Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

 
വായനാപക്ഷാചരണം

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ‘വായനാ അവതരണ ‘ മത്സരം സംഘടിപ്പിക്കുന്നു

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സഹകരണത്തോടെ വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘വായന അവതരണ’  മത്സരം സംഘടിപ്പിക്കുന്നു. വായിച്ച് മനസില്‍ പതിഞ്ഞ ലേഖനങ്ങളോ, നോവലുകളോ സംബന്ധിച്ച് അഞ്ച്  മിനിറ്റില്‍ അധികരിക്കാത്ത വിധമുള്ള അവതരണമാണ് നടത്തേണ്ടത്. അവതരണത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ പാടുള്ളതല്ല. താത്പര്യമുള്ളവര്‍ക്ക്  ജൂണ്‍ 20 ന് രാവിലെ 11 മുതല്‍  തസ്രാക്ക്  ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ കോളേജ് ഐഡി, പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ  സഹിതം മത്സര സ്ഥലത്ത്  രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂണ്‍ 23 ന് ഉച്ചക്ക് 12.30 ന് ഭാരത് മാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍  മൃണ്‍മയി ജോഷി നിര്‍വഹിക്കും. സമ്മാനവിതരണത്തോടനുബന്ധിച്ച്  വിജയികളായവര്‍ സമ്മാനത്തിന് അര്‍ഹമായ വായനാ അവതരണം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505329

പേവിഷബാധ മുന്‍കരുതലും ലക്ഷണങ്ങളും

പേവിഷബാധയുളള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന  വൈറസ് രോഗമാണ് പേവിഷബാധ. 99% പേ വിഷബാധയും ഉണ്ടാകുന്നത് നായകള്‍ മുഖേനയാണ്. വളര്‍ത്ത് മൃഗങ്ങളായ പൂച്ച, പശു, ആട്  എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ്, പോലുള്ള വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം.

ലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍  മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.

മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ കടിക്കുകയോ ചെയ്താല്‍

മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90% വരെ കുറയ്ക്കും.

സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോ അയഡിന്‍ എന്നിവ ഉപയോഗിച്ച്  മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍ പൗഡറുകള്‍, പേസ്റ്റ് എന്നിവയൊന്നും മുറിവില്‍ പുരട്ടരുത്.

എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക.

മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ           കുത്തിവെയ്പ്പെടുക്കാന്‍ മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്ത് നില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം

വളര്‍ത്തു മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും  പ്രതിരോധ കുത്തിവെയ്പ്പെടുക്കണം

നായകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.

മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്.

മൃഗങ്ങള്‍ കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ   അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക.

മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക.

പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍  ഉടനെയും തുടര്‍ന്ന്  3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.

പേവിഷബാധയ്ക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുള്ള 14 കുത്തിവെയ്പ്പുകള്‍ക്കു പകരം ലളിതവും,   വേദനാരഹിതവും സൗജന്യവുമായ ചികിത്സ  സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

തെറ്റിധാരണകള്‍

മൃഗങ്ങള്‍  കടിച്ചാല്‍ മാത്രമേ പേവിഷബാധയുണ്ടാകൂ.

വളര്‍ത്തുനായ കടിച്ചാല്‍ പേവിഷബാധയുണ്ടാകില്ല.

എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടിയാല്‍ മതി.

കളിമണ്‍ ഉത്പന്ന നിര്‍മാണ പരിശീലനം  സമാപിച്ചു

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ  നേതൃത്വത്തില്‍  പരമ്പരാഗത മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി  സംഘടിപ്പിച്ച  കളിമണ്‍ ഉത്പന്ന നിര്‍മാണ പരിശീലനം സമാപിച്ചു. പെരിയ പോട്ടറി വര്‍ക്കേഴ്സ് കോട്ടേജ് ഇന്റസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി ഐ.ആര്‍.ടി.സിയില്‍ 15 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.   സമാപന സമ്മേളന ഉദ്ഘാടനം  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്  കലക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.   പരിപാടിയില്‍ ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടറും, ട്രെയിനിംഗ്  കോ-ഓര്‍ഡിനേറ്ററുമായ  ഡോ. എം. ലളിതാംബിക അധ്യക്ഷയായി.കാസര്‍കോട് ജില്ലാ സ്‌കില്‍ കോ – ഓര്‍ഡിനറ്റര്‍ എം.ജി നിധിന്‍, ജില്ലാ സ്‌കില്‍ കോ – ഓര്‍ഡിനേറ്റര്‍  ബി.എസ് സുജിത്ത്, പെരിയ പോട്ടറി സഹകരണ സംഘം പ്രസഡന്റ് ടി.വി മോഹനന്‍ ,  ഐ.ആര്‍.ടി സി രജിസ്ട്രാര്‍  മുരളീധരന്‍,  ഐ.ആര്‍.ടി. സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാമേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

