Input your search keywords and press Enter.

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത നല്‍കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍
ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത നല്‍കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിലുള്ള ന്യൂനതകളും പരിമിതികളും ശാശ്വതമായി പരിഹരിക്കുന്നതിനായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കെഎസ്ഇബി ലിമിറ്റഡ് ആവിഷ്‌കരിച്ചു വരികയാണ്. ഈ വര്‍ഷം 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് 100 മെഗാവാട്ട് സോളാര്‍ പാനലും സ്ഥാപിച്ചിട്ടുണ്ട്. 12 മാസം കൊണ്ട് 12400 കെവി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

മുന്നൂറു കോടി രൂപ ചിലവഴിച്ച് ജില്ലയിലെ വൈദ്യുത മേഖലയിലെ ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. 220 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതു വഴി ജില്ലയിലെ വൈദ്യുതി ലഭ്യത മെച്ചപ്പെടും. ജില്ലയിലെ എല്ലാ രംഗത്തും നിലനിന്നിരുന്ന പ്രശ്നങ്ങളെ കണ്ടെത്തി ദീര്‍ഘവീക്ഷണത്തോടെ പരിഹരിക്കുന്ന സര്‍ക്കാരാണിപ്പോഴുള്ളത്. സീതത്തോട്ടില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

 

സംസ്ഥാനത്തിന്റെ പ്രസരണമേഖലയുടെ ശാക്തീകരണത്തിനും സമഗ്രവികസനത്തിനുമുള്ള ട്രാന്‍സ്ഗ്രിഡ്-2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പദ്ധതിയാണ് ശബരിലൈന്‍ ആന്‍ഡ് സബ്സ്റ്റേഷന്‍ പാക്കേജ്. ട്രാന്‍സ്ഗ്രിഡിന്റെ രണ്ടാം ഘട്ട പദ്ധതികളില്‍ 244 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഏറ്റവും പ്രധാനമായ പദ്ധതിയാണ് ശബരി ലൈന്‍സ് ആന്‍ഡ് സബ്സ്റ്റേഷന്‍ പാക്കേജ്. ഈ പാക്കേജില്‍ ഉള്‍പ്പെടുന്നതും 43.21 കോടി രൂപയുടെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതുമായ പദ്ധതിയാണ് കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്‍.

 

പതിനെട്ട് മാസമാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുന്നതിന്റെ കാലാവധി. കൊല്‍ക്കത്ത ആസ്ഥാനമായ ടെക്നോ ഇലക്ട്രിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. പരിപാലന ചെലവ് ഗണ്യമായി കുറഞ്ഞതും തടസസാധ്യതകള്‍ തുലോം കുറവായതുമായ അത്യാധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന സബ്സ്റ്റേഷന്‍ ആയതിനാല്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലത്തിന്റെ ആവശ്യകത ഗണ്യമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്. നിലവിലെ പരമ്പരാഗത എയര്‍ ഇന്‍സുലേറ്റഡ് സബ്സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനാവശ്യമായ സ്ഥലത്തിന്റെ 40 ശതമാനം സ്ഥലം മാത്രമേ സബ്സ്റ്റേഷനുകള്‍ക്ക് ആവശ്യമായി വരുന്നുള്ളൂ.

 

കക്കാട് പുതിയതായി നിര്‍മിക്കുന്ന ഈ സബ്സ്റ്റേഷനില്‍ 100 എം.വി.എ. ശേഷിയുള്ള ഒരു ട്രാന്‍സ്ഫോര്‍മര്‍ ആണ് സ്ഥാപിക്കുക. സബ്സ്റ്റേഷനിലേക്ക് 220 കെവി ശബരിഗിരി – അമ്പലമുകള്‍ ലൈനില്‍ വാലുപാറ നിന്നും കക്കാട് വരെ 1.9 കിലോമീറ്റര്‍ 220 കെവിഡിസി – ലൈനും, പുതിയ കക്കാട് സബ്സ്റ്റേഷനും കക്കാട് പവര്‍ ഹൗസ് സബ്സ്റ്റേഷനും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റര്‍ 110 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കലും നിര്‍മാണ ഘട്ടത്തിലാണ്. ശബരിലൈന്‍ ആന്‍ഡ് സബ്സ്റ്റേഷന്‍ പാക്കേജ് കമ്മീഷന്‍ ചെയ്യുന്നതോടുകൂടി വാര്‍ഷിക പ്രസരണനഷ്ടം ഏകദേശം 194 ലക്ഷം യൂണിറ്റ് കുറയുകയും നാലു മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോല്‍പാദനനിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടം ഉണ്ടാകുന്നതുമാണ്.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.എസ്.ആര്‍. ആനന്ദ്, സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലജ അനില്‍, പഞ്ചായത്ത് അംഗങ്ങളായ വസന്ത ആനന്ദന്‍, റോസമ്മ കുഞ്ഞുമോന്‍, ശ്യാമള ഉദയഭാനു, സതി കുരുവിള, എല്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!