Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ശാസ്ത്ര അഭിരുചി മെച്ചപ്പെടുത്താന്‍  വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും;
മന്ത്രി കെ.എന്‍.ബാലഗോപാല്‍

ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതിനായി നൂതന ആശയങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര അഭിരുചി മെച്ചപ്പെടുത്താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍   എസ്.എസ്.കെ. ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ഉന്നമനത്തിനായി ഉല്‍പാദനവര്‍ദ്ധനയും കാര്‍ഷികസമൃദ്ധിയും ലക്ഷ്യമാക്കിയുള്ള വിജ്ഞാനവ്യാപനത്തിന് സ്‌കില്‍ പാര്‍ക്കുകള്‍, ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഇന്നവേഷന്‍ ഹബ്  സയന്‍സ് ലൈബ്രറി, ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ലാബുകള്‍ എന്നിവ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തിന്റെ ഗുണമേ• ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായികുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചണ് മന്ത്രി മടങ്ങിയത്.
ചടങ്ങില്‍ എസ്. എസ്.കെ ജില്ലാ മുന്‍ പ്രോജെക്ട് കോ-ഓര്‍ഡിനേറ്റര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താനെ മന്ത്രി ആദരിച്ചു. സ്‌കൂള്‍ പി. ടി.എ പ്രസിഡന്റ് എസ്. ശശികുമാര്‍ അദ്ധ്യക്ഷനായി, പ്രിന്‍സിപ്പാള്‍ ബീന കുഞ്ഞച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ എ.അജി,  കുളക്കട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ കോട്ടയ്ക്കല്‍ രാജപ്പന്‍, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എച്ച്.ആര്‍ അനിത, എസ്.എം.സി ചെയര്‍മാന്‍ മൈലംകുളം ദിലീപ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

കാലാനുസൃതമായ മികവുറ്റ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍   മുന്‍തൂക്കം നല്‍കുന്നതിന് കാലാനുസൃതമായ മികവുറ്റ വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുകയാണ്  സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുളക്കട ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ എല്‍. പി. സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണ്.  നൂതന  ആശയങ്ങളിലൂടെ വിദ്യാലയങ്ങളെ  മികവിന്റെ ഇടങ്ങളാക്കി മാറ്റുമെന്നും ഇതിനായി മികച്ച  പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
മുന്‍ എം.എല്‍.എ അയിഷാ പോറ്റിയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 2020-2021ല്‍ അനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്.
ചടങ്ങില്‍  കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.റ്റി. ഇന്ദുകുമാര്‍ അദ്ധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, പി. റ്റി. എ പ്രസിഡന്റ് പി. ആര്‍ അബു, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സച്ചി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.രശ്മി, കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. രഞ്ജിത്ത്, എ. അജി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കോട്ടയ്ക്കല്‍ രാജപ്പന്‍, റ്റി. മഞ്ജു, സജി കടുക്കാല, ബ്ലോക്ക് അംഗം എന്‍. മോഹനന്‍, വാര്‍ഡ് അംഗം എസ്. ശ്രീജ ഹെഡ്മിസ്ട്രസ് സി. സി. ബിന്ദു, തുടങ്ങിയവര്‍ പങ്കെടുത്തു.

വൈവിധ്യങ്ങളില്‍ ഐക്യത്തിന്റെ അടിസ്ഥാനം ഭരണഘടന;
മന്ത്രി കെ. എന്‍ ബാലഗോപാല്‍

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്ന ബൃഹത്തായ നിയമ രേഖയായ ഇന്ത്യന്‍ ഭരണഘടനയാണ് വൈവിധ്യങ്ങളില്‍ ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലത്തെ  സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിനുള്ള  ദി സിറ്റിസണ്‍ ക്യാമ്പയിന്റെ കൊട്ടാരക്കര ബ്ലോക്ക് തല ഉദ്ഘാടനം സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ചരിത്രം, പശ്ചാത്തലം, ആമുഖം, അടിസ്ഥാന തത്വങ്ങള്‍, മൗലിക അവകാശങ്ങള്‍, കടമകള്‍, ഭരണഘടനയും കോടതിയും എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ്  ക്യാമ്പയിന്റെ ലക്ഷ്യമെന്നും ഇത് ലോകത്തിന് തന്നെ  മാതൃകയാണെന്നും മന്ത്രി പറഞ്ഞു.  ചടങ്ങില്‍ ഭരണഘടന ആമുഖ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി  കൊട്ടാരക്കര ഗാന്ധിമുക്കില്‍ നിന്നും  ബ്ലോക്ക് പഞ്ചായത്ത് വരെ  ഭരണഘടനാ സന്ദേശറാലി സംഘടിപ്പിച്ചു .
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. ലീലാമ്മ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവന്‍പിള്ള, പ്രിജി ശശിധരന്‍, എസ്. ഷൈന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. തങ്കപ്പന്‍, എ. അഭിലാഷ്, സജനി ഭദ്രന്‍, സെക്രട്ടറി എസ്. അജയ് രാജ്, കില സി.എച്ച്. ആര്‍.ഡി  പ്രിന്‍സിപ്പാള്‍ ഡി. സുധ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെസ്സി റോയി, പി. എസ്. പ്രശോഭ, ആര്‍.സത്യഭാമ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