അമൃതവര്‍ഷം -മഴക്കാലാനുബന്ധ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഭാരതീയ ചികിത്സാ വകുപ്പിന്റെ മഴക്കാലാനുബന്ധ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിയായ  അമൃത വര്‍ഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. എസ്. ഷിബു അധ്യക്ഷനായി. പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 102 ആയുര്‍വേദ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ ക്ലാസും പ്രതിരോധ ഔഷധങ്ങളുടെ വിതരണവും നടന്നു. യോഗത്തില്‍ ജില്ലാ എപ്പിഡെമിക് സെല്‍ കണ്‍വീനര്‍ ഡോ.പി.കെ കൃഷ്ണദാസ്, ഡോ.ഗീത റാണി, ഡോ. റോയ്, ബി. ഉണ്ണിത്താന്‍, മോഹന്‍ ഐസക്, ബാലന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ഗസ്റ്റ് അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവൃത്തിപരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ജൂണ്‍ 17 ) രാവിലെ 10.30 ന് കോളേജില്‍ കൂടി കാഴ്ചയ്ക്കായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 9847755404

വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ടീച്ചര്‍ ട്രെയിനിംഗ്, സോഫ്റ്റ് വെയര്‍ ആന്‍ഡ് ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, അക്കൗണ്ടിങ് ആന്‍ഡ് ടാലി, മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ലോജിസ്റ്റിക്സ്, ഫാഷന്‍ ആന്‍ഡ് ഇന്റീരിയര്‍ , റോബോട്ടിക്സ് , ഡ്രോണ്‍ ടെക്നോളജീസ് , മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍, നാലാം നില, ടെക്നോ പ്ലാസ, എന്‍.എച്ച് ബൈപാസ്, സരോവരം ഹോട്ടല്‍, വൊല്‍ക്സ് വാഗണ്‍ സമീപം, കണ്ണാടിക്കാട്, കുണ്ടന്നൂര്‍, കൊച്ചി.
ഫോണ്‍ : 7510832 813

 
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ഗവ. പ്രീ – എക്സാമിനേഷന്‍ പരിശീലന കേന്ദ്രത്തില്‍ പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മൂന്നു മാസമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ, ജാതി,വിദ്യാഭ്യാസ യോഗ്യത, ജനനതീയതി  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി കുഴല്‍മന്ദം ഗവ.പ്രീ – എക്സാമിനേഷന്‍ ട്രെനിങ് സെന്ററില്‍ നല്‍കണം. പരിശീലനാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷയുടെ മാതൃക, വിജ്ഞാപനത്തിന്റെ പകര്‍പ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍ -04922 273777

സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ -എക്സാമിനേഷന്‍ പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി പ്രിലിമിനറി പരീക്ഷകള്‍ക്കുള്ള സൗജന്യ പരീക്ഷാ പരിശീലനത്തിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമായിരിക്കണം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരിശീലനാര്‍ത്ഥികള്‍ ജൂണ്‍ 30 നകം ജാതി,വരുമാനം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കുഴല്‍മന്ദം ഗവ. പ്രീ – എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണം. അപേക്ഷയുടെ മാതൃക, വിജ്ഞാപനത്തിന്റെ പകര്‍പ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍ -04922 273777

ലേലം

മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ ഉണങ്ങിയ യൂക്കാലിപ്സ് മരം് ജൂണ്‍ 22 ന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ ലേലം ചെയ്യുമെന്ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാണ്ടന്റ് അറിയിച്ചു. ഫോണ്‍ -0491 2555191

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയിലേക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍  നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ്, ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍, അക്കൗണ്ടന്റായോ പി.ഡബ്ല്യു.ഡി, ഇറിഗേഷന്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട് വിലാസത്തില്‍ നല്‍കണം. ഫോണ്‍ -04923 2505448

