പി.ആര്‍.ഡി.യുടെ വായനാ പക്ഷാചരണ പരിപാടിയില്‍ വായന അനുഭവങ്ങള്‍ പങ്കുവെച്ച് ജില്ലാ കലക്ടര്‍
കുട്ടിക്കാലം മുതല്‍ പുസ്തകങ്ങള്‍ യാത്രയില്‍ ഉള്‍പ്പടെ എന്നും കൂടെ കരുതുമെന്നും ഇന്ന് വായന പലപോഴും ഐ.പാഡിലാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഭാരത് മാതാ സ്‌കൂളില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.
സ്‌കൂള്‍ പഠന കാലം മുതല്‍ വായനശീലമുണ്ടായിരുന്നു. ഒഴിവ് സമയങ്ങള്‍ സ്‌കൂളിലും വീട്ടിലും വായനക്കായി മാറ്റി വെച്ചിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗ്രീക്ക് സാഹിത്യം വായിക്കുമായിരുന്നു. അത് ഗ്രീക്ക് സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കി. അന്ന് തുടങ്ങിയ വായനയാണ് ഇന്നും തുടരുന്നത്. കുട്ടിക്കാലം മുതലുള്ള വായന സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്‍പ്പടെ സഹായിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് പാസായി കേരള കേഡര്‍ ലഭിച്ചപ്പോള്‍ കേരളത്തിന്റെ സംസ്‌ക്കരവും ജീവിതവും കൂടുതലറിയാനും മനസിലാക്കാനും സഹായിച്ചത് മലയാള സാഹിത്യ കൃതികളാണ് . വായന പുതിയ സംസ്‌കാരത്തെകുറിച്ചും, ജീവിത രീതിയെ കുറിച്ചും അറിവ് തരുന്നതോടൊപ്പം ലോകം മുഴുവന്‍ യാത്രചെയ്യാനും വായനയിലൂടെ സാധിക്കും. ജീവിതത്തില്‍ വായന ഏറെ പ്രധാനപ്പെട്ടതാണ്. സോഷ്യല്‍ മീഡിയ വന്നതോടെ കുട്ടികള്‍ വായനയില്‍ നിന്ന് ചെറുതായി പിറകോട്ട് പോയി. വായിക്കാനുള്ള ക്ഷമയും ദൃഡമായ തീരുമാനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഇന്ത്യക്കാരില്‍ പൊതുവെ വായന കുറഞ്ഞുവരുന്നുണ്ട് അത് മാറണം ഇന്ന് പുസ്തകങ്ങള്‍ ലഭ്യമാവാന്‍ ധാരാളം സാധ്യതകള്‍ ഉണ്ട് അത് പ്രയോജനപെടുത്തണം. എല്ലാവരും കൂടുതല്‍ വായിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വായന ഒരു അനുഭൂതിയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ഡോ. പാര്‍വതി വാര്യര്‍
വായന ഒരു അനുഭൂതിയാണെന്നും അറിവ് ഉണ്ടാക്കുന്നതിനേക്കാള്‍ ഉപരി വായന ഒരു മെമ്മറി ട്രെയ്‌നിങ്ങാണെന്നും ഭാഷ വികസിക്കുന്നതോടൊപ്പം ഒരു സംസ്‌കാരവും വായന ഉണ്ടാക്കി തരുമെന്നും മേഴ്‌സി കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രൊഫ. ഡോ. പാര്‍വതി വാര്യര്‍ പറഞ്ഞു. വായനാ പക്ഷാചരണ പരിപാടിയില്‍ ‘കുട്ടികളും വായനാശീലവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി വാര്യര്‍.
വായനയിലൂടെ മറ്റുള്ളവരുടെ അനുഭവങ്ങള്‍ നമുക്ക് ലഭിക്കും. വായന കൂടുതല്‍ സന്തോഷം നല്‍കും. ദിവസവും ഉറങ്ങുന്നതിന് മുന്‍പ് 20 പേജെങ്കിലും കുട്ടികള്‍ വായിക്കണം പത്രവായനക്കപ്പുറം ക്ലാസിക് നോവലുകളും സാഹിത്യങ്ങളും കുട്ടികള്‍ പരിചയപെടണം വായിക്കണം. വായനയുടെ ലോകത്തെ കൂടുതല്‍ വിശാലമാക്കണമെന്നും പാര്‍വതി വാര്യര്‍ പറഞ്ഞു.