കോവിഡ്: ജാഗ്രത തുടരണമെന്ന് ഡി. എം. ഒ
സംസ്ഥാനത്ത്  കോവിഡ്  വ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍  ജില്ലയിലും  ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.      മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രായമായവരിലും ഗുരുതര രോഗങ്ങളുള്ളവരിലും റിവേഴ്‌സ് ക്വാറന്റെയ്ന്‍ ശക്തമാക്കണം. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനലും വാതിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പ് വരുത്തേണ്ടതാണ്.
സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം . പനി, കോവിഡ് ബാധ തുടങ്ങിയ കാരണങ്ങളാല്‍ സ്‌കൂളില്‍ വരാതിരിക്കുന്ന കുട്ടികളുടെയും എണ്ണം ആരോഗ്യ വകുപ്പിനെ യഥാസമയം അറിയിക്കണം.

പനി, ജലദോഷം എന്നിവ കണ്ടാല്‍ സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിവയില്‍ പോകരുത്. രണ്ട് ദിവസം കഴിഞ്ഞ് രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ പരിശോധന നടത്തേണ്ടതാണ്. സ്‌കൂളുകളിലോ തൊഴിലിടങ്ങളിലോ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടാല്‍ ആ വിവരം ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണം.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനിക്കായി പ്രത്യേക ഓ. പികള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ രണ്ട്  മുതല്‍ അഞ്ച് ശതമാനം പേരെ വരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് ആയവരില്‍ നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും,  മറ്റ്  ഗുരുതരാവസ്ഥയില്ലാത്തവര്‍ക്കും ഹോം ഐസോലേഷനില്‍ കഴിയാം. അനുബന്ധരോഗങ്ങളുള്ളവര്‍, ശ്വാസകോശരോഗങ്ങളുള്ളവര്‍, ഹൃദയം, കരള്‍, വൃക്കരോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനില്‍ കഴിയാവൂ. ഹോം ഐസൊലേഷനില്‍ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും, അപായ സൂചനകള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടുകയും വേണം.
കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയില്‍ കൂടുതല്‍), ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് , ഓക്‌സിജന്‍ സാച്ചുറേഷനിലുള്ള കുറവ്  (ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിങ്ങുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍  കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ ), നെഞ്ചില്‍ നീണ്ടു നില്‍ക്കുന്ന വേദന / മര്‍ദ്ദം,  ആശയക്കുഴപ്പം , എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന എന്നിവ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.
നിലവില്‍ ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികളും അവരെ പരിചരിക്കുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനുള്ളില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണ്.

കോവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ ഡോസ് ഇനിയും  എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. മരണനിരക്കും, രോഗാതുരതയും കുറയ്ക്കുന്നതില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെയധികം സഹായിക്കുമെന്നതിനാല്‍ കരുതല്‍ ഡോസ് ഉള്‍പ്പടെ  വാക്സിനേഷന്‍  എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്. കൂടാതെ കുട്ടികള്‍ക്കുള്ള വാക്സിനേഷനും യഥാസമയം നല്‍കി അവരെ സുരക്ഷിതരാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പഞ്ചിങ് : യോഗം ചേര്‍ന്നു
കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ പഞ്ചിങ്ങുമായി ബന്ധപ്പെട്ട യോഗം എ.ഡി. എം. എഫ്. റോയികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പഞ്ചിങ് ഉടന്‍ ആരംഭിക്കുമെന്നും ഓരോ വകുപ്പുകളും ഡാറ്റ എന്‍ട്രി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും എ ഡി എം അറിയിച്ചു .
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ഹുസൂര്‍ ശിരസ്തദാര്‍ ബി. പി. അനി, കെല്‍ട്രോണ്‍ എന്‍ജിനീയര്‍ അനൂപ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള    തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ക്ക് ഫോണ്‍  9496846522.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapottery.org  സന്ദര്‍ശിക്കുക.