ജപ്തി വസ്തുക്കള്‍ ലേലം ചെയ്യും

ഗ്ലോബല്‍ ഗ്രാനൈറ്റ്സ്, ഉളികുത്താംപാടം, തെക്കെപൊറ്റ കെ.എം മുനീറില്‍ നിന്നും ജപ്തി ചെയ്ത വസ്തുക്കള്‍ ജൂണ്‍ 23 ന് രാവിലെ 11 ന് പുതുക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.ഫോണ്‍- 8547614814

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം വിതരണം : ഡാറ്റാ എന്‍ട്രി നടത്തണം

സംസ്ഥാനത്തെ ഗവ, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിന്
സ്‌കൂള്‍ അധികൃതര്‍ക്കുള്ള  സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. അധികൃതര്‍ ജൂണ്‍ 30 നകം അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഫോണ്‍ -0491 2505663

പരിശീലനം സംഘടിപ്പിക്കുന്നു

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൂണ്‍ 21 ന് തെങ്ങ്,കവുങ്ങ്, വാഴ, നെല്ല് കൃഷികളിലെ വളപ്രയോഗ രീതിയെക്കുറിച്ച് പരിശീലനം  സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 6282937809,0466 2912008,0466 2212279 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

പരസ്യബോര്‍ഡ്-ബാനറുകള്‍ നീക്കം ചെയ്യണം

പെരുമാട്ടി  ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ഉള്‍പ്പടെ റോഡ് ഗതാഗതത്തിന് തടസ്സമായി കാഴ്ച മറക്കുന്ന തരത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഉടന്‍ നീക്കം ചെയ്യണമെന്ന് പെരുമാട്ടി  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്  പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമകള്‍ മുറിച്ച് മാറ്റണമെന്നും അല്ലാത്തപക്ഷം  ദുരന്ത നിവാരണ നിയമ പ്രകാരം  വ്യക്തികള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി  അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേനകള്‍ക്ക് നല്‍കാതെ  പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ 25000 രൂപ വരെ പിഴയോ, തടവോ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ലേലം

പാലക്കാട് പൊതുമരാമത്ത്  വകുപ്പ് റോഡ് സെക്ഷന്‍ പരിധിയിലുള്ള മേലാമുറി- പൂടൂര്‍- കോട്ടായി റോഡില്‍ കൊടുന്തിരപ്പുള്ളി ജി.എല്‍.പി സ്‌കൂളിന് സമീപത്തുള്ള മഴമരം, പാലക്കാട്- പൊന്നാനി റോഡില്‍ മങ്കര പഞ്ചായത്ത് ഓഫീസിനു സമീപം കണ്ണമ്പരിയാരം ജംങ്ഷനിലുള്ള വാകരത്തിന്റെ ശിഖിരം, മങ്കര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മഴ മരം എന്നിവ ജൂണ്‍ 22 ന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

പാലക്കാട് പൊതുമരാമത്ത്  വകുപ്പ് റോഡ് സെക്ഷന്‍  പരിധിയിലുള്ള പഴയ ദേശീയപാതയില്‍ യാക്കര തങ്കം ജംങ്ഷനില്‍ വലത് ഭാഗത്തുള്ള മഴ മരം, പാലക്കാട്, തത്തമംഗലം, പൊള്ളാച്ചി റോഡില്‍ തണ്ണിശ്ശേരി പെട്രോള്‍ പമ്പിന് പരിസരത്തുള്ള മെയ് ഫ്ളവര്‍ മരം, പുത്തൂര്‍ – കൊട്ടേക്കാട് റോഡില്‍ മുറിച്ചിട്ട വാക മരം എന്നിവ ജൂണ്‍ 23 ന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ്  കോണ്‍സ്റ്റബിള്‍ തസ്തിക (കാറ്റഗറി നമ്പര്‍ 008/2020)  റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദ് ചെയ്തതായി ജില്ലാ പി.എസ്. സി ഓഫീസര്‍ അറിയിച്ചു.

കരാര്‍ നിയമനം

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിലേക്ക് എച്ച്.എസ്.സി കെമിസ്ട്രി തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം,ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് സുപ്രണ്ട് അറിയിച്ചു.
ഫോണ്‍ -04923 222174, 9400006486

error: Content is protected !!