Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

ഉദ്ഘാടനം ജൂണ്‍ 19ന്
വായനപക്ഷാചരണം : ജില്ലയില്‍ വിപുല പരിപാടികള്‍

‘വായിച്ച് വളരുക’ എന്ന മഹത്തായ സന്ദേശം പകര്‍ന്ന പി. എന്‍. പണിക്കരുടെ സ്മരണാര്‍ഥം ആചരിക്കുന്ന വായനപക്ഷാചരണത്തിന് ജില്ലയില്‍ വിപുല പരിപാടികള്‍.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി ജൂണ്‍ 19ന് രാവിലെ 11ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യും.
പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍  സെക്രട്ടറി എന്‍. ജയചന്ദ്രന്‍ അധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഡോ. പി. കെ. ഗോപന്‍ പി. എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, എഴുത്തുകാരി എം. ആര്‍. ജയഗീത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. എസ്. രശ്മി തുടങ്ങിയവര്‍ പങ്കെടുക്കും.
പക്ഷാചരണത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘വായന-പുസ്തകവും നവമാധ്യമങ്ങളും’ വിഷയത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മത്സരം, സ്‌കൂളുകളില്‍ വായനാമൂലകളുടെ ഉദ്ഘാടനം, കൊട്ടാരക്കര സബ്ജയിലില്‍ ലൈബ്രറിക്ക് തുടക്കം എന്നിവയുണ്ടാകും.

ആര്‍. ബീനാറാണി പുതിയ എ.ഡി.എം
ആര്‍. ബീനാറാണി എ.ഡി.എം ആയി ചുമതലയേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ടയില്‍ ഡെപ്യൂട്ടി കലക്ടര്‍, അടൂര്‍ ആര്‍.ഡി.ഒ ഏന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുവത്തൂര്‍ സ്വദേശിയാണ്.

അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണം ‘അപ്രോധ്’ ന് തുടക്കമായി
അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ബീച്ചില്‍ നടന്ന ക്യാമ്പയിന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ വിവിധ ഇടങ്ങളില്‍ പതിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സനല്‍ വെള്ളിമണ്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാനവാസ് എന്നിവര്‍ ബാലവേലവിരുദ്ധ സന്ദേശം നല്‍കി.

കെ-ടെറ്റ്; സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടത്തിയ കെ-ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഇതുവരെ ഹാജരാകാത്തവര്‍ക്ക് ഇന്നും (ജൂണ്‍ 14), 15,16 തീയതികളിലും (കാറ്റഗറി ഒന്ന്,രണ്ട്,മൂന്ന്,നാല്) കലക്‌ട്രേറ്റിലെ മൂന്നാം നിലയിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പരിശോധന നടത്തും.
പരീക്ഷാഭവന്‍ വെബ്‌സൈറ്റ് ജൂണ്‍ 19ന് ശേഷം ബ്ലോക്ക് ചെയ്യുമെന്നും അവസാന വര്‍ഷ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതിയാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളിലെ ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
പ്രായം :2022 ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന നിരക്കില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, ടി.സി, ജനന-നേറ്റിവിറ്റി-കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയംസാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം  www.iihtkannur.ac.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 12. ഫോണ്‍- 0497 2835390, 0497 2965390.

തപാല്‍ അദാലത്ത്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള അദാലത്ത് ജൂണ്‍ 29ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടത്തും. കസ്റ്റമര്‍കെയര്‍ ഡിവിഷണല്‍ തലത്തില്‍ ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമാണ് പരിഗണിക്കുക. പരാതികള്‍  [email protected] ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍25ന് മുന്‍പ് ഉഅഗ  DAK ADALAT QUARTER ENDING JUNE  2022 തലക്കെട്ടോടെ അയക്കണം. മൊബൈല്‍ നമ്പറും മേല്‍വിലാസവും ഉള്‍പ്പെടുത്തണം. ഫോണ്‍- 0474 2760463, 2740278.

