കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് രാവിലെ കണ്ടത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നിർദേശം.
കനത്ത സുരക്ഷയ്ക്കിടെ കോട്ടയത്ത് രണ്ട് ഇടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. നാഗമ്പടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്‌റ്റഡിയിലാണ്. നേരത്തെ ബിജെപി പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ച പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രതിഷേധിച്ചു.
മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിൻറെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ് തന്നെ പൊതുജനത്തിൻറെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. ഇതിൻറെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നിർദേശം.
റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രതിപക്ഷത്തിൻറേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. പല കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം സംഘർഷത്തിലേക്കും നീണ്ടു.