മുതിര്‍ന്ന സാക്ഷരതാ പഠിതാക്കള്‍ക്ക് ആദരം
വായനപക്ഷാചരണ പരിപാടിയില്‍ ജില്ലയിലെ മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളായ ദേവിയമ്മ, ലക്ഷ്മിയമ്മ എന്നിവരെ ആദരിച്ചു. വാര്‍ദ്ധക്യ കാലത്ത് വീടുകളില്‍ ഒതുങ്ങിക്കൂടാതെ അക്ഷരവേദിയില്‍ തിളങ്ങുകയാണ് ഇരുവരും. 65 വയസുകാരിയായ ദേവിയമ്മ 2008 ലാണ് സാക്ഷരതാ പരീക്ഷയെഴുതി വിദ്യാഭ്യാസ മേഖലയിലേക്കെത്തുന്നത്. 2010 ല്‍ നാലാം തരം തുല്യതാ പരീക്ഷയെഴുതിയ ദേവിയമ്മ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2012 ല്‍ ദേവിയമ്മ ഏഴാം തരം തുല്യതാ പരീക്ഷയുമെഴുതി മികച്ച വിജയം നേടി. കണ്ണാടി ഗ്രാമപഞ്ചായത്തിലെ കൂത്തുപറമ്പിലെ സ്വദേശിനിയായ സാധാരണ കര്‍ഷകതൊഴിലാളി കുടുംബാംഗമായ ദേവിയമ്മ ഇതിനോടകം സ്വന്തമായി നിരവധി കവിതകളും എഴുതിയിട്ടുണ്ട്. കല്ലേപ്പുള്ളിയിലെ തെക്കുമുറി സ്വദേശിനിയായ 72 വയസ്സുള്ള ലക്ഷ്മിയമ്മയാണ് മറ്റൊരു മുതിര്‍ന്ന സാക്ഷരതാ പഠിതാവ്. പ്രായത്തെ വകവെയ്ക്കാതെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ ലക്ഷ്മിയമ്മ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നടന്നു നീങ്ങുന്നത്. സാക്ഷരതാ പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മിയമ്മ നാലാം തരം തുല്യതാ പരീക്ഷ വിജയിച്ചു. നിലവില്‍ ഏഴാം തരം തുല്യതാപരീക്ഷ എഴുതുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
വായനാ അവതരണ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായനാ അവതരണ മത്സര വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഒന്നാം സ്ഥാനം കെ. രഞ്ജിത്ത്( ഐസി എം.എ. ഐ സ്റ്റഡി സെന്റര്‍), രണ്ടാം സ്ഥാനം പി. രസിത( എന്‍.എസ്.എസ്. ടെയിനിങ്ങ് കോളേജ് ), മൂന്നാം സ്ഥാനവും വിഷ്ണു പ്രിയ ( വി.ടി.ബി കോളേജ്) കരസ്ഥമാക്കി.
സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ ‘വായിച്ചു വളരണം’ എന്ന ആശയത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.മാന്നാര്‍ ജി രാധാകൃഷ്ണന്‍ വായനാ സന്ദേശം നല്‍കി. പി.എന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭാരത് മാതാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടന്നു.
ഒന്നാം സ്ഥാനം മഹിത്ത് കൃഷ്ണ, രണ്ടാം സ്ഥാനം ജയരാജ്, മൂന്നാം സ്ഥാനം മുഹമ്മദ് താഹിം എന്നിവര്‍ കരസ്ഥമാക്കി. ഹരിയാനയില്‍ വെച്ചുനടന്ന ഖേലോ ഇന്ത്യ മത്സരത്തില്‍ കളരിയില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഭാരത് മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥി അതുല്‍ രാജിനും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പരിപാടിയില്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍, ഭാരത് മാതാ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവറന്റ് ഫാദര്‍ ഫിലിപ്‌സ് പനയ്ക്കല്‍, ഫാദര്‍ ജെയ്‌സണ്‍ വേലൂക്കാരന്‍, ഫാദര്‍ റൂപര്‍ട്ട് പാണിക്കുളം, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ജൂണ്‍ 22 വരെ 7191.11 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 58.89 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 108.47(274), തമിഴ്‌നാട് ഷോളയാര്‍ 2523.13(5392), കേരള ഷോളയാര്‍ 409.10(5420), പറമ്പിക്കുളം 11955.25(17820), തൂണക്കടവ് 360.53(557), പെരുവാരിപ്പള്ളം 374.20(620), തിരുമൂര്‍ത്തി 819.78(1935), ആളിയാര്‍ 1999.21(3864)
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലേക്ക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ വിലാസത്തിലോ 8036802304 ലോ ബന്ധപ്പെടണം.
മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ ജൂണ്‍ 30 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. പരിശീലനത്തിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :0491 2815454, 9188522713
ജനുവരി ഒന്ന് 2000 മുതല്‍ മാര്‍ച്ച് 31, 2022 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ജൂണ്‍ 30 വരെ അവസരം നല്‍കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
കേരള സംഗീത നാടക അക്കാദമി കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട വിവിധ മേഖലയിലെ കലാകാരന്മാര്‍ക്കുള്ള ധനസഹായത്തിന് അര്‍ഹരായ 72 കലാകാരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം കലാകാരന്മാരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. 25 ഓട്ടന്‍തുള്ളല്‍ കലാകാരന്മാര്‍, കഥാപ്രസംഗം കലാകാരന്മാരും 22 ചാക്യാര്‍കൂത്ത് കലാകാരന്മാരുമാണ് ധനസഹായത്തിന് അര്‍ഹരായത്. കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനസഹായത്തിന് അര്‍ഹരായ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് കലാകാരന്മാരെ തിരഞ്ഞെടുത്തത്. പ്രൊഫ. വി. ഹര്‍ഷകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ ജൂറി ധനസഹായത്തിന് അര്‍ഹരായ കഥാപ്രസംഗ കലാകാരന്മാരെ തിരഞ്ഞെടുത്തത്. ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക www.
സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 10 ന് ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ : 9447301306