വികസന സെമിനാര്‍
വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതിരൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബെച്ചി ബി. മലയില്‍ അദ്ധ്യക്ഷയായി.
വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഐ. വി. സുമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനോത്സവം
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചാത്തന്നൂര്‍ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ പ്രവേശനോത്സവവും ഉപദേശകസമിതി യോഗവും ജി.എസ് ജയലാല്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്  എന്‍. സദാനന്ദന്‍ പിള്ള അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തളാ ദേവി, അംഗങ്ങളായ നിര്‍മ്മലാ വര്‍ഗീസ്, എന്‍. ശര്‍മ്മ, സിനി അജയന്‍, ഗ്രാമപഞ്ചായത്ത് അംഗം ഒ. മഹേശ്വരി,പട്ടികജാതി വികസന ഓഫീസര്‍ ഡി. ഷാജി, ഹോസ്റ്റല്‍ വാര്‍ഡന്‍ കെ.രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിമുഖം ജൂണ്‍ 18ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് ജൂണ്‍ 18ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. പ്ലസ് ടു മിനിമം യോഗ്യത ഉള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0474 2740615, 8714835683.

മുട്ടക്കോഴികളുടെ വിതരണം
സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ വളര്‍ത്തിയ 46 മുതല്‍ 60 ദിവസം വരെ പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ഗ്രാമശ്രീ മുട്ടകോഴികളുടെ വിതരണം ജൂണ്‍ 15ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ കുളപ്പാടം-നല്ലില മൃഗാശുപത്രികളിലായി നടക്കും. കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ. മുന്‍കൂര്‍ ബുക്കിംഗിന് 7293778377.

ഭക്ഷ്യസുരക്ഷാവാരം: ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി
ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ടി.ബി സെന്റര്‍ ട്രെയിനിങ് ഹാളില്‍ നടത്തിയ മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ചേംബറില്‍ നിര്‍വഹിച്ചു. കടക്കല്‍ കുറ്റിക്കാട് സി.പി.എച്ച്. എസ്.എസിലെ വിദ്യാര്‍ത്ഥികളായ മീര എ. ആര്‍, ഗോകുല്‍കൃഷ്ണ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും മയ്യനാട് എച്ച്.എസ്.എസിലെ എം.എസ്.മുഹമ്മദ് സാജിദ്, നിധിന്‍ മനോജ് എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും കൊല്ലം എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഗീതു എസ്.അനില്‍, അഭിഗ്‌നഅജയ് എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അജി എസ.്, ഉദ്യോഗസ്ഥരായ സോമനാഥ് പള്ളിശ്ശേരി, സുജിത് പെരേര, അനില്‍കുമാര്‍, ജയപ്രകാശ്, ജഗദീഷ്ചന്ദ്രന്‍ തുടങ്ങയിവര്‍ പങ്കെടുത്തു.

ടെണ്ടര്‍ ക്ഷണിച്ചു
ഓച്ചിറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ തഴവ, കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികള്‍ക്ക് പാല്‍, കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 17 ഉച്ചക്ക് ഒരുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓച്ചിറ ഐ.സി.ഡി.എസ്. ഫോണ്‍ 0476 2698818, 8281999108

സ്വയംതൊഴില്‍ വായ്പ
പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ പഞ്ചായത്തുകളിലുള്ള ഒ.ബി.സി വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) പ്പെട്ട 18നും 55നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 300000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ആറുശതമാനം പലിശ നിരക്കിലും 10ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിലും 15 ലക്ഷം വരെ എട്ട് ശതമാനം പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുന്നത്.
ഗ്രാമപ്രദേശത്ത് 98000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് 120000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരമാവധി 20ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും പത്തനാപുരം ടൗണ്‍ ജുമാമസ്ജിദിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസിനെ സമീപിക്കാം. ഫോണ്‍ 0475 2963255, 7012998952

ഖാദി റിഡക്ഷന്‍ മേള
കര്‍ബലയിലെ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസില്‍ സ്റ്റോക്ക് ക്ലിയറന്‍സ് മേള ആരംഭിച്ചു. ജൂണ്‍ 25 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റിനു പുറമെ 20% മുതല്‍ 50% വരെ റിഡക്ഷന്‍ ലഭ്യമാണ്.

error: Content is protected !!