ബോധവല്‍ക്കരണ ക്ലാസ്
ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഭക്ഷണശാലകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് ജൂണ്‍ ഒമ്പത് രാവിലെ ഒമ്പത് മണി  മുതല്‍ 12.30 വരെ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപമുള്ള കൊയിലോണ്‍ അത്ലറ്റിക് ക്ലബ്ബ് ഹാളില്‍ നടത്തും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ എല്ലാ ഹോട്ടല്‍ വ്യവസായ സംരംഭകരും ക്ലാസില്‍ പങ്കെടുക്കണമെന്ന്  ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.

അവലോകന യോഗം
‘ദി സിറ്റിസണ്‍’ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളുടെയും തുടര്‍ നടപടികളുടെയും അവലോകനത്തിനായി ജൂണ്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍  അറിയിച്ചു.

വനിതാ സംഘങ്ങള്‍ക്ക്  അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് സാഫ് വഴി തീരമൈത്രി പദ്ധതിപ്രകാരം സ്വയംതൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മത്സ്യമേഖലയിലെ വനിതാ  സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  20നും 50നും ഇടയില്‍ പ്രായമുള്ള  മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള രണ്ടുമുതല്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ക്ക് അപേക്ഷിക്കാം
പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍, മാറാ രോഗങ്ങള്‍ ബാധിച്ചവരുടെ  കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, വിധവകള്‍, തീര നൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍, 20 നും 40 നും  ഇടയില്‍ പ്രായമുള്ളവര്‍  എന്നിവര്‍ക്ക് മുന്‍ഗണന. ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വ്യക്തിഗത  ധനസഹായത്തിന് അര്‍ഹതയുണ്ട്.
സാഫില്‍ നിന്ന് ഒരുതവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം  ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച്  ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.
ഡ്രൈഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ്സ്റ്റാള്‍, ഫ്‌ലോര്‍മില്‍, ലോണ്‍ട്രി ആന്‍ഡ് ഡ്രൈ ക്ലീനിങ്, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ബോട്ടീക്ക്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍- ഡി.റ്റി.പി സെന്റര്‍,ഗാര്‍ഡന്‍ സെറ്റിംഗ്‌സ് ആന്‍ഡ് നഴ്‌സറി, ലാബ് ആന്‍ഡ്  മെഡിക്കല്‍ സ്റ്റോര്‍, പെറ്റ്‌സ് ഷോപ്പ്, ഫുഡ് പ്രോസസിങ് മുതലായ യൂണിറ്റുകള്‍ പദ്ധതി വഴി ആരംഭിക്കാം.
അപേക്ഷകള്‍ അതാത് മത്സ്യ ഭവനുകള്‍, സാഫ് നോഡല്‍ ഓഫീസ് ശക്തികുളങ്ങര, എന്നിവിടങ്ങളില്‍  ലഭിക്കും. അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ 9633076431, 8547783211, 9207019320 നമ്പരുകളില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന ജെ.എല്‍.ജി പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജോയിന്‍ ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ഫാമിലി റജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യക്കച്ചവടം, പീലിംഗ്, മീന്‍ ഉണക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പ് ആയി അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി ഇല്ല.
സാഫില്‍ നിന്ന് ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകള്‍ക്ക് അമ്പതിനായിരം രൂപ പലിശ രഹിത വായ്പയായി നല്‍കും. ഓരോ അംഗത്തിനും പതിനായിരം രൂപ വീതം ലഭിക്കും. അപേക്ഷകള്‍ അതാത് മത്സ്യഭവനുകള്‍, സാഫ് നോഡല്‍ ഓഫീസ്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  9633076431, 8547783211, 9207019320

മോണ്ടിസോറി  ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പരിധിയിലുള്ള  എസ്. ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെക്ഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സ്, രണ്ടുവര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സ്  എന്നീ  വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു /ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടുവര്‍ഷത്തെ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in    . ഓക്‌സ് ഫോര്‍ഡ് കിഡ്‌സ്- 8111937212(കൊല്ലം) 7356971881,  9744617772 (കരുനാഗപ്പള്ളി) ബാംബിനോ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്,  കൊട്ടാരക്കര- 9539649811

എം.ബി.എ അഡ്മിഷന്‍
സഹകരണ വകുപ്പിന്റെ  കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ പരിധിയില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും എ. ഐ. സി. ടി. ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ  പുന്നപ്രയിലെ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം.ബി.എ 2022- 24 ബാച്ചിലേക്ക് എസ്. സി/ എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  8590599431, 9847961842, 8301890068, 0477 2267602

അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ   ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്‌ളാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ് .സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും .
അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പടെ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ  [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. അവസാന തിയതി ജൂണ്‍ 20.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275

തെളിവെടുപ്പ് മാറ്റിവച്ചു
സംസ്ഥാനത്തെ കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനു ഇന്ന് ( ജൂണ്‍ 8) ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേരേണ്ടിയിരുന്ന  ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ്  യോഗം മാറ്റിവച്ചു

error: Content is protected !!