എലിപ്പനി പ്രതിരോധ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കമായി
മഴക്കാലരോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ എലിപ്പനി പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ കുലുക്കുറില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി തൊഴിലുറപ്പുകാര്‍ക്ക് പ്രതിരോധ ഗുളിക കൈമാറി ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക, മലിനജലം കെട്ടി കിടക്കുന്നത് ഒഴിവാക്കുക, മൃഗ പരിപാലനത്തിന് ശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് ശുദ്ധ ജലത്തില്‍ കഴുകുക, മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക, രോഗസാധ്യത കൂടുതലുള്ള മേഖലകളില്‍ പണിയെടുക്കുന്നവര്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമായ പ്രതിരോധ മരുന്നുകള്‍ മുന്‍കൂട്ടി സ്വീകരിക്കുക, വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിച്ച് രോഗത്തെ ഇല്ലാതാക്കാം എന്ന ബോധവത്ക്കരമാണ് ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്നത്. വരും ദിവസങ്ങളില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്, കന്നുകാലി തൊഴിലാളികള്‍ എന്നിവര്‍ക്കും ഗുളികകള്‍ വിതരണം ചെയ്യും. പരമാവധി ആളുകള്‍ക്കിടയില്‍ നേരിട്ടെത്തി ഗുളികകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. കാളിസ്വാമി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.ലാലു, എസ്. രവി, ബ്ലോക്ക് അക്രഡിക്റ്റ് എന്‍ജിനീയര്‍ (എന്‍.ആര്‍.ഇ.ജി.എസ്) വിഘ്നേഷ്, സൂപ്പര്‍വൈസര്‍ രാജ്കമല്‍, ഗായത്രി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ആലത്തൂര്‍ ബ്ലോക്കില്‍ സംഘടിപ്പിച്ച ആരോഗ്യമേള ശ്രദ്ധേയമായി. എക്സൈസ്, ഫയര്‍ ആര്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, കുടുംബശ്രീ, ഐ.സി.ഡി.എസ്, യോഗ, ആരോഗ്യ വകുപ്പിലെ വിവിധ പദ്ധതികള്‍, ഹോമിയോ വകുപ്പിന്റെ സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിച്ചു. വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തി. ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, വിമുക്തി ബോധവത്കരണം, ആലത്തൂര്‍ ക്രസന്റ് ആശുപത്രി കോളേജ് ഓഫ് നഴ്സിംഗ് സ്റ്റാഫ് സേവനം, നേത്രവിഭാഗം, ദന്ത വിഭാഗം ഡോക്ടര്‍മാരുടെ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇതോടൊപ്പം പാലിയേറ്റിവ് രോഗികളുടെ ഉത്പന്നങ്ങള്‍ അടങ്ങിയ വിപണന കേന്ദ്രം, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കിയോസ്‌കി പ്രദര്‍ശനം, വിവിധ സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം, കുനിശ്ശേരി ഏകലവ്യ കളരി സ്‌കൂള്‍ കുട്ടികളുടെ കളരിപ്പയറ്റ്, മാജിക് ഷോ, നാടന്‍പാട്ട് എന്നിവയും നടന്നു.
മേളയോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ചിത്രരചന, ക്വിസ് മത്സരം, സൈക്കിള്‍ റാലി, കൂട്ടയോട്ടം എന്നിവയും സംഘടിപ്പിച്ചു. ആരോഗ്യ മേളയുടെ ഭാഗമായി ആലത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാംരംഭിച്ച വിളംബര ജാഥയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, ആശ – അങ്കണവാടി – കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലത്തൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ആരോഗ്യ മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, എന്‍.എച്ച്.എം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ ഗിരിന്ദര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷൈനി, പ്രേംകുമാര്‍, സുമതി ടീച്ചര്‍, രമണി ടീച്ചര്‍, ഹസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ വി.വി കുട്ടികൃഷ്ണന്‍, എസ്. അലീമ, ജോയിന്റ് ബി.ഡി.ഒ സന്തോഷ്, പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മൊയ്തീന്‍ കുട്ടി, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ജൂലൈ 16 ന് പാലക്കാട് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. യാത്രയും താമസവും ഉള്‍പ്പടെ 1150 രൂപയാണ് പാക്കേജ്. കൂടുതല്‍ വിവരങ്ങള്‍ 9947086128 നമ്പറില്‍ വാട്ട്സ് ആപ്പില്‍ സന്ദേശം അയക്കുകയും നേരിട്ട് വിളിക്കുകയും ചെയ്യാം. നെല്ലിയാമ്പതിയിലേയ്ക്ക് എല്ലാ ശനി, ഞായര്‍, ദിവസങ്ങളിലും ഏകദിന യാത്ര തുടരുന്നു. ഭക്ഷണം ഉള്‍പ്പടെ 600 രൂപയാണ് പാക്കേജ്. 35 പേരില്‍ കുറയാത്ത സംഘങ്ങള്‍ യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് ആവശ്യപ്പെട്ടാല്‍ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലേക്ക് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ജൂണ്‍ 30 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍ – 0471 2325101, 8281114464
മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്സ്, ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815066
സര്‍സദ് ആദര്‍ശ് ഗ്രാമയോജന(എസ്.എ.ജി.വൈ) ഫേസ് 2 പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ പുരോഗതി അവലോകനം കുത്തനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെന്റ് പ്ലാന്റ് രൂപീകരണം സംബന്ധിച്ച യോഗം ജൂണ്‍ 30 ന് രാവിലെ 11 ന് രമ്യഹരിദാസ് എം.പി യുടെ നേതൃത്വത്തില്‍ ദാരിദ്ര ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
നാട്ടുകല്‍ പാലോട് – ചെത്തല്ലൂര്‍ – മുറിയന്‍ കണ്ണി റോഡില്‍ കുരിമുക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലൈ 30 മുതല്‍ പ്രവര്‍ത്തി കഴിയും വരെ വാഹനങ്ങള്‍ നാട്ടുക്കല്‍- പാലോട് – ചാമപറമ്പ് – മുറിയന്‍ കണ്ണി വഴി പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.