടിച്ചെടുത്ത സ്ഥാവര വസ്തുക്കള്‍ ജൂണ്‍ 30 ന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55% മാര്‍ക്കുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0494 2582800
മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ ബി.ബി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ ഇക്കണോമിക്‌സില്‍ ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ബിരുദം/ ഡിപ്ലോമ, ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കിലിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ്/ കമ്യൂണിക്കേഷന്‍ സ്‌കിലിലുള്ള പ്രാവീണ്യം/പ്ലസ് ടു/ഡിപ്പോമ നിലവാരത്തില്‍ കമ്പൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ എട്ടിന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ പാലക്കാട് ഡി.റ്റി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
തെരുവുനായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും കൂട്ടമായി പൊതുജനങ്ങളെയും കുട്ടികളെയും ആക്രമിക്കുന്നതിന് ശാശ്വത പരിഹാരവും അടിയന്തര നടപടി സ്വീകരിക്കണമെന്നും പാലക്കാട് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മൃഗസംരക്ഷണവകുപ്പ്, ജില്ലാ പഞ്ചായത്ത് അധികൃതര്‍, തദ്ദേശസ്വയംഭരണ അധികൃതര്‍ നടപടിയെടുക്കണമെന്നും രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനരാജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ഭൂരേഖ തഹസില്‍ദാര്‍ സുധാകരന്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പി.എം. കിസാന്‍ പദ്ധതിയില്‍ അംഗമായ കര്‍ഷകരുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിന് കൃഷി ഭൂമിയുടെ വിവരങ്ങള്‍ ജൂണ്‍ ഒമ്പത് വരെ ദീര്‍ഘിപ്പിച്ചതായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പി.എം. കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നതിന് ഭൂനികുതി അടച്ച രസീത് അക്ഷയ, സി.എസ്.സി സെന്റര്‍ മുഖേനയോ സ്വന്തമായോ ആധാര്‍ നമ്പര്‍/ സ്മാര്‍ട്ട് ഐ.ഡി മുഖേന ലോഗിന്‍ ചെയ്ത്, കൃഷി ഭൂമിയുടെ വിവരങ്ങള്‍ വേരിഫിക്കേഷനായി അതത് കൃഷിഭവനില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷന്‍ ജൂണ്‍ എട്ട് വരെ നടക്കുമെന്ന് ജില്ലാ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 20 രൂപ ഫൈനോടെ ജൂണ്‍ 13 വരെയും അപേക്ഷിക്കാം. ജില്ലയില്‍ പഠനം നടത്തിവരുന്ന പഠിതാക്കള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സുപ്രണ്ട്മാര്‍ക്ക് ഫീസ് അടക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് സാക്ഷരതാമിഷന്‍ പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാറെ സമീപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-250 5179.
കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്(കിക്മ) എം.ബി.എ ഫുള്‍ടൈം ബാച്ചിലേക്ക് ജൂണ്‍ ഏഴിന് രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബിരുദത്തില്‍ 50% മാര്‍ക്കുള്ള സി മാറ്റ് പരീക്ഷ എഴുതിയവര്‍ അല്ലെങ്കില്‍ കെ-മാറ്റ്/ക്യാറ്റ്(cmat/ cat) യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ബിരുദം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍വ്യൂ ലിങ്ക് meet.google.com/rak-sgbp-huo. വിശദവിവരങ്ങള്‍ www.kicmakerala.ac.in ല്‍ ലഭിക്കും. ഫോണ്‍: 8547618290