Input your search keywords and press Enter.

കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇടയാറന്‍മുള

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ ജില്ലാ തലത്തില്‍ ഇടയാറന്‍മുള എ. എം. എം ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഒന്നാം സമ്മാനം. പ്രമാടം, നേതാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചുമത്ര, ഗവ. യു.പി.എസ്. എന്നീ സ്‌കൂളുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. 15000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ’സ്‌കൂള്‍ വിക്കി’ സജ്ജമാക്കിയിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും. ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 22 വിദ്യാലയങ്ങള്‍ക്കും കൈറ്റ് പ്രശംസാപത്രം നല്‍കും.
ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. സ്‌കൂളുകളുടെ പട്ടിക www.schoolwiki.in പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ : 9447907657
ജില്ലാ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്‌കൂളുകളുടെ ലിങ്കുകള്‍. ഒന്നാം സമ്മാനം-www.schoolwiki.in/37001, രണ്ടാം സമ്മാനം- www.schoolwiki.in/38062, മൂന്നാം സമ്മാനം –www.schoolwiki.in/37259

 

സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു

*എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ഒന്നര ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

സംസ്ഥാനത്തെ സ്‌കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്‌കൂളിന് കൈറ്റ് നൽകുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ലഭിച്ചു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ ജി.എൽ.പി.എസ് ഒളകരയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. കരിപ്പൂരിനും ലഭിച്ചു. ഒന്നാം സമ്മാനാർഹർക്ക് 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ വീതവും നൽകും.  ജില്ലാതലത്തിൽ സമ്മാനാർഹരായവർക്കു യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം കാഷ് അവാർഡ് നൽകും. ഇതിനു പുറമെ അവാർഡ് ജേതാക്കൾക്ക് ട്രോഫിയും പ്രശംസാ പത്രവും നൽകും. ജൂലൈ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.

ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനും വിക്കി അഡ്മിൻ രഞ്ജിത് എസ് കൺവീനറുമായ സമിതി അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാ തലത്തിൽ മത്സരിച്ച 1739 സ്‌കൂളുകളിൽ നിന്ന് ക്ലസ്റ്റർ തലത്തിൽ 346 സ്‌കൂളുകളും ഇവയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതിൽ നിന്നാണ് അവാർഡുകൾ നൽകിയത്. സംസ്ഥാന-ജില്ല അവാർഡ് ജേതാക്കളായ 45 സ്‌കൂളുകൾക്ക് പുറമെ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ച 301 സ്‌കൂളുകൾക്കും കൈറ്റ് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകും.

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് സജ്ജമാക്കിയ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന 6.14 ലക്ഷം താളുകളുള്ള ‘സ്‌കൂൾ വിക്കി’ പോർട്ടൽ (www.schoolwiki.in)  ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. അന്താരാഷ്ട്ര തലത്തിൽ 2010-ലെ സ്റ്റോക്‌ഹോം ചലഞ്ച് അവാർഡ് മുതൽ 2020ലെ ടെക്‌നോളജി സഭ അവാർഡ് വരെ നിരവധി ബഹുമതികൾ ലഭിച്ച സ്‌കൂൾവിക്കിയിൽ സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ കലോൽസവ രചനകൾ, സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ, അക്ഷരവൃക്ഷം രചനകൾ, തിരികെ വിദ്യാലയത്തിലേക്ക് ചിത്രങ്ങൾ തുടങ്ങിവയും ലഭ്യമാണ്.

സ്‌കൂൾ വിക്കി നടപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കൈറ്റിന്റെ മലപ്പുറം കോർഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷിന്റെ പേരിലാണ് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം നൽകുന്നത്. സംസ്ഥാന അവാർഡിൽ ആദ്യ രണ്ട് സ്ഥാനവും ഇത്തവണ പ്രൈമറി വിദ്യാലയങ്ങൾക്കാണ്. അവാർഡ് നേടിയ സ്‌കൂളുകളുടെ പട്ടിക www.schoolwiki.in ൽ ലഭ്യമാണ്.

error: Content is protected !!