പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : സി ബി ഐ പരാതിക്കാരുടെ മൊഴി എടുക്കുന്നു
കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപക സംഘടനയുടെ കൂട്ടായ്മയായ പി എഫ് ഡി എ യുടെ സമരത്തെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും പരാതിക്കാരായ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നു .
കേസ് ഏറ്റെടുത്തിട്ടും സി ബി ഐ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞിടെ പി എഫ് ഡി എ നേതൃത്വത്തില്‍ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു . ഇതേ തുടര്‍ന്നാണ് സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നത്
ഈ തിങ്കള്‍ മുതല്‍ മൊഴി എടുക്കും .അതിനായി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൌസില്‍ ഓഫീസ് തുറക്കും . പത്തനംതിട്ട ,കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ ആണ് ആദ്യ ഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തുന്നത് . പോലീസില്‍ പരാതി നല്കി എഫ് ഐ ആര് ഉള്ളവരെ ആണ് ആദ്യം മൊഴി രേഖപ്പെടുത്താന്‍ സി ബി ഐ വിളിക്കുന്നത് .
പത്തനംതിട്ട ജില്ലയിലെ മൊഴി രേഖപ്പെടുത്തുന്നത് സി ബി ഐയിലെ എ സി പി ഒ ഇന്‍ ചാര്‍ജ് പ്രവീണ്‍ ആണ് .ഇന്‍ ചാര്‍ജ് എസ് ഐ ഇഗ്നേഷ്യസ് , കൊല്ലത്ത് എസ് ഐ അജിത്തും മേല്‍ നോട്ടം വഹിക്കും
പോലീസില്‍ പരാതി കൊടുത്ത മുഴുവന്‍ നിക്ഷേപകരുടെയും മൊഴിയാണ് ആദ്യമായി രേഖപ്പെടുത്തുന്നത് . അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ രേഖകളുമായി സി ബി ഐ നിര്‍ദേശിക്കുന്ന സമയത്ത് എത്തിച്ചേരണം . നിക്ഷേപക തുകയ്ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കരുതണം . പോലീസില്‍ ഉന്നയിച്ച അതെമൊഴിയാകണം സി ബി ഐയ്ക്ക് മൊഴിയായി കൊടുക്കാന്‍ .
കേരളത്തിലും പുറത്തുമായി എണ്ണായിരത്തോളം പരാതികള്‍ ആണ് നിലവില്‍ ഉള്ളത് . ആദ്യ പരാതി കോന്നി പോലീസില്‍ ആണ് ലഭിച്ചത് .
കോന്നി വകയാര്‍ കേന്ദ്രമാക്കി ഉള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി 257 ശാഖകള്‍ നടത്തി വന്നിരുന്നു . ഇതിലൂടെ നിക്ഷേപകരുടെ രണ്ടായിരം കോടി രൂപ എങ്കിലും പലപ്പോഴായി വിദേശത്തേക്ക് കടത്തി എന്നാണ് നിലവില്‍ ഇ ഡി കണ്ടെത്തല്‍ . എല്ലാ ചട്ടങ്ങളും ലംഘിച്ചു കൊണ്ട് ആണ് സ്ഥാപനം ഏറെ നാളായി പ്രവര്‍ത്തിച്ചു വന്നത് .
നിക്ഷേപകര്‍ സംഘടിച്ചതോടെ ഉടമ റോയിയും ഭാര്യയും മക്കളും മുങ്ങി . രണ്ടു പെണ്മക്കളെ ഡല്‍ഹിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു .ഇവര്‍ വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള യാത്രയില്‍ ആണ് പിടിയിലായത് .മക്കള്‍ പിടിയിലായതോടെ ഒളിവില്‍ നിന്നും റോയിയും ഭാര്യയും പുറത്തു വന്നു പോലീസിനു കീഴടങ്ങി .മറ്റൊരു മകളെ നിലബൂര്‍ നിന്നും പിടികൂടി .
മക്കള്‍ക്ക് ജാമ്യം ലഭിച്ചു എങ്കിലും ഇ ഡിയുടെ കേസ്സിനെ തുടര്‍ന്ന് റോയി ജയില്‍ തന്നെ ആണ് . കോടികള്‍ ദുബായി വഴി ആസ്ട്രേലിയ ഉള്ള ഇടപാടിലേക്ക് കടത്തി എന്നാണു ഇ ഡി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് .
കേരളത്തിലും മറ്റു സംസ്ഥാനത്തും ഉള്ള ഭൂമി കെട്ടിടം എന്നിവ കണ്ടു കെട്ടി . 15 ആഡംബര വാഹനവും പിടിച്ചെടുത്തു . നിക്ഷേപകരുടെ നിരന്തര സമരം മൂലം ആണ് കേസ് സി ബി ഐ ഏറ്റെടുത്തത് .ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയത് .