Input your search keywords and press Enter.

ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ജീവനൊടുക്കി; മകനും മരിച്ചു

 

ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു. കാറിൽ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. പേരൂർക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്

ദേശീയപാതയിൽ മാമം പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് സംഭവമുണ്ടായത്. എറണാകുളത്തുനിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കർ ലോറിയിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറ്റിയാണ് അപകടം.ലോറിയുമായി ഇടിച്ച കാർ പൂർണമായി തകർന്നു. യാത്രക്കാരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇരുവരെയും ഉടൻതന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കാറിനുള്ളിൽനിന്ന് പോലീസിനു ലഭിച്ചു.

പ്രകാശ് നെടുമങ്ങാട് കരുപ്പൂരിനു സമീപം മദർതെരേസ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് സ്‌കൂൾ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് പേരൂർക്കടയിലേയ്ക്ക് താമസം മാറിയത്.പ്രകാശിന്റെ ഭാര്യ ശിവകല ബഹ്റൈനിലാണ്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായാണ് സൂചന. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ശിവദേവ്.

ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെ കുറിച്ചള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്“അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്നും പ്രകാശ് മകളോടു പറയുന്നുണ്ട്. മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തന്നെയും മക്കളെയും ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

ഇക്കൂട്ടത്തിൽ അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പിൽ പറയുന്നുണ്ട്. ഇത് തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

error: Content is protected !!