Input your search keywords and press Enter.

പത്തനംതിട്ട നഗരസഭാ പുതിയ ബസ് സ്റ്റാൻഡ് എസ്റ്റിമേറ്റിന് അനുമതിയായി

പത്തനംതിട്ട നഗരസഭാ പുതിയ ബസ് സ്റ്റാൻഡ് എസ്റ്റിമേറ്റിന് അനുമതിയായി

നഗരസഭാ വക ഹാജി സി മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് നവീകരണത്തിനായി എൻജിനീയറിങ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. ബസ് സ്റ്റാൻഡ് നവീകരണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. യാർഡ് ബലപ്പെടുത്തുന്നതിനായി തയാറാക്കിയ 2 കോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് കൗൺസിൽ യോഗം ഐക്യകണ്ഠേന അനുമതി നൽകിയത്.

തിരുവനന്തപുരം ഗവ എൻജിനീയറിങ് കോളേജ് നടത്തിയ മണ്ണുപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. മണ്ണ് പരിശോധനയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ യാർഡ് നിർമ്മാണത്തിനായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ശരിയായ നിലയിൽ യാർഡ് മണ്ണിട്ട് ഉറപ്പിക്കാൻ ഇതുമൂലം സാധിച്ചിരുന്നില്ല.

നിലവിലുള്ള യാർഡിൽ നിന്നും 4.5 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത ശേഷം പ്ലാസ്റ്റിക് മാലിന്യമടക്കം വേർതിരിച്ചുമാറ്റി വീണ്ടും 15 സെന്റിമീറ്റർ കനത്തിൽ മണ്ണ് ഫില്ലുചെയ്യണമെന്നാണ് എൻജിനീയറിങ് കോളേജിന്റെ നിർദ്ദേശം.

തുടർന്ന് മണ്ണ് ഇടിച്ചുറപ്പിച്ച ശേഷം ഫീൽഡ് ടെസ്റ്റ് നടത്തി 15 സെന്റിമീറ്റർ കനത്തിൽ ലെയറുകളായി യാർഡ് നിർമ്മാണം നടത്താനാണ് എസ്റ്റിമേറ്റ്. തുടർന്ന് ടോപ് ലെയർ നിർമ്മാണത്തിന് ശേഷം ലോഡ് ബെയറിങ് പരിശോധിച്ച ശേഷം കോൺക്രീറ്റോ ഇന്റർലോക്കോ ചെയ്യാനാണ് നിർദ്ദേശം.ബസ് സ്റ്റാൻഡിന്റെ കിഴക്കുവശത്തെ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ച് പാർക്കിങ്ങിനായി ഉപയോഗിക്കും. യാർഡ് ബലപ്പെടുത്തുന്നതോടൊപ്പം ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ മാറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും നഗരസഭാധ്യക്ഷൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.

 

നഗരസഭ സ്റ്റേഡിയം സ്പോർട്സ് ഇതര പ്രവർത്തനങ്ങൾക്കായി നൽകുന്ന വിഷയത്തിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. രാഷ്ട്രീയ പാർട്ടികളുടെ പൊതു യോഗങ്ങൾക്കായി സ്റ്റേഡിയം നൽകുന്നത്തിന് അനുകൂലമായ നിലപാടാണ് കൗൺസിൽ അംഗങ്ങൾ സ്വീകരിച്ചത്. എന്നാൽ സ്റ്റേഡിയത്തിന്റെ ട്രാക്കിന് കേടുപാടുകൾ ഉണ്ടാവാതെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന അഭിപ്രായമാണ് കൗൺസിലിൽ ഉണ്ടായത്. ഈ വിഷയം കൂടുതൽ പഠിക്കുന്നതിനായി കല-കായിക സ്റ്റാന്റിംഗ് കമ്മറ്റിയെ കൗൺസിൽ ചുമതലപ്പെടുത്തി.

error: Content is protected !!